:::ജീവിതവഴിയിലെ തണല്‍മരങ്ങള്‍ :::
സന്ധ്യ മയങ്ങിത്തുടങ്ങി ...തുളസിത്തറയില്‍ വിളക്കു വച്ച് രാധിക
കൈകൂപ്പി ...'' ഈശ്വരാ...അദ്ദേഹം പോയ കാര്യം നടക്കണേ ...
ആപത്തൊന്നുമില്ലാതെ കാത്തോണമേ..." തിരിയുടെ നാളം നീട്ടി വച്ച് പൂമുഖത്തേക്ക് നടന്നു.
അവിടെ നാമം ചൊല്ലുകയായിരുന്ന മക്കളോടൊപ്പം കൂടി...ഒന്നിച്ചുള്ള സന്ധ്യ പ്രാര്‍ഥനയില്‍
മനസ്സ് സ്വസ്ഥമാവും...പ്രാര്‍ഥന കഴിഞ്ഞു കുട്ടികള്‍ പഠിക്കാനായി അകത്തേക്ക് പോയി
രാധിക ഇടവഴിയിലേക്ക് കണ്ണും നട്ടു വാതിലില്‍ തന്നെ ഇരുന്നു ..അദ്ദേഹത്തിന്റെ അച്ഛനും
ഇതുവരെ റോഡില്‍ നിന്നും എത്തിയിട്ടില്ല...വെറുതെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുമ്പോള്
അവളുടെ മനസ്സ് വല്ലാതെ തുടിക്കയായിരുന്നു ...കൊച്ചു കൊച്ചു മോഹങ്ങള്‍ മനസ്സിലിട്ടു
താലോലിച്ചത് പൂവണിയുമെന്ന് തോന്നുന്നു....വേറൊന്നുമല്ല ...മൂത്ത രണ്ടു പെണ്‍കുട്ടികള്‍ക്കും
വേണ്ടി രണ്ടു കുഞ്ഞു മാലകള്‍ പണിയാന്‍ തട്ടാനോട് പറഞ്ഞിട്ടുണ്ട് ..നാളെ കാശുമായി
ചെല്ലാമെന്നു പറഞ്ഞിട്ടുണ്ട് ...ഇന്ന് അദ്ദേഹത്തിനു കുറച്ചു കാശ് കിട്ടും ...എക്സിബിഷന്‍ വര്‍ക്ക്
സമയത്തിന് മുന്‍പേ ചെയ്തു കൊടുത്ത സന്തോഷത്തിനു കുറച്ചു കൂടുതല്‍ പൈസ കിട്ടുമെന്നാണ്
അദ്ദേഹം പറഞ്ഞത് ..അത് വാങ്ങാനായി ഉച്ച കഴിഞ്ഞു പോയതാണ്....കൂടെ അനിയത്തിയുടെ ഭര്‍ത്താവ്
രാഘവനെ കൂടി കൂട്ടുമെന്നും അറിയാം..അദ്ദേഹത്തിന് അവനെ ഇഷ്ടമല്ലെങ്കിലും ആര്‍ട്ട് വര്‍ക്കുകള്‍
നന്നായി ചെയ്യാന്‍ അറിയാമെന്നത് കൊണ്ട് താന്‍ പറഞ്ഞിട്ടാണ് രാഘവനെ കൂടി ഉള്‍പ്പെടുത്തിയത്...
അതുകൊണ്ട് തന്നെ വിചാരിച്ചതിലും നേരത്തെ വര്‍ക്ക് തീര്‍ക്കാന്‍ കഴിഞ്ഞു ...അതിന്‍റെ സന്തോഷവും
സംതൃപ്തിയും അദ്ദേഹത്തിന്‍റെ മുഖത്തുണ്ടായിരുന്നു ..."ദൈവമേ..അദ്ദേഹത്തിന്‍റെ സന്തോഷത്തിനു
ഭംഗം വരുത്തരുതേ "..മനസ്സുരുകി പ്രാര്‍ത്ഥിച്ചു ...
