Friday, September 9, 2016

"നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ ഏതൊരാൾക്കും അയാളുടെ പരിമിതികളെ
അതിജീവിക്കാനാകും ...."
മഹാബലി നൽകുന്ന ചിരകാല പ്രസക്തിയുള്ള പാഠം ..

ഒരസുരൻ തന്റെ മനോഗുണം കൊണ്ട് ഈരേഴു ലോകവും ആദരിക്കുന്ന
തരത്തിൽ നന്മയുടെ പ്രതീകമായി മാറുക..ത്രിമൂർത്തികളുടെയും ദേവന്മാരുടെയും
 മുന്നിൽ സത്യത്തിന്റെയും ധര്മത്തിന്റെയും പ്രതിബിംബമായി തിളങ്ങുക ...

നിഗ്രഹിക്കാൻ വന്നവൻ അനുഗ്രഹിച്ചു പോകുന്ന വ്യക്തിത്വമായിരുന്നു
മഹാബലിയുടേത് ...
പ്രതിപക്ഷ ബഹുമാനം പിടിച്ചു പറ്റാൻ  കഴിഞ്ഞ വേറിട്ട വ്യക്തിത്വത്തെ ..
ഓണക്കാലത്ത് കോലം കെട്ടിച്ചു അവഹേളന കഥാപാത്രമാക്കി ചിത്രീകരിക്കുമ്പോൾ
ഭൂമി മലയാളത്തിന്റെ പൈതൃകത്തെയാണ് അവഹേളിക്കുന്നത് എന്ന കാര്യം നാം വിസ്മരിച്ചു പോകുന്നു കാലഘട്ടത്തിന്റെ രുചിഭേദങ്ങളിലുണ്ടായ ജീർണത തന്നെയാണ് ഇതിനു കാരണം...
മഹാബലിയുടെ മഹത്വത്തെ നിസ്സാരവൽക്കരിക്കാതിരിക്കാൻ ശ്രമിക്കുക ..
ഓണം നിറങ്ങളുടെ ഉത്സവമാണ് ..താളമേളങ്ങളുടെയും ഉത്സവമാണ്...
ഓണം അങ്ങനെ തന്നെ ആഘോഷിക്കുക ...

Saturday, July 23, 2016

.....നെടുവീർപ്പുകൾ ....




പുഴയിൽ കുളിച്ചുതൊഴുതു സന്ധ്യ
നിലാവിൻ വിളക്കു വച്ച് മടങ്ങി
മുറിഞ്ഞ പകലിന്റെ കിനാവുകൾ
ഇരുളിന്നിടനാഴിയിൻ തനിച്ചായി

ശൂന്യത തനിയാവർത്തനം ചെയ്യുമ്പോൾ
വിറപൂണ്ടു നിൽക്കും അക്ഷരങ്ങൾ
എഴുതി മുഴുമിക്കാത്ത കവിതയായ്
കടൽച്ചിപ്പിയിൽ നിശ്ചലം ഉറങ്ങുന്നു

മാറോടണച്ച സ്വപ്നങ്ങളെല്ലാം
മൂകബിംബങ്ങൾ പോൽ തകർന്നുടഞ്ഞു
ഏകാന്തതയുടെ വഴിയമ്പലങ്ങളെ ....
നുറുങ്ങിയ ഹൃത്തിൻ നൊമ്പരങ്ങളെ
വെറുതെ വിട്ടേക്കുക ...

ഗിരിജ ദാമോദരൻ