"Child is the father of the Man"
എത്ര സത്യമാണ് ...കുഞ്ഞുങ്ങള്‍ മനുഷ്യന്‍റെ പിതാവാണ്
കുഞ്ഞുങ്ങളുടെ പ്രവര്‍ത്തികള്‍ നമ്മളെ പലപ്പോഴും അത്ഭുതപ്പെടുത്തും...
കഴിഞ്ഞ സ്കൂള്‍ അവധിയ്ക്ക് വീട്ടിലെത്തിയപ്പോള്‍ ഉണ്ടായ ഒരു അനുഭവം...
ഉച്ചയൂണ് കഴിഞ്ഞു മയങ്ങാന്‍ കിടന്ന അമ്മാമ്മയുടെ അടുത്തിരുന്നു
കൊച്ചു വര്‍ത്തമാനം പറയുകയാണ് എന്‍റെ ദിവ്യ മോള്‍
അമ്മാമ്മയുടെ പ്രായം..വിദ്യാഭ്യാസം ..വിവാഹം ..ഒക്കെ അവള്‍ക്കറിയണം
അമ്മയ്ക്കും പഴയ ഏടുകള്‍ മറിക്കാന്‍ കൌതുകം ...
"മോള്‍ക്ക് അറിയാമോ പതിനാലാം വയസ്സില്‍ എന്‍റെ കല്യാണം നടന്നു "
"ങേ ....എന്‍റെ ദൈവമേ ..ഇത്ര ചെറിയ വയസ്സില് ആരെങ്കിലും കല്യാണം കഴിക്കുമോ?"
അമ്മാമ്മയ്ക്ക് പ്രതികരിക്കമായിരുന്നില്ലേ?"...മോള്‍ക്ക് അത്ഭുതം
"അന്ന് അങ്ങനെ ഒന്നും നടക്കില്ലായിരുന്നു മോളെ"
"പക്ഷെ അമ്മാമ്മ എന്ത് കൊണ്ട് അവരെ കോടതി കയറ്റിയില്ല "
"എന്തിന്..?"
"അയ്യോ ഈ പാവം അമ്മാമ്മയ്ക്ക് ഒന്നുമറിയില്ല ..കൌമാര വിവാഹം
നടത്തുന്നതിനു എതിരായി അമ്മാമ്മ എന്ത് കൊണ്ട് കേസ് കൊടുത്തില്ല"...
മോളുടെ സംസാരം കേട്ട് അമ്മ പൊട്ടിച്ചിരിച്ചു പോയി ..."ഗിരിജേ ..കേട്ടോ
നിന്‍റെ മോള് എന്തൊക്കെയാ പറയുന്നത്?...."
അടുത്ത മുറിയിലിരുന്നു ഈ രസകരമായ സംഭാഷണം കേട്ട് ഞാനും ചിരിക്കുകയായിരുന്നു...
അമ്മാമ്മയുടെയും മോളുടെയും സംഭാഷണം അങ്ങനെ നീണ്ടു പോയി...രണ്ടു പേരുടെയും
മനസ്സുകള്‍ പലതും പങ്കു വയ്ക്കുകയായിരുന്നു .....!!!!
അടുത്ത ദിവസം നീണ്ടകര അഴിമുഖം കാണുന്നതിനായി മോളുമായി പുറപ്പെട്ടു ....
കായലും കടലും ഒരുമിക്കുന്ന സ്ഥലം ...അതൊരു വല്ലാത്ത അനുഭൂതിയായി...അവര്‍ണ്ണനീയമായ
ആകര്‍ഷണം....മോളുടെ മുഖം സന്തോഷം കൊണ്ട് വികസിക്കുന്നതായി തോന്നി ...
പിറ്റേന്ന് മുതല്‍ ട്രോളിംഗ് ആയതിനാല്‍ കായല്‍ ഒരു പാട് ശാന്തമായിരുന്നു .....
അങ്ങകലെ തീരത്തു കിടക്കുന്ന അനേകം ബോട്ടുകള്‍... ഇനി മൂകമാണ്...
വിജനമായ കായലോരം...നിശബ്ദദ ഭേദിച്ച് കൊണ്ട് ഇടയ്ക്കിടെ ചിറകടിച്ചുയരുന്ന
വെളുത്ത നിറമുള്ള പക്ഷികള്‍ ...ദേശാടന കിളികളെ പോലെ ..എവിടെ നിന്നോ
വന്നു എവിടെയ്ക്കോ പോകുന്നു ...!!!
