Friday, September 9, 2016

"നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ ഏതൊരാൾക്കും അയാളുടെ പരിമിതികളെ
അതിജീവിക്കാനാകും ...."
മഹാബലി നൽകുന്ന ചിരകാല പ്രസക്തിയുള്ള പാഠം ..

ഒരസുരൻ തന്റെ മനോഗുണം കൊണ്ട് ഈരേഴു ലോകവും ആദരിക്കുന്ന
തരത്തിൽ നന്മയുടെ പ്രതീകമായി മാറുക..ത്രിമൂർത്തികളുടെയും ദേവന്മാരുടെയും
 മുന്നിൽ സത്യത്തിന്റെയും ധര്മത്തിന്റെയും പ്രതിബിംബമായി തിളങ്ങുക ...

നിഗ്രഹിക്കാൻ വന്നവൻ അനുഗ്രഹിച്ചു പോകുന്ന വ്യക്തിത്വമായിരുന്നു
മഹാബലിയുടേത് ...
പ്രതിപക്ഷ ബഹുമാനം പിടിച്ചു പറ്റാൻ  കഴിഞ്ഞ വേറിട്ട വ്യക്തിത്വത്തെ ..
ഓണക്കാലത്ത് കോലം കെട്ടിച്ചു അവഹേളന കഥാപാത്രമാക്കി ചിത്രീകരിക്കുമ്പോൾ
ഭൂമി മലയാളത്തിന്റെ പൈതൃകത്തെയാണ് അവഹേളിക്കുന്നത് എന്ന കാര്യം നാം വിസ്മരിച്ചു പോകുന്നു കാലഘട്ടത്തിന്റെ രുചിഭേദങ്ങളിലുണ്ടായ ജീർണത തന്നെയാണ് ഇതിനു കാരണം...
മഹാബലിയുടെ മഹത്വത്തെ നിസ്സാരവൽക്കരിക്കാതിരിക്കാൻ ശ്രമിക്കുക ..
ഓണം നിറങ്ങളുടെ ഉത്സവമാണ് ..താളമേളങ്ങളുടെയും ഉത്സവമാണ്...
ഓണം അങ്ങനെ തന്നെ ആഘോഷിക്കുക ...

Saturday, July 23, 2016

.....നെടുവീർപ്പുകൾ ....




പുഴയിൽ കുളിച്ചുതൊഴുതു സന്ധ്യ
നിലാവിൻ വിളക്കു വച്ച് മടങ്ങി
മുറിഞ്ഞ പകലിന്റെ കിനാവുകൾ
ഇരുളിന്നിടനാഴിയിൻ തനിച്ചായി

ശൂന്യത തനിയാവർത്തനം ചെയ്യുമ്പോൾ
വിറപൂണ്ടു നിൽക്കും അക്ഷരങ്ങൾ
എഴുതി മുഴുമിക്കാത്ത കവിതയായ്
കടൽച്ചിപ്പിയിൽ നിശ്ചലം ഉറങ്ങുന്നു

മാറോടണച്ച സ്വപ്നങ്ങളെല്ലാം
മൂകബിംബങ്ങൾ പോൽ തകർന്നുടഞ്ഞു
ഏകാന്തതയുടെ വഴിയമ്പലങ്ങളെ ....
നുറുങ്ങിയ ഹൃത്തിൻ നൊമ്പരങ്ങളെ
വെറുതെ വിട്ടേക്കുക ...

