Tuesday, January 24, 2012

"കണ്ണീര്‍ പൂക്കള്‍ ...!!!"


പതിവില്ലാതെ മനസ്സ് അസ്വസ്ഥമായി ...
പറഞ്ഞു ഫലിപ്പിക്കാന്‍ ഒക്കാത്ത വിധത്തില്‍ എന്തോ അകാരണമായ
ഒരു വേദന മനസ്സിനെ ഗ്രസിച്ച പോലെ ...എന്തെ എന്‍റെ മനസ്സ് ഇന്നു അസ്വസ്ഥമാണല്ലോ?
ഒന്നിലും ഒരു താത്പര്യം തോന്നിയില്ല ...മൂടി കെട്ടിയ ആകാശത്തെ പോലെ 
പെയ്യാന്‍ വിതുമ്പുന്ന കാര്‍മേഘത്തെപ്പോലെ ...വിങ്ങുകയായിരുന്നു ..!!!
നിരന്ജിനി ആന്‍റി പതിവില്ലാതെ വൈകുന്നേരം വന്നപ്പോള്‍ കൊണ്ടു വന്ന 
വാര്‍ത്ത എന്‍റെ മനസ്സിന്‍റെ വേദനയെ സ്പഷ്ടമാക്കുന്നതായിരുന്നു ...
അതെ...പ്രതീക്ഷിക്കാത്തത് സംഭവിച്ചു ...
She told me..Girija..Mrs.Sreenivasan is no more...she expired in U.S...her son informed
me..really it is a sad news...but unbelievable...she died of blood cancer..
മിസ്സിസ് ശ്രീനിവാസന്‍ നമ്മുടെ അയല്‍വാസിയുംകുടുംബ സുഹൃത്തും 
ആയിരുന്നു ...ആ സ്ത്രീ എന്നില്‍ എന്നും അത്ഭുതം   ഉളവാക്കിയിരുന്നു ..
പ്രായം എഴുപതിനോട് അടുത്തിരുന്നെങ്കിലും നല്ല ഊര്‍ജസ്വലതയോടെയുള്ള 
അവരുടെ പെരുമാറ്റം എന്നെ വല്ലാതെ ആകൃഷ്ടയാക്കി..അവരുടെ മകളുടെ
പ്രായമുള്ള എന്നോട് വളരെ വാത്സല്യമായിരുന്നു ...എന്നെ കാണുമ്പോഴൊക്കെ 
"मेरे सामनेवाली खिड़की में एक चाँद का टुकड़ा रहता है "...എന്ന ഹിന്ദി ഗാനം ആലപിക്കുന്ന 
അവരെ എനിക്കും വലിയ ഇഷ്ടമായിരുന്നു ...
അപ്രിയ സത്യങ്ങള്‍ തുറന്നു പറയുന്ന ആ സ്ത്രീയെ പക്ഷെ അയല്‍വാസികള്‍ 
അധികം ഇഷ്ടപ്പെട്ടിരുന്നില്ല ..അവര്‍ പ്രത്യക്ഷമായും പരോക്ഷമായും പറയുമായിരുന്നു ..
ഭര്‍ത്താവിനു  ISI യിലാണ് ജോലി ..പക്ഷെ ഭാര്യയ്ക്ക് ISI മാര്‍കിടാന്‍  മറന്നു പോയി ..എന്ന് 
പക്ഷെ അതൊന്നും അവരെ ബാധിക്കില്ലായിരുന്നു .ഒന്നും അവര്‍ക്കൊരു പ്രശ്നമല്ലായിരുന്നു .
പല സായാഹ്നങ്ങളിലും ശ്രീനിവാസന്‍ അന്കിളിനോടൊപ്പം നടക്കാന്‍ പോകുന്ന അവരുടെ 
തോളില്‍ ഒരു തുണി സഞ്ചി സ്ഥിരമായുണ്ടാവും ...അതില്‍ ഒരു കോപ്പിയും പേനയും ഉണ്ടാവും..
നടക്കുന്നതിനിടയില്‍ അവര്‍ എന്തൊക്കെയോ എഴുതി അദ്ദേഹത്തെ കാണിക്കുന്ന കണ്ടിട്ടുണ്ട് ..
ഒരു പ്രാവശ്യം ചോദിക്കാനാഞ്ഞ എന്നോട് ..no more questions please..എന്നു പറഞ്ഞു ഒഴിവാക്കി. 
വളരെ ദിവസങ്ങള്‍ക്കു ശേഷം അവര് പറയാന്‍ ഇഷ്ടപ്പെടാഞ്ഞ കാര്യം ഞാന്‍ മനസ്സിലാക്കി ...
ഒരു പ്രഭാത സവാരിക്കിടയില്‍ ശ്രീനിവാസന്‍ അങ്കിളിനെ ഒറ്റയ്ക്ക് കാണാന്‍ ഇടയായി ..
