Tuesday, December 10, 2013

ഇളം വെയിലിൻ പരിരംഭണത്തിൽ 
കവിൾ തുടുത്ത പൂവിനെ നോക്കി 
പുഞ്ചിരിക്കുന്ന പൂമ്പാറ്റയുടെ 
ഹൃദയം മന്ത്രിച്ചു ....
എനിക്ക് നിന്നോട് പ്രണയമാണ് ..
ഞാൻ അറിയുന്നു നിന്നിൽ 
നിറയുന്ന പ്രണയത്തിൻ സുഗന്ധം ...
മത്തുപിടിപ്പിക്കുന്ന മധുചഷകം 
ആവോളം നുകരുവാൻ കൊതിക്കുന്നു ...
ഇനിയും നിന്നിലലിയാൻ എത്രനേരം .....
ഇളംതെന്നൽ നിന്നെ തലോടുമ്പോൾ
ഇടനെഞ്ഞിലൊരു വിങ്ങൽ നിറയുന്നു
വിറ യാർന്ന ദലപുടങ്ങളിൽ അധരങ്ങൾ
ചേർക്കുവാൻ ത്രസിക്കുമെൻ ഹൃദയം ...

Thursday, October 31, 2013

"തൂവൾ മേഘം "


ഒരു നല്ല സായാഹ്നം ചിലവഴിക്കാനാണ് അവൻ അവളെയും കൂട്ടി കടല്ക്കരയിലെത്തിയത്
പക്ഷെ അവൾക്ക് ഒരു ഉന്മേഷവും ഇല്ലാതെ പൂഴിമണ്ണിൽ വെറുതെ വിരലോടിച്ചിരുന്നു ...
ഏറെ നേരം മൌനിയായിരുന്ന അവളോട്‌ അവൻ ചോദിച്ചു ....
"കൂട് തുറന്നു പറക്കാൻ തോന്നുന്നുണ്ട്... അല്ലെ?"
"അതെ..." അവളുടെ ഉത്തരം
"ചിറകൊടിഞ്ഞ കിളിയെപോലെ ...കണ്ടിരുന്നു കവിതയിൽ ആ നിരാശ ..."
"എന്തു  ചെയ്യും?..."
അവൻ പറഞ്ഞു തുടങ്ങി ....
"തൽക്കാലം  സ്വപ്ന ങ്ങൾ ൾ കൊണ്ടൊരു വർണച്ചിറക് ഉണ്ടാക്കു ..എന്നിട്ട് മെല്ലെ മെല്ലെ
അതിനു ജീവൻ കൊടുക്കു ...".
"എന്നിട്ട് .....?"
"എന്നിട്ട് നീലാകാശവും ഭൂമിയും സംഗമിക്കുന്ന അനന്തതയിലേക്ക് പറക്കൂ ...
ഉടമസ്തനില്ലാത്ത പട്ടം  പോലെ ..."
അവളുടെ അധരങ്ങളും ചലിച്ചു തുടങ്ങി ..."അങ്ങനെ പറന്നു പറന്നു അനന്തതയിലേക്ക് ...."
അവൻ ചോദിച്ചു..."ദൂരെ പട്ടു പോലെ നീങ്ങുന്ന വെൻമേഘങ്ങളോട് എന്ത് പറയും ?"
ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരിയോടെ .അവൾ മൊഴിഞ്ഞു ....
"എന്റെ കൂടെ കൂടുമോ അനന്തകാലം വരെ പ്രണയിക്കുവാൻ "
അപ്പോൾ മേഘം പറയും..."എനിക്ക് നിന്നെ തലോടാനെ കഴിയു ..ഒരു തണുത്ത കാറ്റ് വീശുമ്പോൾ ....എനിക്ക് ഭൂവിലേക്ക് പോകണം ..മഴത്തുള്ളികളായി......പക്ഷെ ഞാൻ വീണ്ടും വരും ഒരു നേരത്ത പഞ്ഞിക്കെട്ടു പോലെ നിന്നെ പുണരുവാൻ വേണ്ടി മാത്രം "
മാസ്മരികമായ അനുഭൂതിയിൽ അവളുടെ ഹൃദയം മന്ത്രിച്ചു...
"എന്റെ മേഘമേ..നീ എനിക്കു വേണ്ടി പൊഴിയുമെങ്കിൽ .....കല്പാന്ത കാലത്തോളം നിന്നെയും കാത്ത് ....ഞാനിവിടെ..."
വികാരാധീനമായ അവന്റെ ഹൃദയം അവളോട്‌ പറഞ്ഞു ....
"ഈ ഭൂമിയിൽ  എനിക്കായ് കാത്തിരിക്കുമെങ്കിൽ ഞാൻ പെയ്തീടാം...നിൻ മേനിയിൽ  ഒരു കുളിരായ്...
പിന്നെ ഒരു പുഴയായി ഒഴുകീടാം ..ഒരു മനസ്സും ഒരു ശരീരവുമായി ...
ഒരിക്കലും പിരിയാതെ ..ഒന്നായലിഞ്ഞു...ഒരു നിർവൃതിയായ്
ദൂരെയേതോ കടല്ത്തിരകളുടെ താരാട്ടു കേട്ട് ..അതിന്റെ അഗാധതയിൽ ഒളിച്ചിരുന്ന്
നമുക്ക് പരസ്പരം ലയിച്ചു ചേരാം ......
പിന്നെ ...ഒരു നാൾ പുനർജനിക്കാം  നമുക്ക് ....സ്വപ്നച്ച്ചിറകുള്ള പൈങ്കിളിയായും
വെൻതൂവൾമേഘമായും ....."