സന്ധ്യയുടെ മയക്കം ഇരുള്‍ പുതച്ചു തുടങ്ങി ....ഇടവഴിയില്‍ നിന്നും മിന്നാമിനുങ്ങിന്‍ വെട്ടം അടുത്ത് വരുന്നു...
അച്ഛന്റെ ചുണ്ടിലെ ബീഡി തെളിയുന്നതാണെന്ന് അടുത്ത് വന്നപ്പോഴാണ് മനസ്സിലായത്...
"അവനിത് വരെ എത്തിയില്ലേ?..നേരം ഇരുട്ടിയല്ലോ ...നീയിത്തിരി കുടിക്കാന്‍ ചൂട് വെള്ളം കൊണ്ട് വാ"...
തോളില്‍ കിടന്ന തോര്‍ത്ത് കുടഞ്ഞു ചാര് കസേരയില്‍ കാലു നിവര്‍ത്തി അച്ഛന്‍ കിടന്നു ...
രാധിക വെള്ളം എടുക്കാനായി അടുക്കളയിലേക്കു നടന്നു ...."ഇനി എപ്പോഴാണ് അദ്ദേഹം വരുന്നത്...വന്നിട്ട്
ഒരുമിച്ചു അത്താഴം കഴിക്കാമെന്നു വച്ചാല്‍....അച്ഛന് നേരത്തെ കിടക്കണം..പിന്നെ കുട്ടികള്‍ ..."ആലോച്ചിരുന്നു
സമയം ഏറെയായി...അച്ഛനും കുട്ടികള്‍ക്കും ഭക്ഷണം കൊടുത്തു...അവരൊക്കെ ഉറക്കത്തിന്‍റെ ഒരുക്കത്തിലാണ്..
കണ്ണുകള്‍ ഇടവഴിയില്‍ നിന്നും നീങ്ങുന്നില്ല...
"നീ കിടന്നോളൂ ..അവന്‍ വരുമ്പോള്‍ ഞാന്‍ കതകു തുറന്നോളാം .." കിഴക്കേമുറിയില്‍ നിന്നും അച്ഛന്‍റെ ശബ്ദം
മുന്‍ വശത്തെ കതകു കുറ്റിയിട്ടു രാധിക കിടക്കാനായി പോയി .....കിടന്നിട്ടും കണ്ണ് അടയ്ക്കാന്‍ തോന്നുന്നില്ല ..
അച്ഛന്‍റെ ചൂടില്ലാത്തതു കാരണം മോന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കയാണ് ...അവനെയും ചേര്‍ത്ത് പിടിച്ചു
കിടന്ന രാധികയും അറിയാതെ മയക്കത്തിലേക്കു വഴുതി വീണു....ഉറക്കത്തിന്‍റെ അഗാധതയില്‍ എവിടെ നിന്നോ
ഒരു ഓട്ടോയുടെ ശബ്ദം .. മുറ്റത്തു നിന്നും കേള്‍ക്കുന്ന പോലെ ...രാധിക ചാടിയെഴുന്നേറ്റു ...അച്ഛന്‍ കതകു തുറന്നു ..
ഓട്ടോയില്‍ നിന്നും ഇറങ്ങിയ ഓട്ടോക്കാരന്‍ ..".ഈ കിടക്കുന്ന ആള്‍ ഈ വീട്ടിലെ ആണോ ?. ..ഒന്ന് നോക്കിയേ..
"അയ്യോ ...എന്ത് പറ്റി".
കരയാന്‍ തുടങ്ങിയ രാധികയോട് ..."കരയണ്ട പെങ്ങളെ . .ഇദ്ദേഹത്തിനു ഒന്നും സംഭവിച്ചില്ല . .
ചെറിയൊരു ബോധക്ഷയം ...റോഡില്‍ കിടക്കയായിരുന്നു ...ഞാനൊരു സവാരി വിട്ടിട്ടു വരികയായിരുന്നു ..