നട്ടുച്ച സൂര്യന്‍ തലയ്ക്കു മുകളില്‍ ജ്വലിക്കുന്നു ...എങ്കിലും കായലില്‍ നിന്നും ഈര്‍പ്പമുള്ള
കാറ്റ് ചൂടിന്റെ കാഠിന്യം കുറച്ചു....മനസ്സ് നിറയെ കായല് കണ്ടു തിരിച്ച ഞങ്ങള്‍
ചിന്നക്കടയില്‍ എത്തി...slippon നില്‍ കയറി പോപ്പിയുടെ"ചെറിയ" വലിയ കുട
നോക്കുന്നതിനിടയില്‍..മോള്.." അച്ചാജി...എനിക്ക് V K C യുടെ ചപ്പല്‍ വേണം ..."
"ശരി ..വാങ്ങിച്ചോളൂ..." ..ഈ കുട്ടിയുടെ കാലിന്‍റെ അളവിനുള്ള ചപ്പല്‍ കാണിക്കാന്‍
കടയിലുള്ള പയ്യനോട് പറഞ്ഞു ...മോള് കാലു നീട്ടു എന്ന് പറഞ്ഞ പയ്യന്‍റെ കയ്യില്‍
അവള്‍ ഒരു മടക്കി പിടിച്ച കടലാസ്സു കൊടുത്തു ..."ഈ അളവിനുള്ള ചപ്പലാണ്
എനിക്ക് വേണ്ടത് ..."
ചേട്ടനും ഞാനും പരസ്പ്പരം നോക്കി .."ഇതാരുടെ കാലിന്‍റെ അളവാണ് മോളെ?"
മോളോട് ഞാന്‍ ചെവിയില്‍ ചോദിച്ചു ..."ഇത് അമ്മാമ്മയുടെ കാലിന്‍റെ അളവാണ് ..
അമ്മാമ്മ ഉറങ്ങുമ്പോള്‍ അമ്മാമ്മ അറിയാതെ അളവെടുത്തതാണ്...പാവം
അമ്മാമ്മയുടെ ചെരുപ്പുകള്‍ ഒക്കെ പഴയതായി..അത് കൊണ്ട് ഞാന്‍ വിചാരിച്ചതാ
പുതിയ ചെരുപ്പ് വാങ്ങി കൊടുക്കാമെന്നു...പിന്നെ കേരളത്തിന്‍റെ കാലാവസ്ഥയ്ക്ക്
ഈ ചപ്പല്‍ യോജിക്കുകയും ചെയ്യും ..അല്ലെ അമ്മെ?"....അവള്‍ പറഞ്ഞു കഴിഞ്ഞു
ചപ്പല്‍ സെലക്ട് ചെയ്യാന്‍ തുടങ്ങി...
എനിക്കെന്തു കൊണ്ട് ഇങ്ങനെ ഒരു വിചാരം മനസ്സില്‍ ഉണ്ടായില്ല...അമ്മയ്ക്ക് വേണ്ടി
ഞാനല്ലേ ഇത് ചെയ്യേണ്ടിയിരുന്നത് ...കുറ്റബോധം വീര്‍പ്പു മുട്ടി നില്‍ക്കുമ്പോള്‍ ...അവളുടെ
സമാധാനപ്പെടുത്തല്‍.."എനിക്കറിയാം അമ്മ എന്താണ് ആലോചിക്കുന്നത് എന്ന് ...സാരമില്ല
അമ്മെ ..അമ്മയ്ക്ക് തോന്നിയില്ലെന്നു കരുതി കുറ്റബോധം ഒന്നും വേണ്ടാ.."..
അവളുടെ ഓരോ വാക്കുകളും എന്നെ അത്ഭുതപ്പെടുത്തുകയാണ്..എത്ര വേഗം എന്‍റെ
മനസ്സവള്‍ വായിച്ചു ...അവളെയും ചേര്‍ത്ത് പിടിച്ചു വീട്ടിലെത്തുമ്പോള്‍ ...മകള്‍ എന്ന
പുണ്യത്തെ അനുഗ്രഹമായി തന്ന ദൈവത്തിനോട് ഹൃദയം നന്ദി പറയുകയായിരുന്നു ...
അമ്മാമ്മയുടെ കാലില്‍ ചെരിപ്പിടുവിക്കുമ്പോള്‍ അവളനുഭവിക്കുന്ന സന്തോഷം...
പ്രതീക്ഷിക്കാതിരുന്നത് കിട്ടിയതിനുള്ള ചാരിതാര്‍ധ്യം അമ്മയുടെ മുഖത്തും...
അവളെ വാത്സല്യത്തോടെ മാറോടണച്ചു മൂര്‍ധാവില്‍ ചുംബിക്കുമ്പോള്‍
അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയായിരുന്നു...
നമ്മുടെ മനസ്സിനെക്കാളും എത്രയോ വലുതാണ് നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സുകള്‍ ..അല്ലെ?