ഗിരിജ ദാമോദരൻ

Thursday, June 4, 2015





"സ്വച്ഛവും ശുദ്ധവുമായ കാറ്റ് ..
പുഞ്ചിരിക്കുന്ന പൂക്കളും
പാറി നടക്കുന്ന പൂമ്പാറ്റകളും ...
തെളിനീരുറവകളും ..അതിൽ
മുഖം നോക്കുന്ന പക്ഷിക്കൂട്ടങ്ങളും ..
നേർത്ത തണുപ്പ്..."..ഇതൊക്കെ ഭൂമിയുടെ മാത്രമല്ല നമ്മുടെയും
കൈമോശം വരാത്ത സ്വപ്നമാണ് ...
മനസ്സ് വച്ചാൽ യാഥാർധ്യമാവുന്ന
സ്വപനം .
നീറുന്ന നിളയും  കരയുന്ന തീരവും ...
ഇലപ്പച്ച നിറമുള്ള  ഭൂമിയെ സ്വപ്നം കാണുന്നു ...
ആ സ്വപ്നത്തിനു വേര് പടർത്തുക ...
കാലം നമ്മളോട് ആവശ്യപ്പെടുന്നത് അതാണ്‌....
തിരിച്ചെടുക്കേണ്ട തണലിനു വേണ്ടി ...
നമുക്കും നടാം ഒരു വൃക്ഷം ...
ഇന്ന്‌ ലോക പരിസ്ഥിതി ദിനം!!! 

Thursday, May 28, 2015

mizhineer...: :...ആ യാത്രയിൽ.....ദീപ്താനുഭവങ്ങളുടെഅങ്ങേ അറ്റ...

mizhineer...: :...ആ യാത്രയിൽ.....



ദീപ്താനുഭവങ്ങളുടെഅങ്ങേ അറ്റ...
: :... ആ യാത്രയിൽ ..... ദീപ്താനുഭവങ്ങളുടെ അങ്ങേ അറ്റത്തേക്ക് ആത്മാവ് തൊട്ടുണർത്തുന്ന തൂവൽസ്പർശംപോലെ .... ചിലപ്പോൾ താരാട്...
:... യാത്രയിൽ.....




ദീപ്താനുഭവങ്ങളുടെ അങ്ങേ അറ്റത്തേക്ക് ആത്മാവ്
തൊട്ടുണർത്തുന്ന തൂവൽസ്പർശംപോലെ ....ചിലപ്പോൾ താരാട്ടായും
മറ്റു ചിലപ്പോൾ വറ്റാനരുതാത്ത ഇഷ്ടങ്ങളായും മേയുന്ന ചില സുന്ദര നിമിഷങ്ങൾ...

ശനിയാഴ്ച വൈകുന്നേരത്തെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് ..അവൾ ..
കൃഷ്ണജയെ പരിചയപ്പെടുന്നത്.
".ഞാൻ ഇരുന്നോട്ടെ ഇവിടെ.?"
"ഇരുന്നോളൂ ..." രണ്ടു പേർക്കുള്ള സീറ്റ്ആണ്...തനിക്കും ഇരിക്കാമല്ലോ..
ഞാൻ കൃഷ്ണജ ...നിങ്ങളുടെ ഓഫീസിൽ പുതുതായി എത്തിയതാ....
ഞാൻ കണ്ടിരുന്നു ...എനിക്കും വഴി ഒരിടത്ത്  പോകേണ്ടതുണ്ട്...
അതാ ഓടിപ്പിടിച്ച് ബസിൽ കയറിയത്....കൃഷ്ണജ  പറഞ്ഞു കൊണ്ടേയിരുന്നു ..
സങ്കോചമില്ലാതെയുള്ള  അവളുടെ സംസാരം മനു കൌതുകപൂർവ്വംകേട്ടിരുന്നു ..

"എനിക്ക് ഇവിടെയാണ്ഇറങ്ങേണ്ടത് ...വീട് അടുത്താണ് ..വരുന്നോ?...ഒന്ന് കയറിയിട്ട്
പോകാം .." മനു ക്ഷണിച്ചു.....
"വരും...ഒരിക്കൽ..ഇപ്പോഴല്ല...നമുക്ക് കാണാം.."കൃഷ്ണജയുടെ കണ്ണിൽ തിളക്കം

"ആയിക്കോട്ടെ...നമുക്ക് ഓഫീസിൽ കാണാം .." യാത്ര പറഞ്ഞു മനു ഇറങ്ങി...