"നമസ്തേ അങ്കിള്‍ ..ഇന്നു ആന്‍റി ഇല്ലേ?"..എന്നു ചോദിച്ച എന്നോട് പോക്കറ്റില്‍ നിന്നും ഒരു 
പേപ്പറും പേനയും തന്നിട്ട് .."You write it here..what do you want to tell me...I can't hear you..sorry young lady..."
അങ്കിളിന്‍റെ കയ്യില്‍ നിന്നും പേപ്പറും പേനയും വാങ്ങി അതില്‍ കുറിക്കുമ്പോള്‍ ...മിസ്സിസ് ശ്രീനിവാസന്‍ 
പറയാതിരുന്ന സത്യത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍..............
 അവരോടുള്ള എന്‍റെ ആദരവ് വര്‍ധിക്കുകയായിരുന്നു ..
കേള്‍വി നഷ്ടപ്പെട്ട അദ്ദേഹവുമായി അമേരിക്കയില്‍ സ്ഥിര താമസമാക്കിയ മകനെ എല്ലാ വര്‍ഷവും 
സന്ദര്‍ശിക്കുക ..ആറു മാസത്തെ താമസത്തിന് ശേഷം തിരികെ എത്തുക...ഒറ്റയ്ക്ക് വീട്ടു കാര്യങ്ങള്‍ നോക്കുക 
നല്ല സാമര്‍ധ്യമുള്ള അവര്‍ ...പെട്ടെന്ന് വിശ്വസിക്കാന്‍ തോന്നിയില്ല ...
നിരന്ജിനി ആന്‍റി പറഞ്ഞു തുടങ്ങി "..മിസ്റ്റര്‍ ശ്രീനിവാസന്‍റെ മെഡിക്കല്‍ ചെക്ക് അപിനു പോയതായിരുന്നു ..
അവിടെ വച്ച് മിസ്സിസ് ശ്രീനിവാസന്‍ ചെറുതായൊന്നു ശര്‍ദ്ദിച്ചു ..നോക്കിയപ്പോള്‍ രക്തമായിരുന്നു ..ചെക്ക്‌ 
ചെയ്ത ഡോക്ടര്‍ മകനോട്‌ പറഞ്ഞു ..അമ്മയ്ക്കിനി അധിക ദിവസമില്ലെന്നു....അത് സത്യമായി ..." 
ചിറകു മുളയ്ക്കാത്ത കുഞ്ഞുങ്ങളെ മാറോടു ചേര്‍ത്തുവയ്ക്കുന്ന അമ്മക്കിളിയെ പോലെ ശ്രീനിവാസന്‍ 
അങ്കിളിനെ നെഞ്ചോടു ചേര്‍ത്ത് വച്ച മനസ്വിനിയായ ആ സ്ത്രീ ഒന്നും പറയാന്‍ ..അല്ല... ഒന്നും എഴുതികൊടുക്കാന്‍ 
നില്‍ക്കാതെ അങ്ങ് അനന്തതയിലേക്ക് നടന്നു പോയി ..തോളില്‍ തുണി സഞ്ചിയില്ലാതെ ...
"ഇനി ഒരു തിരിച്ചു വരവില്ല" എന്നു അന്ന് യാത്ര പറയുമ്പോള്‍ വെറുതെ ആയിരുന്നില്ല പറഞ്ഞതു..
ഒരു പക്ഷെ അവര്‍ക്കെല്ലാം നേരത്തെ അറിയുമായിരുന്നിരിക്കാം.ഒന്നും ആരോടും പങ്കു വയ്ക്കാന്‍ ഇഷ്ടപ്പെടാതിരുന്നതും 
അതുകൊണ്ടാവാം ...
അടഞ്ഞു കിടക്കുന്ന ആ വീടും അതിന്‍റെ ജനാലകളും മാറാല കെട്ടി കിടക്കുന്നതു കാണുമ്പോള്‍ 
എപ്പോഴാണ് ആ ജനാലയിലൂടെ ചിരിക്കുന്ന മുഖം കാണുക ...എന്നെ നോക്കി പാടുക 'मेरे सामने वाली खिड़की में ..."
വെറുതെ ആശിക്കയാണ് ...ഒരിക്കലും തിരിച്ചു വരാത്ത യാത്രയില്‍ അങ്കിളിനെ എന്തെ ഒപ്പം കൂട്ടിയില്ല ?...
ഈ ചോദ്യം ഒരു പക്ഷെ ആന്‍റി യുടെ ആത്മാവിനെയും നീറ്റുന്നുണ്ടാകും ...!!!
ആന്‍റിയുടെ വേര്‍പാടില്‍ സ്നേഹത്തിന്‍റെ ഒരു പിടി കണ്ണീര്‍ പൂക്കള്‍ ..!!!