പൂഴിമണ്ണിൽ വിരലോടിച്ചിരുന്ന അവൾ പെട്ടെന്ന് അവന്റെ കയ്യും പിടിച്ചു പറഞ്ഞു ..
"നമുക്ക് ഓടാം ..ഈ നനഞ്ഞ മണ്ണിലൂടെ ...കാലിൽ ചിലങ്ക അണിയിക്കുന്ന തിരമാലകളുടെ പിന്നാലെ ...വരൂ..."
അവളുടെ കണ്ണുകളിൽ വിരിയുന്ന കുസൃതി കണ്ടപ്പോൾ അവനിലെ കുസൃതിപ്പയ്യനും
അവളോടൊപ്പം ഓടിത്തുടങ്ങി ....നല്ലൊരു സായാഹ്നത്തിന്റെ അനുഭൂതിയിൽ ...നേർത്ത  പഞ്ഞിക്കെട്ടു പോലെ....

Monday, October 21, 2013

 " ശലഭജന്മങ്ങൾ "

ഇളം കാറ്റിന്റെ മൃദുലതയിൽ
ഇളകിയാടുന്ന ജാലക വിരികൾ
ഇമ ചിമ്മാതെ നോക്കിക്കിടന്നു
ഇന്നലെകൾക്ക് മുന്നിൽ പിടിച്ച കണ്ണാടിയിൽ
ഇന്ന് കരുതി വയ്ക്കേണ്ട മഞ്ചാടിമണികൾ
ചിതറിയകലുന്നു കടുകുമണികൾ പോലെ

പാറിപ്പറന്നു നടന്നൊരെൻ പാദത്തെ
പാതിവഴിയിൽ തളർത്തിയിട്ടു
പരിലസിക്കുവാൻ കൊതിച്ചൊരു പൂവിനെ
പാഴ്മുകുളമായ് തകർത്തെറിഞ്ഞു

വർണ്ണങ്ങൾ നിറഞ്ഞോരെൻ ജീവിതം
വിറങ്ങലിച്ചു നിശ്ചലം നിർജീവം
വാടിത്തളർന്നു  വീണു ഞാൻ മണ്ണിൽ
വിതുമ്പി നനഞ്ഞൊരു കവിത പോലെ

മാഞ്ഞു പോയിരിക്കുന്നു മാനത്തിനുമപ്പുറം
മനസ്സു തുറന്നു ചിരിച്ച നിമിഷങ്ങൾ ...

എന്റെ പരിഭവം ഞാൻ ആരോട് ചൊല്ലും
എരിഞ്ഞടങ്ങുന്ന സൂര്യനോടോ?
എന്നെ കുത്തി നോവിച്ച മുള്ളുകളോടോ?
ഹൃദയം  തിരയടങ്ങാത്ത കടൽ  പോലെ

നിഴലിനെപ്പോലും പേടിക്കുന്നോരീ
ശലഭജന്മത്തിനു കഴിയുമോ
നിശബ്ദതയിൽ തേങ്ങുന്ന  അമ്മയുടെ
മിഴിനീരൊപ്പുവാൻ.....
 


Friday, September 27, 2013

"ഒരു യാത്രയ്ക്കിടയിൽ...."