സത്യമാണ് ...അവൾ പറഞ്ഞത് ..
ഓഫീസിൽ പുതുതായി എത്തിയതാണ് കൃഷ്ണജ...ഏവരെയും  തന്നിലേക്കടുപ്പിക്കുന്ന ഏതോ മാസ്മരികത ...
പറഞ്ഞറിയിക്കാനാവാത്ത ഒരു അലൌകിക ശക്തി ..എന്തൊക്കെയോ അവളിലുണ്ട് ...ഓഫീസിലെ ഓമനയാവാൻ
അധികദിവസം വേണ്ടി വന്നില്ല....ബസിലെ പരിചയം ..ഒപ്പമുള്ള കുറെ ദൂരം .. മനുവിനോടവൾ വേഗം അടുത്തു..
മനസ്സ് കണക്കു കൂട്ടുന്നിടത്തൊക്കെ കൃഷ്ണജയും ...

കൃഷ്ണജ ....ആത്മാവ്തൊട്ടുണർത്തുന്ന  തൂവൽസ്പർശം ,,,അതാണവൾ..
ഊഷ്മ ളമായ ഒരനുഭൂതിയാണ് അവളുടെ സാമീപ്യം നമ്മിലുണർത്തുക ...
കേവലമായ ഒരടുപ്പത്തിന്റെ തിരുശേഷിപ്പായല്ല ...സങ്കീർണമായ ജീവിത യാഥാർത്യങ്ങളുടെ
മൃദുഭാവം നൽകുന്ന ആത്മബന്ധമാണ് അവളിൽ തോന്നിയിട്ടുള്ളത് ...
വറ്റാനരുതാത്ത ഇഷ്ടങ്ങളായി അവൾക്കു ചുറ്റും മേഞ്ഞു നടക്കാൻ മനസ്സിഷ്ടപ്പെടുന്നപോലെ ...
അലോസരങ്ങൾക്കിടയിലും സ്നേഹത്തിന്റെ കണ്ണാടി വെട്ടം മുഖത്ത് തെളിഞ്ഞു നില്ക്കും ..
കണ്ണുകൾക്ക് അമൃത്  പോലെ ...

ഒരിക്കൽ ...എന്തോ ആലോചിച്ചു കണ്ണടച്ച് ഇരിക്കുന്ന മനുവിനോട്.....
"എന്താ ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നെ?"..
"ഞാൻ ഒരു യാത്രയെ കുറിച്ച് ആലോചിക്കുവാ"...
"എവിടെയ്ക്കാ?"...കൃഷ്ണജയുടെ കണ്ണുകളിൽ ഉദ്വേഗത്തിന്റെ തിളക്കം ...
"തീരുമാനിച്ചിട്ടില്ല....കുറച്ചു ദിവസം ഇവിടെ നിന്നും ഒന്ന്  മാറി നില്ക്കണം "
"എന്താ ഇപ്പോൾ ഇങ്ങനൊരു തോന്നൽ"
"ചുമ്മാ....ജസ്റ്റ് ഫോർ ചേഞ്ച് .... മഞ്ഞുകാലത്ത്.....പ്രകൃതിയിലെക്കൊരു തീർഥയാത്ര ..
അറിഞ്ഞിടാത്ത വഴികളിലൂടെ ..."
"ഞാനും കൂടട്ടെ മനു....."
ശരിക്കും ഒറ്റയ്ക്ക് പോകാനാണ് മനസ്സ് തീരുമാനിച്ചത് .."അപ്പോഴാണ്   ഞാനും  പോന്നോട്ടെ" എന്ന്
അവളുടെ ചോദ്യം....എന്നാൽ അങ്ങനെ ആയിക്കോട്ടെ എന്ന് വിചാരിച്ചു...
"വന്നോളു..".ഒരേ പോലെ ചിന്തിക്കുന്ന മനസ്സുകൾ ഒപ്പമുണ്ടാകുന്നത് നല്ലതാണ് എന്ന് മനുവിനും തോന്നി ...
 "ഇങ്ങനെയുള്ള യാത്രകൾ എന്റെയും സ്വപ്നങ്ങളാണ് മനു....ഇതുവരെ കാണാത്ത വഴികളും
കേൾക്കാത്ത കിളിപ്പാട്ടും..ഇതുവരെ പുണരാത്ത കോടമഞ്ഞും ഒക്കെയായി ...
ഒരിക്കലും  അനുഭവിക്കാത്ത കുഞ്ഞു കുഞ്ഞു   നിമിഷങ്ങളിലേക്ക് ...ജീവിതഗന്ധിയായ മുഹുർത്ത ങ്ങളിലേക്ക് ....
ഭൂതകാലവും ഭാവിയും അലോസരപ്പെടുത്താതെ ..വർത്തമാനത്തിന്റെ വല്മികത്തിലൊതുങ്ങി കുറേനേരം ....."
കൃഷ്ണജയുടെ കണ്ണുകളിലെ തിളക്കം  മനുവിന്റെ ചുണ്ടിലെ പുഞ്ചിരിയായി....