Friday, January 20, 2012

ഈ ഫോട്ടോയില്‍  എന്നോടൊപ്പം  കാണുന്ന  7 വയസ്സുകാരന്‍  കൊച്ചനിയത്തി  മായയുടെ 
മകനാണ് .
ഇന്നലെ  വൈകിട്ട്  സ്കൂളില്‍ നിന്നും ചേച്ചിയോടൊപ്പം ബസ്സിറങ്ങി നടന്നു വരികയായിരുന്നു.
പിറകെ വന്ന ഏതോ ബൈക്കുകാരന്‍ നിഷ്കരുണം ഇടിച്ചിട്ടു പാഞ്ഞു പോയി ..ഇടിയുടെ 
ആഘാതത്തില്‍ തെറിച്ചു വീണ കുട്ടിയുടെ തോളെല്ലു പൊട്ടി ഇപ്പോള്‍ ആശുപത്രിയിലാണ് .
ഈ സംഭവം ഇന്നലെ വൈകുന്നേരം മടവൂര്‍ ജങ്ക്ഷനില്‍ നടന്നതാണ് ..ദൃക്സാക്ഷികള്‍ 
ബൈക്ക് ശബ്ദം കേട്ടതായി മാത്രം പറയുന്നു ..
പിടഞ്ഞു നിലവിളിക്കുന്ന മകനെയും ഉച്ചത്തില്‍ കരയുന്ന മകളെയും ചേര്‍ത്ത് പിടിച്ചു 
ഓട്ടോയില്‍ ആശുപത്രിയിലേക്ക് പോകുമ്പോഴും കുഞ്ഞിന്‍റെ പൊട്ടിയ തോളെല്ലില്‍ 
ഡോക്ടര്‍ പ്ലാസ്റ്റെര്‍  ഇടുമ്പോഴും മായയുടെ മനസ്സില്‍ ...വിദേശത്ത് ജോലി ചെയ്യുന്ന 
ചേട്ടന്‍ ഇതറിയുമ്പോള്‍ എങ്ങനെ പ്രതികരിക്കും ? എന്നതിലുപരി ...പിഞ്ചു കുഞ്ഞിനെ 
ഇടിച്ചിട്ടു നിര്‍ത്താതെ ഓടിച്ചുപോയ ഹൃദയശൂന്യനായ അയാളുടെ പ്രവര്‍ത്തിയായിരുന്നു ...
അയാള്‍ക്ക്‌ എങ്ങനെ മനസ്സ് തോന്നി ...നിര്‍ത്താതെ ഓടിച്ചു പോകുവാന്‍ ...ഈ കുഞ്ഞിനു ഒരു 
പ്രാഥമിക ശുശ്രൂഷയെങ്കിലും ചെയ്യാന്‍ മന:സാക്ഷി അയാളെ അനുവദിച്ചില്ലേ?...
ഉത്തരം കിട്ടാതലയുന്ന ചോദ്യങ്ങള്‍ ...അതവളെ വല്ലാതെ നീറ്റുകയായിരുന്നു...
കേരളത്തില്‍ ദിനം പ്രതി വര്‍ധിച്ചു വരുന്ന അനേകം അപകടങ്ങളില്‍ ഒന്നാണിത്‌..............................................
സ്കൂള്‍ വിട്ടു വരുന്ന കുട്ടികള്‍ക്കിടയിലൂടെ അതി വേഗതയിലും ബാലന്‍സു തെറ്റിയും 
വണ്ടികള്‍ ഓടിച്ചു കയറ്റുന്നവരോട് പ്രതികരിക്കാന്‍ നമുക്ക് ഉത്തരവാദിത്വം ഇല്ലേ?
അതോ ഇതൊന്നും എന്‍റെ വീട്ടില്‍ അല്ലല്ലോ നടന്നത് എന്ന സ്വാര്‍ത്ഥ മനോഭാവമാണോ 
നമ്മെ ഇതില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിക്കുന്നത് ?..
അപകടങ്ങള്‍ യാദൃശ്ചികം ആവാം ...പക്ഷെ...അതിനു മുന്നില്‍ കണ്ണടയ്ക്കാതെ കണ്ണും
കാതും തുറന്നിട്ട്‌ ഒരു സഹായ ഹസ്തം നീട്ടാന്‍ മന:സാക്ഷി എന്തുകൊണ്ട് തയാറാകുന്നില്ല?

Wednesday, January 18, 2012


ഇന്നലെ മേഘങ്ങള്‍ തിങ്ങി നിറഞ്ഞു വിതുമ്പി നില്‍ക്കയായിരുന്നു ആകാശം..
ഒന്നു പൊട്ടിക്കരയാന്‍ ആഗ്രഹിക്കുന്നതുപോലെ..
ഒരു തേങ്ങലില്‍ ബാഷ്പമായ് പൊഴിയുവാന്‍ വെമ്പുന്ന പോലെ ...
മാനം മാറോട് അടുക്കിയ ദുഃഖങ്ങള്‍ ..സൂര്യന്‍റെ സ്നേഹത്തിന്‍റെ
തലോടലില്‍ എത്ര വേഗം അകന്നു പോയി ...പുഞ്ചിരി പൊഴിക്കുന്ന
ആകാശം ഇന്നെത്ര സുന്ദരി ആയിരിക്കുന്നു ...!!!!

Saturday, January 14, 2012

"സ്വപ്ന സൌധം "




