"പ്രവാസം"
" സ്വപ്‌നങ്ങള്‍ വിരിയും മനസ്സും
പുഞ്ചിരി തിളങ്ങുന്ന കണ്ണുമായി
ജീവനാഥന്റെ കൈപിടിച്ച്ചെത്തി
ചരിത്രമുറങ്ങും മഹാനഗരിയില്‍ ....
വേഷഭൂഷാദികള്‍ വര്‍ണപ്പകിട്ടുകള്‍
വാക്കുകളെന്നില്‍ വാചാലമായി...
"മദ്രാസ്സി" എന്ന ഒറ്റവാക്കില്‍
തെക്കേ ഇന്ത്യയെ കാണുന്ന നാട്ടില്‍
മനസ്സിനെ പാകപ്പെടുത്തുവാന്‍
മാസങ്ങള്‍ ഏറെ വേണ്ടി വന്നു...
സഹപാഠികളുടെ പരിഹാസവാക്കുകള്‍
സംശയമില്ലാതെ കുറിച്ചു വച്ചു....
നാളെയെനിക്കുത്തരം നല്‍കണം എന്നോര്‍ത്ത്
വാക്കുകള്‍ പരതി ഞാന്‍ "റാപിടെക്സി"ല്‍
ക്ഷതമേറ്റ ആത്മാഭിമാനമെന്നില്‍
അഗ്നിയായി ആളിപ്പടര്‍ന്നു ....
മൌനത്തിന്‍ വല്‍മീകം ഭേദിച്ച് ഞാനെന്‍റെ
ഭാഷണം തുടങ്ങി ശുദ്ധ ഹിന്ദിയില്‍...
വാ പൊളിച്ചിരുന്ന സതീര്ധ്യരെ നോക്കി
അന്തരംഗം മന്ത്രിച്ചു ...ഇതൊരു തുടക്കം മാത്രം
പിന്തിരിഞ്ഞു പോവില്ലോരിക്കലും
കാലിടറാതെ ഞാന്‍ നിവര്‍ന്നു നില്‍ക്കും ...
കണ്ണിമ ചിമ്മാതെ കാലം കടക്കുന്നു
കടമ്പകള്‍ കടന്നു മുന്നേറുന്നു ....
കിട്ടാത്ത പൂവിന്‍ പൂക്കളം ഒരുക്കി
മനസ്സില്‍ പൂമുറ്റം മിനുക്കി വയ്ക്കും
ഓണത്തപ്പനും ഓണ നിലാവും
കളിയൂഞ്ഞാലാടി കടന്നുപോയി ..
ഓര്‍മകളില്‍ എന്നും അനുഭൂതികളുടെ
ഓടിക്കളിക്കുന്ന മിന്നലാട്ടം ...
നാമ മാത്രമാവുന്ന ബന്ധങ്ങളില്‍
സ്നേഹത്തിന്‍ കിരണങ്ങള്‍ നൊമ്പരമായ് ..
ഓര്‍ക്കുവാന്‍ ഭൂമിക്കു ചലനമുണ്ടാവണം
അല്ലെങ്കില്‍ ,ഒരു ബോംബുസ്ഫോടനമെങ്കിലും ...
നിര്‍ത്താതെ മുഴങ്ങും ടെലഫോണ്‍ മണികളില്‍
നുരയും ബന്ധങ്ങള്‍... സോപ്പുപതപോലെ....
കാണുവാന്‍ കേള്‍ക്കുവാന്‍ കൊതിയോടെയെത്തുന്ന
കാതുകള്‍ക്ക് ഭാഗ്യം വെറും രണ്ടു ചോദ്യങ്ങള്‍ ...
നഷ്ടസ്വപ്നത്ത്തിന്‍ നെടുവീര്‍പ്പിലും
നാമജപത്തിന്‍ നൈര്‍മല്യം
നഷ്ടമായോരെന്‍ നാട്ടിനെക്കാളും
ഇഷ്ടപ്പെടുന്നു ഞാനീ പ്രവാസം ...!!! "