ട്രെയിൻ കടന്നുവരുന്ന സ്റ്റെഷനും  പ്രണയിക്കുന്നവരുടെ മനസ്സും ഒരുപോലെയാണ് ..
അതുവരെ ശാന്തമായിരുന്നിടത്ത് പെട്ടെന്നാണ് ആരവങ്ങൾ ...ഓരോ സ്റ്റെഷനിൽ നിന്നും സ്നേഹത്തിലേക്കും
വിരഹത്തിലേക്കുമുള്ള  ദൂരവും തുല്യം ..
.
തിരക്കിട്ട സ്റ്റെഷനിലൂദെ ട്രോളി ബാഗുമായി നീങ്ങുമ്പോൾ "രേണുകയല്ലേ?"..എവിടെ നിന്നോ ഒരു പരിചയമുളള ശബ്ദം...
അടുത്തുവന്ന കണ്ണടക്കാരനെ  കണ്ടപ്പോൾ അറിയാതെ അധരങ്ങൾ ചലിച്ചു .."ഹുമയൂണ്‍ "
"അതെ..ഹുമയൂണ്‍ ...രണ്ടുപേരും മറന്നില്ലല്ലോ കൂടെ നിന്ന സ്ത്രീയുടെ വാക്കുകളില അത്ഭുതം തുടിച്ചു .
എങ്ങനെ തോന്നാതിരിക്കും....രേണുകയുടെയും ഹുമയൂണിനുമിടയിൽ കൊഴിഞ്ഞുവീണതു നീണ്ട മുപ്പതു വർഷങ്ങൾ ...
മീശ കുരുക്കാത്ത മെലിഞ്ഞുനീണ്ട പയ്യനും ആദ്യമായി നീളൻപാവാടയുടുത്ത്‌ പ്രീഡിഗ്രി ക്ലാസ്സിലെത്തിയ ചുരുണ്ടമുടിക്കാരി കുസൃതിക്കുട്ടിയും ...ഒരു നിമിഷം ..ഓർമ്മകൾ ടി.കെ എം. കോളേജിന്റെ ക്ലസ്സുമുറികളിലൂടെ
ഓടിനടന്നു .....

ഗേർസ് സ്കൂളിൽ നിന്നും കോളേജിലേക്കുള്ള  തയാറെടുപ്പിൽ അമ്മ കുറെ കാര്യങ്ങൾ പറഞ്ഞു...
"ക്ലാസ്സിൽ ആണ്‍ കുട്ടികൾ ഒരുപാട് ഉണ്ടാവും...മുസ്ലിംകോളേജ് ആയതിനാൽകൂടുതൽ പിള്ളേരും മുസ്ലിംസ് ആയിരിക്കും..
മോള് നല്ല കുട്ടിയായിരിക്കണം...ആരുമായും വഴക്കിടരുത്..ചീത്തപ്പെരോന്നും കേൾപ്പിക്കരുത് ...."
ആദ്യമായി നീളാൻ പാവാട ഉടുക്കുന്നതിന്റെ സന്തോഷവും അതുടുത്ത് നടക്കുന്നതിന്റെ ബുദ്ധിമുട്ടും ഒക്കെ തലയിലുണ്ട് .എങ്കിലും അമ്മയുടെ വാക്കുകൽ ഒക്കെ തല കുലുക്കി സമ്മതിച്ചു ....
ഭഗവാനെ എങ്ങും തട്ടി വീഴാതെ രക്ഷിക്കണേ.....മാറോടടുക്കിയ പുസ്തകങ്ങളുമായി കോളേജിൽ എത്തിയപ്പോഴേ നല്ല
മഴ പെയ്തു തുടങ്ങി ...പുതിയ ക്ലാസ്സുകളിൽ പഠിക്കാനെത്തിയ കുട്ടികളെ കാലവർഷം സഹർഷം സ്വാഗതം ചെയ്തു ..

നനഞ്ഞ പാവാടയിൽ തട്ടി വീണ രേണുകയുടെ ചിതറിത്തെറിച്ച പുസ്തകങ്ങളെ പെറുക്കിയെടുത്തു അവളുടെ കൈ
പിടിച്ചുയർത്തിയ പയ്യനോടവൾക്കു ഒട്ടും അപരിചിതത്വം തോന്നിയില്ല ..ഒരു കുടക്കീഴിൽ ക്ലാസ്സിലെത്തിയ അവരെ
കൂട്ടച്ചിരി സ്വാഗതം ചെയ്തപ്പോഴും തെല്ലും ചൂളിയതുമില്ല ....പിന്നെയുള്ള ദിവസങ്ങൽ തികച്ചും അവരുടേത് മാത്രമായിരുന്നു ...ഒരിക്കലും പിരിയാത്ത ഇണ ക്കുരുവികൾ പോലെ കാംപസിലെങ്ങും പറന്നു നടന്നു ...
...രേണുകയും ഹുമയൂണും...എവിടെയും ഒരുമിച്ച് ..ഒരു മനസ്സായി ..