റസ്കിന്‍ ബോണ്ടിന്റെ "grandmother's tree climbing" story 
വായിക്കുകയായിരുന്നു മകള്‍.. കേട്ടിരുന്ന എനിക്ക് ആ 
കഥ വളരെ ഇഷ്ടമായി ..
"സുഖമില്ലാതെ കിടന്ന അമ്മൂമ്മയുടെ അഭിലാഷമായിരുന്നു 
മരത്തിനു  മുകളില്‍  ഒരു കൊച്ചു വീട് ...ആ ആഗ്രഹം സാധിച്ചു 
കൊടുത്ത മകന്‍ ...റസ്കിന്‍ ബോണ്ടിന്റെ അച്ഛന്‍ "....ഇതാണ് 
കഥയുടെ ഇതി വൃത്തം ...കഥയെ കുറിച്ച് ആലോചിച്ചു കിടന്ന
എന്റെ മിഴികള്‍ അറിയാതെ അടഞ്ഞു ....ഒരു സ്വപ്ന ലോകത്തിലേക്ക്‌ 
ഞാന്‍ നടന്നു കയറി ...അവിടെയും കണ്ടു ഞാന്‍ ഒരു "ട്രീ ഹൌസ്" 
ലവ് ലോലിക്ക നിറഞ്ഞു പഴുത്തു കിടക്കുന്ന മരത്തില്‍ പണിത 
ആ സ്വപ്ന സൌധം ....കയറു കൊണ്ട് കെട്ടിയ പടികള്‍ കയറി 
മുകളില്‍ എത്തിയപ്പോഴല്ലെ അത്ഭുതം തോന്നിയത് . ..പുളിക്കുന്ന 
ചുവന്നു  തുടുത്ത ലവ് ലോലിക്കയുടെ കൂമ്പാരത്തിനു ചുറ്റും 
വട്ടമിരിക്കുന്ന മിടുക്കികള്‍ ...നമ്മുടെ "മഞ്ഞു ..കാരള്‍" വിജേതാവായ
ബിജലി സുജേഷ് ,ശാലിനി വര്‍ഗീസ്‌ ,റാണി വര്‍മ ,ലവ് ലോലിക്ക മോഷ്ടിക്കാന്‍ 
നിപുണയായ മിനി ചാക്കോ പുതുശ്ശേരിയും എല്ലാവര്‍ക്കും സഹായി ആയി 
ഭക്തിയോടെ നില്‍ക്കുന്ന റോയ് പയസും. .ജിന്‍സിയും മൃദുലയും പതുങ്ങി 
പിന്നില്‍ നില്‍ക്കുന്നു ...നയന മനോഹരമായ കാഴ്ച ...ഉള്ളം തൃപ്തിയായി ..
സംസാരിച്ചും സന്തോഷം പങ്കിട്ടും സമയം പോയത് അറിഞ്ഞില്ല ..ഞങ്ങളുടെ 
സന്തോഷത്തെ ഭേദിച്ചു കൊണ്ട് ആന്റണിയുടെ ശബ്ദം .."മൂവന്തി നേരമായി ..
ആല്‍ത്തറയില്‍ വിളക്കു വയ്ക്കുവാന്‍ ആരുമില്ലേ?"..
ശബ്ദമുണ്ടാക്കാതെ ഞങ്ങള്‍ ഓരോരുത്തരായി താഴെ ഇറങ്ങി ...എല്ലാവരെയും ഒരുമിച്ചു 
കണ്ടപ്പോള്‍ ആന്റണി ചെറുതായി അന്ധാളിച്ചു ...എങ്കിലും .."മഹിളാസമാജത്തിന്റെ മീറ്റിംഗ് 
ആയിരുന്നോ മുകളില്‍ ?"....".അല്ല ചങ്ങാതി ..കുടുംബ ശ്രീയുടെ പുതിയ യുണിറ്റ്‌ തുടങ്ങുന്നതിനുള്ള 
ആലോചന ആയിരുന്നു "...പറഞ്ഞു തീരുന്നതിനു മുന്‍പ് തന്നെ ഉയര്‍ന്ന പൊട്ടിച്ചിരിയില്‍ "ആല്‍തറ" 
തിളങ്ങി ...!!!
മയക്കത്തില്‍ പൊട്ടിച്ചിരിക്കുന്ന എന്നെ മകള്‍ വിളിച്ചു ഉണര്‍ത്തുമ്പോള്‍...
ഞാന്‍ മനസ്സിലാക്കി അതൊരു സ്വപ്നം മാത്രമായിരുന്നു ...!!!
എത്ര മനോഹരമായിരുന്നു ..
എന്‍റെ മധുര സ്വപ്നം .!!!

Tuesday, January 10, 2012

"മഴയും അമ്മയും ..പിന്നെ ഞാനും ...!!!!


മഴയുടെ മായാജാലം സിരകളില്‍ 
മറക്കാത്ത സ്മരണയായി മാറിയ ദിവസം
മരണത്തെ മുഖാമുഖം കണ്ടു ..ഒപ്പം 
മരവിച്ച മന:സാക്ഷിയെയും ....

മഴയില്‍ നനയാതെ മാറോടു ചേര്‍ത്ത പുസ്തകങ്ങളും
ഒതുക്കിപ്പിടിച്ച സാരീയുമായി ഇടവഴിയിലൂടെ 
തിടുക്കത്തില്‍ നടന്നെത്തിയ എന്നെയും തള്ളി 
സൈക്കിളില്‍ ആരോ പാഞ്ഞു പോയി ...
ആരാണയാലെന്നു തിരിഞ്ഞു നോക്കുമ്പോള്‍ 
കാതിലണഞ്ഞു കൂട്ടനിലവിളി ...!!!
ഹൃദയമിടുപ്പിന്‍ വേഗത കൂടി ...
മുറ്റത്തെത്തിയ ഞാനാ കാഴ്ച കണ്ടു..
മരണപ്പിടച്ചില്‍ പിടയുന്ന എന്‍റെ അമ്മയെ
പൊട്ടിയ വൈദ്യുതി കമ്പിയില്‍  പിടിവിടാനാവാതെ 
അമ്മ പിടയ്ക്കുന്നു ....രക്ഷിക്കുവാനായി 
മുളവടി തിരയുന്ന മായയും ഗീതയും 
കൈയ്യിലെ പുസ്തക കെട്ടുകള്‍ ഞാനാ  
പൊട്ടിയ കമ്പിയിലേക്ക് വീശിയെറിഞ്ഞു 
മാര്‍ഗം ലക്‌ഷ്യം കണ്ടു ....മയങ്ങി വീണ 
അമ്മയെ താങ്ങിയെടുത്തു ആറു കരങ്ങള്‍ 
മാറത്തു ചേര്‍ത്ത് അമ്മയെ  തഴുകുമ്പോള്‍
മാനം പൊഴിക്കുന്ന കണ്ണീരില്‍ എന്‍റെ 
പുസ്തകങ്ങള്‍ നനയുമ്പോള്‍ ....
മുടിയിഴയിലൂടെ ഒഴുകിയ മഴനീരില്‍ 
മിഴി തുറന്ന അമ്മ പതിയെ ജീവിതത്തിലേക്കു 
തിരിച്ചു വന്നു ..അമ്മയെന്ന സത്യം 
അനുഭൂതി നിറയ്ക്കുമ്പോള്‍  
"മക്കളെ" വിളിച്ചു കരയുന്ന അമ്മയെ 
വാരി പുണരുമ്പോള്‍ മനസ്സ് പ്രാര്‍ഥിച്ചു 
മനുഷ്യനെ രക്ഷിക്കുവാന്‍ ശ്രമിക്കാതെ 
ഭയന്നോടിയ   ആ മനുഷ്യ കീടത്തെ
മഴ കലക്ക വെള്ളമായി ഒഴുക്കിയെങ്കില്‍?    
മരണത്തില്‍ നിന്നും അമ്മയെ രക്ഷിച്ച 
അക്ഷരക്കൂട്ടങ്ങളെ നിങ്ങള്‍ മായാതെ
നില്‍ക്കുവിന്‍ ...മാതൃ വാല്സല്യത്തിന്‍ 
മഴക്കാലം മക്കള്‍ക്കു നല്‍കുവാന്‍ ...!!!