സെക്കന്റ് ഷോ കഴിഞ്ഞു വന്ന ആരോ ഫിറ്റായി കിടക്കുവാണ് എന്നാണു ഞാന്‍ ആദ്യം കരുതിയത് ..
ചെറിയ ഞരക്കം കേട്ടാണ് ഞാന്‍ അടുത്ത് ചെന്നത് ..അപ്പോള്‍ ഈ പാവം കരയുകയായിരുന്നു ...ഏതോ രാഘവന്‍ ചതിച്ച്ചുവെന്നോ ..പൈസ നഷ്ടമായെന്നോ ...ഒക്കെ
പുലമ്പുന്നുണ്ടായിരുന്നു ...ഒരുപാട് നിര്‍ബന്ധിചിട്ടാണ് കൂടെ വന്നത് .
"ഇനി ഞാന്‍ എന്തിനു വീട്ടില്‍ പോകണം ..അവളോട്
ഞാന്‍ എന്ത് പറയും? എന്‍റെ മക്കളുടെ മാല "...പാവം... പൊട്ടിക്കരയുന്ന ഈ മനുഷ്യനെ വിട്ടിട്ടു വീട്ടില്‍ പോകാന്‍
എനിക്കും മനസ്സ് വന്നില്ല ...എനിക്കും ഇതുപോലെ കാത്തിരിക്കുന്ന ഭാര്യയും നാല് മക്കളും ഉണ്ട് ..."
ഓട്ടോക്കാരന്റെ ഇത്രയും വാക്കുകള്‍ .... രാധികയ്ക്ക് പകല്‍ വെളിച്ചം പോലെ ഒക്കെ മനസ്സിലായി ...അദ്ദേഹം ചെല്ലുന്നതിനു മുന്‍പേ രാഘവന്‍ ചെന്ന് പൈസയും വാങ്ങി കടന്നു കാണും...അതൊരു വല്ലാത്ത ഷോക്ക് ആയി ...അത് കൊണ്ട് ലേശം മദ്യപിച്ചു കാണും അതാണ് ഈ വീഴ്ചയുടെ കാരണം...അദ്ദേഹത്തെ താങ്ങി എടുത്തു അകത്തേക്ക് കിടത്താന്‍ ആ നല്ല മനുഷ്യനും സഹായിച്ചു
പാതിരാ കഴിഞ്ഞ ഈ സമയത്ത് ഒരു ദൈവദൂതനെ പോലെ വന്നു സഹായിച്ച ഈ മനുഷ്യന് എന്ത് കൊടുത്താല്‍ മതിയാകും
കൈകൂപ്പി കണ്ണീരോടെ ."അങ്ങയോടു ഞാന്‍ എങ്ങനെ നന്ദി പറയും ചേട്ടാ..എന്നെയും അഞ്ചു മക്കളെയും അനാധരാക്കാതെ
രക്ഷിച്ച ചേട്ടന് കോടി പുണ്യം കിട്ടും ...ഈ പ്രാര്‍ഥന ..അതല്ലാതെ ഈ പെങ്ങളുടെ കയ്യില്‍ ഒന്നുമില്ല "..രാധിക കരയുമ്പോള്‍
ഓട്ടോക്കാരന്റെ കണ്ണുകളും നിറഞ്ഞു ...വിലമതിക്കാനാവാത്ത പ്രാര്‍ഥനയുടെ പുണ്യം ഏറ്റുവാങ്ങി ആ നല്ല മനുഷ്യന്‍ വിടവാങ്ങുമ്പോള്‍ ..രാധികയുടെ മനസ്സില്‍ ... വിട്ടു പോകുമായിരുന്ന ജീവിതത്തെ തിരികെ കൊണ്ടുവന്ന ദൈവ തുല്യനായ ആ മനുഷ്യന്‍ തണല്‍ മരമായി പടര്‍ന്നു പന്തലിക്കുകയായിരുന്നു ....!!!!