Monday, June 25, 2012

"എന്‍റെ വിദ്യാലയം"

"അന്നത്തെ അസംബ്ലിക്ക് പ്രത്യക്ഷത്തില്‍ തന്നെ മനോഹാരിതയുണ്ടായിരുന്നു .
എന്‍റെ വിദ്യാലയമായ ..ഗവണ്മെന്റ് ഹൈ സ്കൂള്‍ ..അഞ്ചാലുംമൂട്ടിലെ 
വിശാലമായ നെല്ലിമരത്തിന്‍ ചുവട്ടില്‍ പ്രധാന അധ്യാപിക ഡോക്ടര്‍ ശ്രീമതി.കസ്തൂരിബായിയുടെ 
നേതൃത്വത്തില്‍ അസംബ്ലി നടക്കുകയാണ് .കുട്ടികളും അധ്യാപകരും വളരെ സന്തോഷത്തില്‍ ആണ് .
എന്‍റെ വിദ്യാലയത്തിലെ കുട്ടികള്‍ ആദ്യമായി യൂണിഫോം അണിയുന്ന ദിവസം ..പിന്നെ
അതേവരെ ഉണ്ടായിരുന്ന ഷിഫ്റ്റ്‌ സിസ്റ്റം മാറി പത്തു മണി മുതല്‍ നാല് മണി വരെയെന്നുള്ള  
പുതിയ സമയത്തിന് തുടക്കം കുറിക്കുന്ന ദിവസം...അങ്ങനെ പല പ്രത്യേകതകളും അസംബ്ലിക്കുണ്ടായിരുന്നു .
ഞാനും ചേച്ചിയുമുള്ള പ്രാര്‍ത്ഥന ഗ്രൂപിന്റെ ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം സ്കൂളില്‍ പുതിയതായി 
എത്തിയ ഒരു കുട്ടി..ആന്റണി ജോണ്‍ (പള്ളിയിലെ അച്ഛന്‍ ആകാന്‍ പോയതാ..പക്ഷെ ചാടിപ്പോന്നു...അതൊരു
രഹസ്യമാണ്) നന്നായി ഗിതാര്‍ വായിക്കും.അവന്റെ ഗിടാരിന്റെ ധ്വനികള്‍ അസംബ്ലിയെ കൂടുതല്‍ 
ഹൃദ്യമാക്കി ...പ്രതിജ്ഞ കഴിഞ്ഞു ..കുട്ടികള്‍  വരി വരിയായി ..പച്ചയും വെള്ളയും അണിഞ്ഞപ്രാവുകളെ
പോലെ അവരവരുടെ ക്ലാസ്സുകളിലേക്ക് നീങ്ങി ...ക്ലാസ്സുകള്‍ സജീവമായി...
എന്‍റെ ആദ്യത്തെ പീരീഡ്‌ മ്യൂസിക്‌ ആയിരുന്നു...സുജാത ടീച്ചര്‍ ഞങ്ങളെ നെല്ലിമര ചുവട്ടിലേക്ക്‌ കൊണ്ട് പോയി.
ആ ടീച്ചര്‍ അങ്ങനെയാണ്.പ്രകൃതിയോടു ചേര്‍ന്ന് നിന്ന് പാടാനായിരുന്നു ഇഷ്ടം..സംഗീതത്തെയും സുജാത ടീച്ചറിനെയും 
ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് ഇന്നും ഓരോ വരികളും സുപരിചിതമാണ്...(ഓര്‍മ്മകള്‍...മധുരിക്കുന്നു)