കൂട്ടുകാര് പ്രണയമെന്നു വിളിച്ചെങ്കിലും ആ ബന്ധത്തിനു കൃത്യമായൊരു പേരിടാൻ അവർക്ക്  കഴിഞ്ഞില്ല ..
ആ സ്നേഹം ആരുടേയും പോസ്റ്റ്‌മാർട്ടം കത്തിക്ക് വിധേയമാകേണ്ടതില്ല ..അത്രമേൽ സ്വകാര്യം ....ആ ബന്ധത്തിന്റെ ആഴമാണ് അതിന്റെ അനശ്വരത ...ഒരുപക്ഷെ കാലപ്രവാഹത്തിൽ അവർ പുതിയവരാകും ..മട്ടുല്ലവരുട്സേ സ്വന്തമാകും..എങ്കിലും കാലത്തിൽ നിന്ന് മുറിച്ചെടുത്ത് ഈ വർഷങ്ങൾ അവർ സൂക്ഷിച്ചു വയ്ക്കും ..അവരുടെതുമാത്രമായ ഈ രണ്ടു വർഷങ്ങൾ ...

വൈകുന്നേരങ്ങളിൽ പിരിയുമ്പോഴുള്ള നൊമ്പരങ്ങളേപ്പോലും ഇഷ്ടപ്പെട്ടു തുടങ്ങിയ ദിവസങ്ങൽ ....പരസ്പരം സ്നേഹത്തിന്റെ മഴയിൽ  നനഞ്ഞുനില്ക്കുകയാണെന്ന് അവര്ക്ക് തോന്നി ...ഓരോ ദീർഘ  അവധി കഴിഞ്ഞും
അവരെത്തിയത് ഭൂമിയില അപ്പോൾ പിറന്നു വീണ കുഞ്ഞിനെപ്പോലെയാണ്....കരഞ്ഞു നിലവിളിച്ച് , ആ സ്നേഹപ്രപഞ്ചത്തെ  വാരിപ്പുണരാൻ ...
പക്ഷെ കാത്തു നില്ക്കാൻ കാലത്തിനു മനസ്സില്ലായിരുന്നു....എത്ര വേഗം കടന്നുപോയി രണ്ടു വര്ഷം....
ഇത്രയും അടുത്തവർ എങ്ങനെ പിരിയും?..ഒന്നിച്ചു മുന്നോട്ടു പോകാനാവില്ലേ?....
അവർ പരസ്പരം ചോദിച്ചു ...അവർക്ക്  ഉത്തരം ഉണ്ടായിരുന്നില്ല...

"പൂക്കളുടെ സുഗന്ധവും കനികളുടെ മധുരവും നിറയ്ക്കുന്ന വസന്ത കാലത്ത് ഒരിക്കൽ ഞാൻ നിന്നെ കാണാൻ വരും ..."എന്നവൻ പറഞ്ഞില്ല. ...
"കടലിരമ്പത്തിന്റെ ആഴത്തിൽ നിന്നും പെറുക്കിയ പവിഴമുത്തുകലുമായി ഞാൻ നിന്നെയും കാത്തിരിക്കും.." എന്ന് അവളും പറഞ്ഞില്ല....
തിങ്ങി നിറഞ്ഞ ജനറൽ കംപാർട്ടുമെന്റ് പോലെ ഉത്സവഭരിതമായിരുന്ന കോളേജു ജീവിതം അവസാന സ്റെഷനിലെ
യാത്രക്കാരെപ്പോലെ നിശബ്ദം കടന്നു പോയി....കൂട്ടുകാരെല്ലാം പിരിഞ്ഞു പോയി....