Saturday, January 7, 2012

ഓര്‍മയുടെ മഴക്കാലം ..!!




നഗരത്തിലെ ശൈത്യം കൂട്ടാനെത്തിയ അപ്രതീക്ഷിതമായ ആ മഴയില്‍ 
പൊഴിഞ്ഞു വീണ ആലിപ്പഴങ്ങള്‍ ...മുത്തുമണി പോലെ ചിതറിവീണ 
മഞ്ഞിന്‍ കഷണങ്ങളെ പെറുക്കിയെടുക്കുവാന്‍ മനസ്സ് തരിച്ചു ...ഓടി 
പുറത്തിറങ്ങാന്‍ ശ്രമിച്ച എന്നെ "ഈ തണുപ്പത്തും മഴയത്തും പുറത്തിറങ്ങേണ്ട" 
എന്ന ചേട്ടന്‍റെ പറച്ചില്‍ കാലില്‍ വിലങ്ങിട്ടു ..പക്ഷെ അടക്കി വച്ചിരിക്കുന്ന 
മോഹങ്ങളുടെ പിന്നാലെ പായുന്ന മനസ്സിനെ വിലങ്ങിടാന്‍ കഴിയുമോ?
നിയന്ത്രണം വിട്ട പോലെ അത് പായുകയാണ് ...അനുഭവിച്ചു കൊതി തീരാത്ത
ആ നിമിഷങ്ങളുടെ നിര്‍വൃതിയില്‍ എന്നിലെ കുറുമ്പുകാരി പുനര്‍ജനിക്കയാണ് ..