ഉച്ച വരെയുള്ള പഠിത്തം ഒരു തടസ്സവുമില്ലാതെ മുന്നോട്ട് നീങ്ങി ..ഊണ് കഴിക്കാന്‍ കുട്ടികള്‍ ക്ലാസ്സിനു പുറത്തേക്കു
നീങ്ങി.സ്കൂളില്‍ വെള്ളത്തിന്‌ ബുദ്ധിമുട്ടുള്ളത് കാരണം മിക്ക കുട്ടികളും അടുത്തുള്ള വീടുകളെ അഭയം പ്രാപിച്ചിരുന്നു.
പക്ഷെ പിന്നീട് അടുത്തുള്ള വീടുകളില്‍ പോകാന്‍ പേടിച്ചു തുടങ്ങി...
രാഷ്ട്രീയത്തിന്റെ കളരികള്‍ വിദ്യാലയ അന്തരീക്ഷത്തില്‍ വേരോടിക്കുകയായിരുന്നു..ഇഷ്ടമുന്ടെങ്കിലും ഇല്ലെങ്കിലും 
K.S.U...S.F.I..കൊടിക്കീഴില്‍ കുട്ടികള്‍ക്ക് അണി നിരക്കേണ്ടി വന്നു.ചില കുട്ടികള്‍ ക്ലാസ്സില്‍ കയറാതെ ആയി ..
തെരഞ്ഞെടുപ്പുകളും വിജയ പരാജയങ്ങളും വിദ്യാഭ്യാസത്തിന്റെ പ്രധാന ഭാഗമായി കൊണ്ട് വരാന്‍ നാട്ടിലെ
നേതാക്കന്മാരും മത്സരിക്കുന്ന സമയം ...കളിസ്ഥലങ്ങള്‍ അണികളുടെ യോഗ സ്ഥലങ്ങളായി ..എന്തൊക്കെയോ 
എവിടൊക്കെയോ പുകഞ്ഞു വരുന്ന പോലെ തോന്നി തുടങ്ങി ...
എന്റെ വിദ്യാലയത്തിനു അന്ന് ചെറുതും വലുതുമായി എട്ടു കെട്ടിടങ്ങളാണ് ..അതില്‍ രണ്ടെണ്ണം ഓല മേഞ്ഞതായിരുന്നു .
ആരും ഏഴും ക്ലാസ്സുകള്‍ അവിടെ ആയിരുന്നു നടന്നിരുന്നത് ..നാല് വശത്ത് നിന്നും കാറ്റും പ്രകാശവും കിട്ടുന്ന 
ആ മുറികള്‍ എനിക്കേറെ പ്രിയമായിരുന്നു ..വെള്ളിയാഴ്ചകളില്‍ നടക്കുന്ന മീറ്റിങ്ങുകള്‍ അവിടെ വച്ചായിരുന്നു
നടത്തിയിരുന്നത്...പാട്ട്.കവിത.കഥകള്‍..പ്രസംഗം ..പ്രബന്ധം.ഒക്കെ പ്രചോദനം തന്നു വളര്‍ത്തിയ സ്നേഹധനരായ 
അധ്യാപകര്‍...ജീവിതത്തിന്റെ ആകെത്തുകയായി ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഊഷ്മളമായ നിമിഷങ്ങള്‍ സമ്മാനിച്ച 
ആ ക്ലാസ് മുറികള്‍...