  മനുവിനോടൊപ്പം പടികടന്നെത്തിയ പെണ്കുട്ടിയെ കണ്ടപ്പോൾ
ആൽത്തറയിൽ തിരി തെളിച്ചു നിന്ന അമ്മയുടെ കണ്ണുകളിൽ
ആനന്ദത്തിന്റെ ദീപങ്ങൾ തെളിഞ്ഞു ...
"ന്റെ ഭഗവതി ..ഇതെങ്കിലുമായിരിക്കണേന്റെ കുട്ടീടെ ജീവിതസഖി"..
മിഴിയടച്ചു തൊഴുകയ്യുമായി നിന്ന് പ്രാർധിക്കുന്നഅമ്മയുടെ അടുത്തുനിന്നു 
മനുവും കൈകൂപ്പി..
വിളക്കുവച്ചെത്തിയ അമ്മയുടെ കണ്ണുകളിലെ പ്രകാശം കണ്ടപ്പോൾ
മനുവിന്റെ മനസ്സ് നിറഞ്ഞു ...എന്നും അമ്മയുടെ കുഴിഞ്ഞു താണ കണ്ണുകളിൽ
നിരാശയാണ് കണ്ടിട്ടുള്ളത് ...അത് കാണുമ്പോൾ ഉള്ളിൽ ആളലാണ്.....
അമ്മയ്ക്കിപ്പോൾ പഴയ ഉൽസാഹമൊന്നുമില്ല...ആഹാരവും വളരെ
കുറച്ചേ കഴിക്കാറുള്ളൂ....
കൃഷ്ണജയുമായി കുശലംപറഞ്ഞിരിക്കുന്ന അമ്മയുടെ സന്തോഷം കാണേണ്ടതായിരുന്നു ...

രാത്രി ഭക്ഷണം വിളമ്പുന്ന അമ്മയുടെ മുഖം കണ്ടപ്പോൾ തോന്നി..അമ്മയ്ക്ക് എന്തോ പറയാനുണ്ട്
എന്നോട്....അമ്മയ്ക്ക് എന്താണ് പറയാനുള്ളത് എന്ന് മനുവിനറിയാം..
" ന്റെ കണ്ണടയും മുന്നേ കുട്ടീടെ കല്യാണം നടക്കണം..."
അമ്മയെ വളരെ നാളുകളായി അലട്ടുന്ന പ്രശ്നം ..മനുവിന്റെ കല്യാണം ....
അച്ഛന്റെ പെട്ടെന്നുള്ള വേർപാട് അമ്മയെ വല്ലാതെ ഉലച്ചെങ്കിലും
മനുവിന്റെ വളർച്ചയിലായിരുന്നു അമ്മയുടെ മുഴുവൻ ശ്രദ്ധയും ..
വീട്ടിലെ കാര്യവും കൃഷിയും ഒന്നിച്ചു കൊണ്ടുപോകാൻ അമ്മ
ഏറെ പണിപ്പെട്ടു ...
അമ്മയ്ക്കിനി വിശ്രമം ആവശ്യമാണ് .....ഒരു രാത്രി പോലും ആയുസ്സില്ലാത്ത നിശാഗന്ധിയുടെ
ദു:ഖവും  മനസ്സിൽ പേറി നടക്കുന്ന അമ്മയുടെ മനസ്സിലെ തളംകെട്ടിയ ശൂന്യതയിലേക്ക്
പ്രതീക്ഷയുടെ പാദസ്വനം...
മനുവിന് ഉറക്കം വന്നില്ല....മറവു ചെയ്ത കിനാവുകളിൽ പതിയെ മുളപൊട്ടുന്ന പോലെ....
മഴക്കാറു നീങ്ങിയ ആകാശം പോലെ മനസ്സ് വിങ്ങുകയാണ് ...നിശബ്ദതയെ ഭേദിച്ച് കൊണ്ട്
ഇടനാഴിയിലൂടെ അടുത്തെത്തുന്ന പാദസ്വനം ...മനുവിന്റെ നാമം ഉരുവിട്ട പോലെ ..
മനു തിരിഞ്ഞു നോക്കി ...കാറ്റിൽ തുറന്നടയുന്ന പഴയ പുസ്തകത്താളുകൾ ....
അമ്മ വായിച്ചു വച്ച പുസ്തകത്തിന്റെ താളുകൾ ഏടുകൾ മറിയുന്നു ...
നിലാവിലേക്ക് തുറന്നു വച്ച ജനാലയ്ക്കരുകിൽ നിസ്സംഗനായി അവൻ നിന്നു...അവന്റെ ശ്വാസത്തിനും
നിശ്വാസത്തിനുമിടയിൽ തണുത്ത നിശബ്ദത മാത്രം....
രാത്രി ഏറെ ആയിട്ടും അമ്മയുടെ മുറിയിൽ വെളിച്ചമുണ്ട്...
ഇടനാഴിയിലൂടെ അലസനായി നടക്കുമ്പോൾ മനു അമ്മയുടെ മുറിയിലേക്ക് പാളി നോക്കി ..
അമ്മ നല്ല ഉറക്കത്തിലാണ് ..അമ്മയോടൊപ്പം ഉറങ്ങാൻ പോയ കൃഷ്ണജ ഉറങ്ങിയിട്ടില്ല....
ലാപ്ടോപിൽ നോക്കി എന്തൊക്കെയോ  കുറിചെടുക്കുകയാണ്..മുഖം നിർവികാരമാണ്...
അവളെ എന്തോ അലട്ടുന്നുണ്ട്...
മനുവിന്റെ കാലടിശബ്ദം കേട്ട് കൃഷ്ണജ പുറത്തേക്ക് വന്നു ....ഒപ്പം ഉലാത്താൻ തുടങ്ങി ...
"ഇന്ന് മനസ്സിന് ഒരുപാട് സന്തോഷം തോന്നുന്നു ... അമ്മയോടൊപ്പം കുറച്ചു ദിവസ്സം കഴിയാൻ....
മനസ്സ് വല്ലാതെ മോഹിക്കുന്നു..."

"അതിനെന്താ...അമ്മയോടൊപ്പം കഴിയാമല്ലോ...നിനക്ക് ഇഷ്ടമാണെങ്കിൽ..."..നിലാവെളിച്ചത്തിൽ
കെട്ടിവയ്ക്കാൻ  മറന്നു പോയ മുടിയിഴകൾ അവളുടെ കവിളിനെ തലോടുന്നത് നോക്കി മനു  പതിയെ പറഞ്ഞു ..
വെള്ളക്കല്ല് പതിച്ച മൂക്കുത്തിയുടെ തിളക്കത്തിൽ കവിളിണകൾ നനയുന്നു...കൃഷ്ണജ കരയുന്നു ...
കണ്ണീരിനു പറയാനുണ്ടാവും കരലളിയിക്കുന്നൊരു കഥ...മനു അവളുടെ മനസ്സ് വായിച്ച പോലെ...
"ഞാൻ വേദനിപ്പിച്ചോ ..."
" മനുവിനറിയില്ലല്ലോ പാതിവഴിയിൽ നിന്ന് പോയ എന്റെ കഥ...നടന്നു തുടങ്ങുമ്പോൾ അറിഞ്ഞിരുന്നില്ല
നിശ്ചലമായ വഴികളിലൂടെ തനിയെ നടക്കേണ്ടി വരുമെന്ന് ...മനസ്സിനുള്ളിലെ വേദനകളെ ഒരു ചെരുചിരിയായ് വരവേൽക്കുമ്പോൾ ..ആരും അറിയില്ല പിടയുന്ന മനസ്സിന്റെ വിങ്ങലുകൾ...നിശബ്ദമായ് തേങ്ങലുകൾ ആരും കേട്ടില്ല..."
"കൃഷ്ണജ പറയു....ഞാൻ കേൾക്കാം...''..അവളുടെ വേദനകൾ പങ്കു വയ്ക്കാൻ മനുവിന്റെ ഹൃദയം വെമ്പൽ കൂട്ടി ...

"അടികൂടിയും വാശി പിടിച്ചും വളർന്ന ഞങ്ങൾ...ഞാനും ബാബുവും ...ഒളിപ്പിച്ചു വച്ച സ്നേഹം പുറത്തു പറയാതെ
ഒന്നിച്ചു നടന്നവർ ....പഠിച്ചു ജോലി ഒക്കെ ആയിട്ട് വേണം ഉള്ളിലുള്ളത് തുറന്നു പറയാൻ....താലോലിച്ചു കൊണ്ട് നടന്ന കൊച്ചു കൊച്ചു മോഹങ്ങൾ...പക്ഷെ ഒരു നൊടിയിട കൊണ്ട് എല്ലാം തകർന്ന പോലെ....ജോലി കിട്ടിയ സന്തോഷം പങ്കിടാനെത്തിയ
എന്നെ വരവേറ്റത് ...ബാബുവിന്റെ അച്ഛന്റെ വേർപാടായിരുന്നു ...ആകെ കൂട്ടുണ്ടായിരുന്ന അച്ഛന്റെ അകാലത്തിലെ
വേർപാട് ബാബുവിനെ വല്ലാതെ ഉലച്ചു കളഞ്ഞു...ഒരു ജീവച്ഛവം പോലെ....അന്തർമുഖതയുടെ അകത്തളത്തിലേക്ക്
സ്വയം ഒതുങ്ങിക്കൂടിയ എന്റെ കളിക്കൂട്ടുകാരൻ.....അവനെ ഒറ്റയ്ക്ക് വിടാൻ എനിക്കാവില്ലായിരുന്നു ...ഡോക്ടർ ആയ
കൂട്ടുകാരിയുടെ സഹായത്തോടെയാണ് ബാബുവിനെ സാനട്ടോറിയത്തിലാക്കിയത് ..അവിടേയ്ക്കാണ്
 ഇടയ്ക്കിടെയുള്ള എന്റെ യാത്രകൾ ...അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണം ...അത് മാത്രമാണ് എന്റെ ലക്ഷ്യം ..."
"അവിടെ ..വെള്ളചായം പൂശിയ കോട്ടെജിന്റെ ..ഇടുങ്ങിയ മുറിയിൽ..തുറന്നു വച്ച ജനാലക്കരുകിൽ
എന്നെയും കാത്തിരിക്കുന്ന അവന്റെ കണ്ണുകൾ...അതെ...എന്റെ സാമീപ്യം അവൻ അറിയുന്നു ... കൈകാലുകൾ
ചലിക്കും..വരണ്ട  ചുണ്ടുകളിൽ പുഞ്ചിരി വിരിയും...എന്റെ കാലൊച്ചയ്ക്കു കാതോർത്തിരിക്കുന്ന കളിക്കൂട്ടുകാരൻ ..."
കൃഷ്ണജ  മുറിയിലേക്ക് നടന്നു ...
തൊഴുതു മടങ്ങുന്ന സന്ധ്യ ഏതോ വീഥിയിൽ മറയുന്ന പോലെ....
ഏതറിവിനും അങ്ങേപ്പുറത്തു പുതിയൊരറിവുണ്ടാവും ..നചികേതസ്സിന്റെ ജ്ഞാന ചൈതന്യം ഉൾകൊള്ളുമ്പോഴും
അറിയാനായി ഒരു കടൽ ബാക്കിയാണ് ....ജീവിതയാഥാർധ്യങ്ങൾ നേരിടുമ്പോൾ പലപ്പോഴും പിന്നിട്ട കർമസുകൃതങ്ങളിലും
നഷ്ടങ്ങളിലും ചെന്നടിഞ്ഞു നട്ടം തിരിയുന്ന എന്നെപ്പോലെ  എത്ര പേർ ...
പക്ഷെ സ്നേഹത്തിലുള്ള അടിയുറച്ച വിശ്വാസവും ഉറച്ച കാൽവെയ്പ്പുകളുമായി  മുന്നോട്ടു നീങ്ങുന്ന കൃഷ്ണജ ...
ഒരു നല്ല സുഹൃത്ത്...കൂട്ടുകാരനോടുള്ള സ്നേഹം മനസ്സിൽ ഒളിപ്പിക്കുന്ന ..ഒരു തണൽ മരമായി...
 ജീവിതത്തിന്റെ പുതിയ മാനങ്ങൾ തേടിയുള്ള യാത്രയിൽ ..മുന്നോട്ടു നീങ്ങുകയാണ്..

...ഗിരിജ ദാമോദരൻ ...




Tuesday, November 11, 2014

"അനുരാഗത്തിൽ ഒരു ലഹരിയുണ്ട് ...നുറുങ്ങിയ ഹൃദയത്തിന്റെ 
നൊമ്പരങ്ങളിലും ആത്മപീഡയിലും 
ഒരാനന്ദമുണ്ട് ....
മൌനത്തിനു പോലും സംഗീതമുണ്ട്...
അതുകൊണ്ട് വെറുതെ വിട്ടേക്കുക ..
ഏകാന്തതയുടെ വഴിയമ്പലങ്ങളെ ....!!!"
"കടൽതീരത്തു വിരൽ  കൊണ്ട് വരയ്ക്കുന്ന കളിവാക്കുകൾ
തിരകൾ വന്നു ആഴങ്ങളിലേക്ക് കൊണ്ടുപോകും....
എഴുതി മുഴുമിക്കാത്ത കവിതകളായി
കാലങ്ങളോളം അവ കടൽച്ചിപ്പിയിൽ ഉറങ്ങിക്കിടക്കും ...
അങ്ങനെ എഴുതി മുഴിമിക്കാത്ത എത്രയോ കവിതകളും കഥകളും ...
ആർത്തിരമ്പി കരയോട് പറയുവാൻ ഓടിയെത്തുന്ന
തിരമാലകളുടെ മുന്നിൽ ..വീണ്ടും വരച്ചിട്ട കളിവാക്കുകൾ...."