കാറ്റും മഴയും വരുമ്പോള്‍ അടര്‍ന്നു വീഴുന്ന കണ്ണിമാങ്ങകള്‍ പെറുക്കാന്‍ 
കൂട്ടുകാരോടും സഹോദരങ്ങളോടും മത്സരിച്ചോടിയ ദിവസങ്ങള്‍ ....
പെറുക്കിയെടുത്ത കണ്ണിമാങ്ങകള്‍ അരിഞ്ഞു ഉപ്പും പച്ചമുളകും ചേര്‍ത്ത്
ഒളിച്ചിരുന്നു കഴിച്ച സുവര്‍ണകാലം ...മഴവെള്ളം തട്ടി തെറുപ്പിച്ചു വീടിനു 
ചുറ്റും ഓടി നടക്കുമ്പോള്‍ വടിയുമായെത്തുന്ന അമ്മയെ കൂടി  മഴയിലേക്ക്‌ 
വലിചിട്ടതും...കണ്ടു നിന്ന അപ്പാപ്പന്റെ നിറഞ്ഞ ചിരിയില്‍ അമ്മയുടെ 
ദേഷ്യവും പരിഭവവും അലിഞ്ഞു ഒഴുകിയതും ...നനഞ്ഞ തല തുവര്‍ത്തി 
ഉച്ചിയില്‍ രാസ്നാദി അമര്‍ത്തി തേക്കുന്ന അപ്പച്ചിയുടെ ലാളനയും ....
എല്ലാം പതിന്മടങ്ങ്‌ ശോഭയോടെ മനസ്സിലേക്ക് കടന്നു വന്നു ..
അപ്പച്ചി ഞങ്ങളുടെ ജീവിതത്തില്‍ വലിയൊരു ശക്തിയും പ്രചോദനവും 
ആയിരുന്നു ..പാടാനും എഴുതാനും അഭിനയിക്കാനും അറിയുന്ന അപ്പച്ചി 
ഞങ്ങളിലുംആ സര്‍ഗ വാസനകള്‍ പരിപോഷിപ്പിച്ചു .....
അത്താഴം കഴിഞ്ഞു കിടക്കുന്നതിനു മുന്‍പുള്ള രാത്രി സദസ്സുകള്‍ ..സഹൃദയ 
സദസ്സുകള്‍ ആക്കി  മാറ്റുവാന്‍ ഞങ്ങളെ തയാറെടുപ്പിക്കുമായിരുന്നു ...
കുടുംബങ്ങളില്‍ അരങ്ങേറുന്ന പല മുഹൂര്‍ത്തങ്ങളെയും നാടക രൂപത്തില്‍ 
എഴുതി ..അതിലെ കഥാപാത്രങ്ങളാക്കി ഞങ്ങളെ അവതരിപ്പിക്കും ....ഞാന്‍ 
ഉഷ ചേച്ചി .വലിയപ്പന്റെ മകന്‍ പ്രസാദ് ,ശ്രീലത .തൊട്ടപ്പുറത്തെ വീട്ടിലെ
കളിക്കൂട്ടുകാരായ മണിയും ബാബുവും ...മണി വേലക്കാരന്‍ ആയി നന്നായി 
അഭിനയിക്കും ..അതുകൊണ്ടവന്‍ സ്ഥിരം വേലക്കാരന്‍ ആയിരുന്നു ..
പകല്‍ മുഴുവന്‍ ആരും കാണാതെ റിഹേര്‍സല്‍  ചെയ്യിക്കും ...
പടിഞ്ഞാറേ മുറ്റത്തെ  ചീലാന്തി മരത്തിന്റെയും ഇലുമ്പി മരത്തിന്റെയും 
ഇടയിലായി കെട്ടുന്ന സ്റ്റേജില്‍ ഞങ്ങളുടെ നാടകം നടക്കുമ്പോള്‍ നീണ്ടു വിശാലമായ
തിണ്ണയില്‍ കാഴ്ചക്കാരായി അപ്പാപ്പനും അപ്പനും അമ്മയും ബാബുവിന്റെ അച്ഛനും 
അമ്മയും പ്രസാദിന്റെ അമ്മയും അപ്പനും ...ചിരട്ടകളില്‍ വയറു കെട്ടി മൈക്ക് സെറ്റും 
ടോര്‍ച്ചിന്റെ മുഖത്ത് കളര്‍ പേപ്പര്‍ ഒട്ടിച്ചു സ്പോട്ട് ലൈറ്റും കുഞ്ഞാങ്ങളയുടെ വക ..
നാടകം കളിക്കുമ്പോള്‍ സന്തോഷം കൊണ്ട് നിറയുന്ന ഞങ്ങളുടെ കുഞ്ഞു മനസ്സുകള്‍ ...
മുതിര്‍ന്നവരുടെ അനുഗ്രഹം കൊണ്ട് ചാരിതാര്‍ത്ഥ്യം അടയുന്ന അപ്പച്ചിയുടെ മനസ്സ് ...
വര്‍ണങ്ങളുടെ നിറപ്പകിട്ടാര്‍ന്ന ആ ദിനങ്ങള്‍........... ..
മഞ്ചാടി കുരുവിന്റെയും ചിത്ര ശലഭങ്ങളുടെയും പിറകെ പാഞ്ഞ മധുരിക്കുന്ന 
പഴയ കാലത്തിന്റെ അനുഭൂതികള്‍ ..വിരിഞ്ഞ വാഴക്കൂമ്പിലെ തേനെടുക്കാന്‍
മത്സരിച്ചോടിയ  നിമിഷങ്ങളുടെ നിര്‍വൃതിയില്‍ എന്‍റെ ഉള്ളിലെ കുറുമ്പുകാരി 
വീണ്ടും നിറമുള്ള പാവടയണിയുകയാണ് ...ഉടഞ്ഞ വളപ്പൊട്ടുകള്‍ പോലെ ചിന്നി
ചിതറിയ ഓര്‍മകളെ  വീണ്ടും വിളക്കി ചേര്‍ക്കുകയാണ്...
അന്നത്തെ കുടുംബ സദസ്സിലെ പല മുഖങ്ങളും കാല യവനികയ്ക്കുള്ളില്‍ മറഞ്ഞു 
കഴിഞ്ഞു ...അപ്പാപ്പന്‍,അപ്പന്‍,വലിയപ്പന്‍ ,ബാബുവിന്റെ അച്ഛന്‍ ..പിന്നെ ഏറ്റവും 
പ്രിയങ്കരനായ ബാബുവും ...പക്ഷെ മനസ്സിലെ ആല്‍ബത്തിലെ ചില്ലിട്ട ചിത്രങ്ങളായി 
അവരെന്നില്‍ ഇപ്പോഴും ജീവിക്കുന്നു ..
ശ്വാശ്വതമല്ല ഒന്നും എന്നറിയാം ..എങ്കിലും ശ്വാസ നിശ്വാസങ്ങള്‍ നമുക്ക് ജീവനല്ലേ?
അതുപോലെ എന്‍റെ ഈ മധുരിക്കുന്ന ഓര്‍മകളെയും ഞാന്‍ ജീവനോടെ സൂക്ഷിക്കുന്നു ..!!!
 

Thursday, January 5, 2012

"പ്രത്യാശയുടെ കിരണങ്ങള്‍ "