രാഷ്ട്രീയത്തിന്റെ നാറുന്ന ചിന്തകള്‍ എന്‍റെ ക്ലാസ്സുമുറികളില്‍ അഗ്നിനാളമായി പടരുമ്പോള്‍ ...കണ്ണുകളില്‍ ലാവയായി
ഒഴുകിയ രക്തം...ഇന്നും കട്ടപിടിച്ചു കിടക്കുകയാണ് ...
രണ്ടു മണിക്ക് ശേഷം ക്ലാസ്സുകള്‍ തുടങ്ങിയതെയുള്ളു ..എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്‍റെ ക്ലാസ്സിലേക്ക് സാമൂഹ്യപാഠം 
പഠിപ്പിക്കുന്ന രാജമ്മ ടീച്ചര്‍ നേരത്തെ നടന്ന ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ്സുമായി വന്നു .
എല്ലാവര്ക്കും നല്ല മാര്‍ക്കുണ്ടാവും.ടീച്ചറിന്റെ ചുണ്ടില്‍ പുഞ്ചിരിയുടെ പരിവേഷം ..പേപ്പര്‍ ഓരോന്നായി
കൊടുത്തു തുടങ്ങി ...പെട്ടെന്ന് എന്തോ കരിയുന്ന ഗന്ധം  അനുഭവപ്പെട്ടു...എല്ലാവരുടെയും ശ്രദ്ധ പുറത്തേക്ക് ആയി .
അവിടെ എന്തോ പുകയുന്നുണ്ടല്ലോ ....അയ്യോ ...പുക ഉയരുന്നത് ഓല മേഞ്ഞ ക്ലാസ്സുകളില്‍ നിന്നാണല്ലോ ...
കുട്ടികളുടെ കരച്ചിലും..അധ്യാപകരുടെ മുറവിളിയും ....എന്താണ് സംഭവിച്ചത്...ഒരു പിടിയും കിട്ടുന്നില്ല...
അപ്പോള്‍ അതാ..ആ പുകയിലൂടെ കത്തിച്ച പന്തവുമായി എന്‍റെ സ്കൂളിലെ കുട്ടികള്‍ ..(പേരുകള്‍..പറയുന്നില്ല..
അത് പോലെ പാര്‍ട്ടിയും)..കത്തിയെരിയുന്നത് ഓലയാണ്‌ എങ്കിലും കരിയുന്ന സ്വപ്‌നങ്ങള്‍ ഞങ്ങളുടെയല്ലേ...
മണി മുഴക്കത്തിനു കാത്തു നില്‍ക്കാതെ..കരഞ്ഞു കലങ്ങിയ കണ്ണുകളും നെഞ്ചില്‍ ചേര്‍ത്ത് വച്ച പുസ്തകങ്ങളുമായി
കുട്ടികള്‍ വിദ്യാലയം വിട്ടു വീടുകളിലേക്ക് പോയി...
രാവിലെ കണ്ട സ്വപ്‌നങ്ങള്‍ വൈകുന്നതിനു മുന്‍പേ കത്തിയമര്‍ന്നു ...ഹൃദയഭേദകമായ ഈ സംഭവത്തിന്‌
ശേഷം..വീണ്ടും സ്കൂളില്‍ ഷിഫ്റ്റ്‌ സിസ്റ്റം തുടര്‍ന്നു.ക്ലാസ് റൂമുകളുടെ കുറവ് സ്കൂളിന്റെ നടത്തിപ്പിനെ 
നന്നായി ബാധിച്ചു ...
കയ്യില്‍ പുസ്തകത്തിനും പെനയ്ക്കും പകരം കത്തുന്ന പന്തം സ്വയം എന്തുന്ന നമ്മുടെ വിദ്യാര്‍ഥികള്‍ ...
പലരുടെയും സ്വപ്നങ്ങളെ കത്തിക്കരിച്ച എന്‍റെ സഹപാഠികള്‍ ഇന്ന് സമൂഹത്തില്‍ നല്ല നിലയില്‍ 
കഴിയുന്നുണ്ട്...സരസ്വതീ ക്ഷേത്രത്തെ കത്തിയമര്ത്താന്‍ കയ്യില്‍ തീപ്പന്തം എന്തിയ അവരുടെ
മുഖങ്ങള്‍ എന്‍റെ ഓര്‍മകളില്‍ വികൃതമാണ് ...അവരുയര്‍ത്തിയ വേദനയുടെ മുറിവുകളില്‍ ഇന്നും 
രക്തം പൊടിയുകയാണ്‌..പുകമറയ്ക്കുള്ളില്‍ വിക്രുതമാകുന്ന അവരുടെ മുഖനഗല്‍ എന്‍റെ 
വിദ്യാലയത്തിനൊരു ശാപമാണ് .....

ഒളപ്പമണ്ണ പാടിയില്ലേ..
"തിങ്കളും താരങ്ങളും
തൂവെള്ളി ക്കതിര്‍ ചിന്നും
തുന്ഗമാം വാനിന്‍ ചോട്ടി-
ലാനെന്റെ വിദ്യാലയം ...
ഇന്നലെ കണ്ണീര്‍ വാര്‍ത്തു
കരഞീ ടിന വാന 
മിന്നിതാ ചിരിക്കുന്നു
പാലൊളി ചിതറുന്നു ..."
ഒരായിരം കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍ പാലൊളി വിതറുന്ന 
സമാധാന പരമായ അന്തരീക്ഷം വിടരുന്നതാവണം ഓരോ വിദ്യാലയവും..
നമുക്ക് അഭിമാനത്തോടെ പറയണം ഇതാണ് .."എന്‍റെ വിദ്യാലയം"

1 comment: