"ഒരു യാത്രയ്ക്കിടയിൽ...."
ട്രെയിൻ കടന്നുവരുന്ന സ്റ്റെഷനും പ്രണയിക്കുന്നവരുടെ മനസ്സും ഒരുപോലെയാണ് ..
അതുവരെ ശാന്തമായിരുന്നിടത്ത് പെട്ടെന്നാണ് ആരവങ്ങൾ ...ഓരോ സ്റ്റെഷനിൽ നിന്നും സ്നേഹത്തിലേക്കും
വിരഹത്തിലേക്കുമുള്ള ദൂരവും തുല്യം ..
.
തിരക്കിട്ട സ്റ്റെഷനിലൂദെ ട്രോളി ബാഗുമായി നീങ്ങുമ്പോൾ "രേണുകയല്ലേ?"..എവിടെ നിന്നോ ഒരു പരിചയമുളള ശബ്ദം...
അടുത്തുവന്ന കണ്ണടക്കാരനെ കണ്ടപ്പോൾ അറിയാതെ അധരങ്ങൾ ചലിച്ചു .."ഹുമയൂണ്‍ "
"അതെ..ഹുമയൂണ്‍ ...രണ്ടുപേരും മറന്നില്ലല്ലോ കൂടെ നിന്ന സ്ത്രീയുടെ വാക്കുകളില അത്ഭുതം തുടിച്ചു .
എങ്ങനെ തോന്നാതിരിക്കും....രേണുകയുടെയും ഹുമയൂണിനുമിടയിൽ കൊഴിഞ്ഞുവീണതു നീണ്ട മുപ്പതു വർഷങ്ങൾ ...
മീശ കുരുക്കാത്ത മെലിഞ്ഞുനീണ്ട പയ്യനും ആദ്യമായി നീളൻപാവാടയുടുത്ത് പ്രീഡിഗ്രി ക്ലാസ്സിലെത്തിയ ചുരുണ്ടമുടിക്കാരി കുസൃതിക്കുട്ടിയും ...ഒരു നിമിഷം ..ഓർമ്മകൾ ടി.കെ എം. കോളേജിന്റെ ക്ലസ്സുമുറികളിലൂടെ
ഓടിനടന്നു .....
ഗേർസ് സ്കൂളിൽ നിന്നും കോളേജിലേക്കുള്ള തയാറെടുപ്പിൽ അമ്മ കുറെ കാര്യങ്ങൾ പറഞ്ഞു...
"ക്ലാസ്സിൽ ആണ്‍ കുട്ടികൾ ഒരുപാട് ഉണ്ടാവും...മുസ്ലിംകോളേജ് ആയതിനാൽകൂടുതൽ പിള്ളേരും മുസ്ലിംസ് ആയിരിക്കും..
മോള് നല്ല കുട്ടിയായിരിക്കണം...ആരുമായും വഴക്കിടരുത്..ചീത്തപ്പെരോന്നും കേൾപ്പിക്കരുത് ...."
ആദ്യമായി നീളാൻ പാവാട ഉടുക്കുന്നതിന്റെ സന്തോഷവും അതുടുത്ത് നടക്കുന്നതിന്റെ ബുദ്ധിമുട്ടും ഒക്കെ തലയിലുണ്ട് .എങ്കിലും അമ്മയുടെ വാക്കുകൽ ഒക്കെ തല കുലുക്കി സമ്മതിച്ചു ....
ഭഗവാനെ എങ്ങും തട്ടി വീഴാതെ രക്ഷിക്കണേ.....മാറോടടുക്കിയ പുസ്തകങ്ങളുമായി കോളേജിൽ എത്തിയപ്പോഴേ നല്ല
മഴ പെയ്തു തുടങ്ങി ...പുതിയ ക്ലാസ്സുകളിൽ പഠിക്കാനെത്തിയ കുട്ടികളെ കാലവർഷം സഹർഷം സ്വാഗതം ചെയ്തു ..
നനഞ്ഞ പാവാടയിൽ തട്ടി വീണ രേണുകയുടെ ചിതറിത്തെറിച്ച പുസ്തകങ്ങളെ പെറുക്കിയെടുത്തു അവളുടെ കൈ
പിടിച്ചുയർത്തിയ പയ്യനോടവൾക്കു ഒട്ടും അപരിചിതത്വം തോന്നിയില്ല ..ഒരു കുടക്കീഴിൽ ക്ലാസ്സിലെത്തിയ അവരെ
കൂട്ടച്ചിരി സ്വാഗതം ചെയ്തപ്പോഴും തെല്ലും ചൂളിയതുമില്ല ....പിന്നെയുള്ള ദിവസങ്ങൽ തികച്ചും അവരുടേത് മാത്രമായിരുന്നു ...ഒരിക്കലും പിരിയാത്ത ഇണ ക്കുരുവികൾ പോലെ കാംപസിലെങ്ങും പറന്നു നടന്നു ...
...രേണുകയും ഹുമയൂണും...എവിടെയും ഒരുമിച്ച് ..ഒരു മനസ്സായി ..
കൂട്ടുകാര് പ്രണയമെന്നു വിളിച്ചെങ്കിലും ആ ബന്ധത്തിനു കൃത്യമായൊരു പേരിടാൻ അവർക്ക് കഴിഞ്ഞില്ല ..
ആ സ്നേഹം ആരുടേയും പോസ്റ്റ്‌മാർട്ടം കത്തിക്ക് വിധേയമാകേണ്ടതില്ല ..അത്രമേൽ സ്വകാര്യം ....ആ ബന്ധത്തിന്റെ ആഴമാണ് അതിന്റെ അനശ്വരത ...ഒരുപക്ഷെ കാലപ്രവാഹത്തിൽ അവർ പുതിയവരാകും ..മട്ടുല്ലവരുട്സേ സ്വന്തമാകും..എങ്കിലും കാലത്തിൽ നിന്ന് മുറിച്ചെടുത്ത് ഈ വർഷങ്ങൾ അവർ സൂക്ഷിച്ചു വയ്ക്കും ..അവരുടെതുമാത്രമായ ഈ രണ്ടു വർഷങ്ങൾ ...
വൈകുന്നേരങ്ങളിൽ പിരിയുമ്പോഴുള്ള നൊമ്പരങ്ങളേപ്പോലും ഇഷ്ടപ്പെട്ടു തുടങ്ങിയ ദിവസങ്ങൽ ....പരസ്പരം സ്നേഹത്തിന്റെ മഴയിൽ നനഞ്ഞുനില്ക്കുകയാണെന്ന് അവര്ക്ക് തോന്നി ...ഓരോ ദീർഘ അവധി കഴിഞ്ഞും
അവരെത്തിയത് ഭൂമിയില അപ്പോൾ പിറന്നു വീണ കുഞ്ഞിനെപ്പോലെയാണ്....കരഞ്ഞു നിലവിളിച്ച് , ആ സ്നേഹപ്രപഞ്ചത്തെ വാരിപ്പുണരാൻ ...
പക്ഷെ കാത്തു നില്ക്കാൻ കാലത്തിനു മനസ്സില്ലായിരുന്നു....എത്ര വേഗം കടന്നുപോയി രണ്ടു വര്ഷം....
ഇത്രയും അടുത്തവർ എങ്ങനെ പിരിയും?..ഒന്നിച്ചു മുന്നോട്ടു പോകാനാവില്ലേ?....
അവർ പരസ്പരം ചോദിച്ചു ...അവർക്ക് ഉത്തരം ഉണ്ടായിരുന്നില്ല...
"പൂക്കളുടെ സുഗന്ധവും കനികളുടെ മധുരവും നിറയ്ക്കുന്ന വസന്ത കാലത്ത് ഒരിക്കൽ ഞാൻ നിന്നെ കാണാൻ വരും ..."എന്നവൻ പറഞ്ഞില്ല. ...
"കടലിരമ്പത്തിന്റെ ആഴത്തിൽ നിന്നും പെറുക്കിയ പവിഴമുത്തുകലുമായി ഞാൻ നിന്നെയും കാത്തിരിക്കും.." എന്ന് അവളും പറഞ്ഞില്ല....
തിങ്ങി നിറഞ്ഞ ജനറൽ കംപാർട്ടുമെന്റ് പോലെ ഉത്സവഭരിതമായിരുന്ന കോളേജു ജീവിതം അവസാന സ്റെഷനിലെ
യാത്രക്കാരെപ്പോലെ നിശബ്ദം കടന്നു പോയി....കൂട്ടുകാരെല്ലാം പിരിഞ്ഞു പോയി....
ട്രെയിനിന്റെ എഞ്ചിൻ സ്റ്റാർട്ടാകുന്ന ശബ്ദം...ഏറ്റവും അരോചകമായത് ..കാക്കക്കൂട്ടിലേക്ക് കല്ലെറിഞ്ഞ പോലെ ..
ഏതൊക്കെയോ ഭാഗങ്ങളിലേക്ക് ചിതറിത്തെറിക്കുന്ന കലപില ഒച്ചകൾ ..മുന്നോട്ടു കുതിക്കുന്തോറും അത് ഒരേ വേഗവും താളവും കൈവരിക്കുന്നു ...പ്രണയത്തിനുമുണ്ട് ആർക്കും പിടികൊടുക്കാത്ത ഇത്തരമൊരു ഊർജ തന്ത്രം ....
മകളുമായി അവധിക്കാലം ചിലവഴിക്കാനായി നാട്ടിലെത്തിയതാണ് രേണുക..കന്യകുമാരിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മകളെ യാത്രയാക്കാൻ എത്തിയ ഹുമയൂണിനെ തിങ്ങി നിറഞ്ഞസ്റ്റെഷനിൽ യാദൃശ്ചികമായി
കണ്ടുമുട്ടിയത് ..അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു...അന്നെന്ന പോലെ...അനശ്വരമായ ബന്ധത്തിന്റെ
ഓർമ്മകൾ ചുരുളഴിയുമ്പോൾ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന രേണുകയുടെ കവിളിൽ സ്നേഹപൂർവ്വം തലോടിക്കൊണ്ട്
ഹുമയൂണ്‍ പറഞ്ഞു..".മോളുടെ ഇതേ പ്രായത്തിലാണ്...നിന്റെ അമ്മ എന്റെ ക്ലാസ്സിലേക്കും പിന്നെ മനസ്സിലേക്കും കടന്നു വന്നത് ..ഇന്നും മറക്കാൻ കഴിയാതെ മനസ്സിലിങ്ങനെ ...." വാക്കുകൽ അർധോക്തിയിൽ വിരമിക്കുമ്പോൾ ആ കണ്ണുകൽ നനഞ്ഞില്ലേ എന്നൊരു സംശയം.
നിറഞ്ഞു വരുന്ന കണ്ണുകളെ വിരൽതുമ്പിൽ മറയ്ക്കുമ്പോൾ തോളിലൂടെ കയ്യിട്ടു മകൽ മന്ത്രിച്ചു.."..ഇന്നും ആ അങ്കിൾ അമ്മയെ......."
ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്തതാണ് മുന്നിലെ വഴി ...സാമാന്തരങ്ങളായി നീങ്ങുന്ന റെയിൽവേ ട്രാക്ക് പോലെ ..
നിനച്ചിരിക്കാതെഎത്തുന്ന ട്രെയിൻ പോലെ അത് കൂട്ടിയിണക്കാൻ പ്രണയം വരാതിരിക്കില്ല.
എപ്പൊഴുമെത്താവുന്ന പ്രണയത്തിനുവേണ്ടിയുള്ള നീക്കിയിരിപ്പാണ് ഈ ജീവിതം ..
ട്രെയിൻ നീങ്ങിത്തുടങ്ങി....
വിടപറയാനായി കൈയ്യുയർത്തുമ്പോൾ രേണുവിന്റെ കണ്ണുകളിലൂടെ നൊമ്പരം ചാലിട്ടൊഴുകുകയായിരുന്നു ..
സമന്തരങ്ങളായി ഒഴുകുന്ന അരുവികൾ പോലെ.....
ഗിരിജാദാമോദരൻ
************************************************************************************************************