രാക്കിളിയുടെ പാട്ടില്‍ ഘനീഭവിച്ച ദുഃഖം രാവിന്‍റെ നെഞ്ചില്‍ വിങ്ങലായി
നിറഞ്ഞു ... രാത്രിയുടെ പേടിപ്പിക്കുന്ന നിശബ്ദതയെ ഭേദിച്ച് കൊണ്ട് 
ചൌകീദാരിന്റെ വടിയുടെ ശബ്ദം ...നഗരം അതിശൈത്യതിന്റെ പിടിയിലാണ് .
തെരുവ് വിളക്കുകള്‍ മിന്നാമിനുങ്ങുകളെ പോലെ അവിടവിടെ തെളിയുന്നു ...
തണുപ്പുകൊണ്ട് കാറുകളുടെ അടിയില്‍ അഭയം പ്രാപിച്ച തെരുവുനായ്ക്കളുടെ 
ഭീതിയും ..രാത്രി മോഷണം കലയാക്കിയവരില്‍ നിന്നുള്ള ജീവന്‍റെ ഭീഷണിയും 
മനസ്സിനെ അലോസരപ്പെടുത്തുന്നു ..എങ്കിലും കൃത്യ നിര്‍വഹണത്തിന് മാറ്റം 
വരുത്തുവാനാകാതെ ..പാവം ചൌകീദാര്‍... പഴയ ഏതോ  ഹിന്ദി ഗാനത്തിന്‍റെ
ശീലുമായി ചലിക്കുന്ന യന്ത്രം പോലെ ...
അസ്ഥികളെ മരവിപ്പിക്കുന്ന തണുപ്പിലും ഉറക്കം അനുഗ്രഹിക്കാത്ത എത്രയോ പേര്‍ ...
മഞ്ഞു കാലങ്ങളില്‍ നേരത്തെ മാഞ്ഞു പോകുന്ന സൂര്യനെ അതെ ചൂടും വെളിച്ചവുമായി 
തിരിച്ചു കിട്ടുമോ എന്ന ആശങ്കയാണോ? ...
അശാന്തിയുടെയും അവിശ്വാസത്തിന്റെയും ഇരുളിന് നടുവില്‍ 
എരിഞ്ഞു തീരുന്ന നൂല്‍ തിരിയും കരഞ്ഞു തീരുന്ന മെഴുകുതിരിയും 
രാപ്പാടിയുടെ ഇടറുന്ന രാഗത്തില്‍ ഘനീഭവിക്കുന്നു .!!!
ഇരുട്ടില്‍ നിറപ്പൊട്ടുകള്‍ ആയി  തെളിയുന്ന കിരണങ്ങള്‍ക്കായി 
ആശങ്കയോടെ കാത്തിരിക്കുന്നു ...!!! 

Wednesday, January 4, 2012

"പൂവണിയാത്ത പ്രണയം ..!!!"


അവളുടെ മനസ്സിലേക്ക് അയാള്‍ കയറി വന്നത് തികച്ചും 
യാദൃശ്ചികമായാണ് ...തൊട്ടടുത്ത വീട്ടില്‍ പുതിയതായി 
എത്തിയ അയാളെ ദിവസവും കാണാറുണ്ടായിരുന്നു ..
കോളെജിലേക്ക് പോകുന്ന അവളെ നോക്കി അയാള്‍ 
മന്ദഹസിക്കുമായിരുന്നു ...
വൈകുന്നേരങ്ങളില്‍ ടൈ പ്പ് പഠിക്കുവാന്‍ കൂട്ടുകാരിയോടൊപ്പം 
പോകുമ്പോഴും വഴിയില്‍ വച്ച് കണ്ടു മുട്ടാറുണ്ടായിരുന്നു ..
ബാങ്കില്‍ നിന്നും അയാള്‍ ഇറങ്ങുന്നതും അപ്പോഴായിരുന്നു ..
നടന്നു ഒപ്പമെത്തുമ്പോള്‍ അവളുടെ ഹൃദയമിടുപ്പിനു താളം 
വര്‍ധിച്ചിരുന്നു ...നടന്നു മുന്നോട്ടു  കയറുന്ന അയാളുടെ തിരിഞ്ഞു നോട്ടം 
കരളില്‍ ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു...
പലപ്പോഴും തഞ്ഞു നിര്‍ത്തി സംസാരിക്കാന്‍ മനസ്സ് വെമ്പി ..
പക്ഷെ നാണം കുണുംഗിയെ  പോലെ നടന്നു നീങ്ങുന്ന ആ ചുരുണ്ട 
മുടിക്കാരന്‍ തന്നെപ്പറ്റി എന്ത് വിചാരിക്കും എന്നുള്ള ചിന്തയില്‍ 
മൌനം പാലിക്കേണ്ടി വന്നു ...
വൈകുന്നേരങ്ങളില്‍ വായനശാലയില്‍  പുസ്തകം  എടുക്കനെത്തുന്ന
അവളെയും നോക്കി ജനാലയുടെ അരികില്‍ അവന്‍ ഉണ്ടാവുമായിരുന്നു..
"ഇയാള്‍ക്കെന്താ എന്നോടൊന്നു മിണ്ടിയാല്‍?"...തനിയെ കയറി എങ്ങനെ 
മിണ്ടും? ..അവള്‍ക്കതായിരുന്നു വിഷമം ..
ദിവസങ്ങള്‍ ...ആഴ്ചകള്‍ ...മാസങ്ങള്‍ ...പലതു കഴിഞ്ഞു .
വിങ്ങല്‍ വര്‍ധിപ്പിക്കുന്ന ദിനങ്ങള്‍ അവര്‍ക്കിടയില്‍ കൊഴിഞ്ഞു വീണു ..
ഒരു വൈകുന്നേരം ..വൈകിയാണ് കോളേജു വിട്ടു വന്നത് ...
വരുന്ന വഴിയില്‍ ..അതാ അയാള്‍ ...
കണ്ടയുടനെ ചിരിച്ചു ...ഇയാള്‍ക്ക് ഇന്ന് എന്തു പറ്റി..
ചിന്തിച്ചു നില്‍ക്കവേ "..ഞാന്‍ കാത്തു നില്‍ക്കയായിരുന്നു യാത്ര പറയാന്‍ ..
നാളെ ഞാന്‍ പോകുകയാണ് "..അയാള്‍ പറഞ്ഞു തുടങ്ങി .
"എവിടേക്ക്?"..മനസ്സ് പിടഞ്ഞുവെങ്കിലും ചോദിച്ചു .
"എന്‍റെ നാട്ടിലേക്ക് ..കോട്ടയത്തേക്ക് "
"എന്നു വരും?" അവള്‍ ചോദിച്ചു
"ഇനി വരില്ല ..എനിക്ക് ട്രാന്‍സ്ഫര്‍ ആയി ..വീട്ടില്‍ അമ്മ തനിച്ചാണ് ..
ചോദിച്ചു വാങ്ങിയ ട്രാന്‍സ്ഫര്‍ ആണ് "
പേര് പോലും ചോദിച്ചിട്ടില്ലാത്ത അയാളോട് എന്തു പറയും?
മനസ്സ് വായിച്ച പോലെ അയാള്‍ "എന്‍റെ പേര് തോമസ്‌............ ഇയാളുടെ പേര് എനിക്കറിയാം "... 
"പോകുമ്പോഴെങ്കിലും പറഞ്ഞില്ലേല്‍ മനസ്സിന് സമാധാനം കിട്ടില്ല "
നിര്‍ന്നിമേഷയായി നിന്ന അവളോട്‌ 'കണ്ട നാള്‍ മുതല്‍ താന്‍ എന്‍റെ മനസ്സില്‍ ഉണ്ട് ..ഈ 
മുഖവും ചിരിയും ഒന്നും എനിക്ക് മറക്കാന്‍ കഴിയില്ല ...പക്ഷെ പോകാതിരിക്കാന്‍ 
കഴിയില്ല ..തന്നെ മറക്കാനും...".വികാരാധീനനായി പറഞ്ഞു നിര്‍ത്തിയ അയാളുടെ 
കണ്ണുകളില്‍ നോക്കി എല്ലാം മറന്നു നിന്ന അവളെ ....തനിച്ചാക്കി അയാള്‍ നടന്നു നീങ്ങി ..
ഇടയ്ക്കിടെ പിന്തിരിഞ്ഞു നോക്കുന്ന അയാളുടെ രൂപം ദൂരെ മറയുന്നതും നോക്കി 
അവള്‍ ആ വഴിയില്‍ ഏകയായി നിന്നു..ഇട നെഞ്ചില്‍ തകര്‍ന്നുടഞ്ഞ വിഗ്രഹത്തിന്‍റെ
വിളക്കി ചേര്‍ക്കുവാന്‍ കഴിയാത്ത കഷണങ്ങളില്‍ അവളുടെ ഹൃദയം അയാള്‍ക്ക്‌ വേണ്ടി 
കേഴുകയായിരുന്നു ...!!!!

Sunday, January 1, 2012

പുതു വര്‍ഷം ആശംസിക്കാനായി അപ്പച്ചിയെ വിളിച്ചപ്പോഴാണ് 
"വീടിനുള്ളില്‍ രണ്ടടി പൊക്കത്തില്‍ വെള്ളം കയറി ...ഒരു കൊച്ചു പ്രളയം 
കണ്മുന്‍പില്‍ കാണുകയാണ് മോളെ....ഈ പുതു വര്‍ഷം ...തുടക്കത്തില്‍ ഇതാണ് 
സമ്മാനിച്ചത്‌ ...ഇനിയുള്ള ദിവസങ്ങളില്‍ എന്താവും കാണേണ്ടി വരുന്നത് ..
എന്തൊക്കെ അനുഭവിക്കേണ്ടി വരും? "
എന്തു പറയണം എന്നറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ ..".ഒരു രാത്രിയിലെ മഴയില്‍ 
കാഞ്ഞിരം പാറയിലെ അന്തേവാസികളെ മാറ്റി താമസിപ്പിക്കാന്‍ പോലീസിന് 
പ്ലാസ്റ്റിക്‌ ബോട്ടുകള്‍ കൊണ്ട് വരേണ്ടി വന്നു ...രാത്രിയില്‍ ഇരുട്ടില്‍ കഴിയേണ്ടി 
വന്നു ...വീടിനു ചുറ്റും ഒഴുകി നടക്കുന്ന സാധനങ്ങള്‍ ..കട്ടിലിന്‍റെ പൊക്കത്തില്‍ 
വെള്ളം ...തിമിരം ബാധിച്ചു തുടങ്ങിയ കണ്ണുകള്‍ക്ക്‌ ഇനിയെന്തൊക്കെ കാണണം .
ഈശ്വരോ രക്ഷതു ..."അപ്പച്ചി പറഞ്ഞു നിര്‍ത്തുമ്പോള്‍ .."  എന്തു പറഞ്ഞു ആശ്വസിപ്പിക്കും "?
ഓര്‍ത്തു നിന്ന  എന്‍റെ കണ്ണുകളില്‍ നിറഞ്ഞു വന്ന കണ്ണുനീരില്‍ അരുവിക്കര ഡാമില്‍ നിന്നും ഒഴുകി 
വന്ന വെള്ളം ബണ്ടുകള്‍ പൊട്ടി ഒഴുകുകയായിരുന്നു ..!!! 

പ്രതീക്ഷയുടെ പുലരി ...


പുതുവര്‍ഷത്തിന്റെ ആദ്യ ദിവസം 
പുതുമകള്‍ ഒന്നും ഇല്ലാതെ 
പുതച്ചു മൂടി കിടന്നു....
പകല്‍ വെയില്‍  കാണാതെ നഗരം 
പകച്ചു നിന്നു.....
പകലന്തിയോളം പണിയെടുത്ത 
പാവം മനുഷ്യന്‍ ..പുതുവര്‍ഷത്തിലും 
പ്രതീക്ഷയുടെ നെടുവീര്‍പ്പിലാണ് ..!!!