ട്രെയിനിന്റെ എഞ്ചിൻ സ്റ്റാർട്ടാകുന്ന  ശബ്ദം...ഏറ്റവും അരോചകമായത് ..കാക്കക്കൂട്ടിലേക്ക് കല്ലെറിഞ്ഞ പോലെ ..
ഏതൊക്കെയോ ഭാഗങ്ങളിലേക്ക് ചിതറിത്തെറിക്കുന്ന കലപില ഒച്ചകൾ ..മുന്നോട്ടു കുതിക്കുന്തോറും അത് ഒരേ വേഗവും താളവും കൈവരിക്കുന്നു ...പ്രണയത്തിനുമുണ്ട് ആർക്കും  പിടികൊടുക്കാത്ത ഇത്തരമൊരു ഊർജ തന്ത്രം ....


മകളുമായി അവധിക്കാലം ചിലവഴിക്കാനായി നാട്ടിലെത്തിയതാണ് രേണുക..കന്യകുമാരിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മകളെ യാത്രയാക്കാൻ  എത്തിയ ഹുമയൂണിനെ തിങ്ങി നിറഞ്ഞസ്റ്റെഷനിൽ  യാദൃശ്ചികമായി
കണ്ടുമുട്ടിയത്‌ ..അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു...അന്നെന്ന പോലെ...അനശ്വരമായ  ബന്ധത്തിന്റെ
ഓർമ്മകൾ ചുരുളഴിയുമ്പോൾ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന രേണുകയുടെ കവിളിൽ സ്നേഹപൂർവ്വം തലോടിക്കൊണ്ട്
ഹുമയൂണ്‍ പറഞ്ഞു..".മോളുടെ ഇതേ പ്രായത്തിലാണ്...നിന്റെ അമ്മ എന്റെ ക്ലാസ്സിലേക്കും പിന്നെ മനസ്സിലേക്കും കടന്നു വന്നത് ..ഇന്നും മറക്കാൻ കഴിയാതെ മനസ്സിലിങ്ങനെ ...." വാക്കുകൽ അർധോക്തിയിൽ  വിരമിക്കുമ്പോൾ ആ കണ്ണുകൽ നനഞ്ഞില്ലേ എന്നൊരു സംശയം.

നിറഞ്ഞു വരുന്ന കണ്ണുകളെ വിരൽതുമ്പിൽ മറയ്ക്കുമ്പോൾ തോളിലൂടെ കയ്യിട്ടു മകൽ  മന്ത്രിച്ചു.."..ഇന്നും ആ അങ്കിൾ അമ്മയെ......."

ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്തതാണ് മുന്നിലെ വഴി ...സാമാന്തരങ്ങളായി  നീങ്ങുന്ന റെയിൽവേ ട്രാക്ക് പോലെ ..
നിനച്ചിരിക്കാതെഎത്തുന്ന ട്രെയിൻ  പോലെ അത് കൂട്ടിയിണക്കാൻ പ്രണയം വരാതിരിക്കില്ല.
എപ്പൊഴുമെത്താവുന്ന പ്രണയത്തിനുവേണ്ടിയുള്ള നീക്കിയിരിപ്പാണ്  ഈ ജീവിതം ..

ട്രെയിൻ  നീങ്ങിത്തുടങ്ങി....
വിടപറയാനായി   കൈയ്യുയർത്തുമ്പോൾ രേണുവിന്റെ കണ്ണുകളിലൂടെ നൊമ്പരം ചാലിട്ടൊഴുകുകയായിരുന്നു ..
സമന്തരങ്ങളായി ഒഴുകുന്ന അരുവികൾ പോലെ.....  

ഗിരിജാദാമോദരൻ
************************************************************************************************************

Friday, September 20, 2013

"നഷ്ട സ്വപ്‌നങ്ങൾ "

മറക്കുടയും ചൂടി മാവേലി മന്നൻ
നടന്നു...എൻന്‍  ഗ്രാമവഴിയിലൂടെ..
നാടൻ പാട്ടിന്റെ ശീലിനു കാതോർത്ത്
പൂവിളിക്കായ്‌ കൊതിച്ചു മന്നൻ ...

ചെത്തിയൊരുക്കിയ വഴികളിൽ കണ്ടില്ല
ചെത്തിയും മന്ദാരവും ചേമന്തിയും
ഈറന്‍ മഴത്തുള്ളി തൊടിയിലൂടെ
ഊയലാടിപ്പാടുന്ന തുമ്പിയില്ല ,
കൊലുസിട്ട പാദങ്ങൾ ഓടിത്തിമർക്കുന്ന
കൊച്ച്ചൂഞ്ഞാലുകൾ കണ്ടതില്ല .

 തുമ്പയും തുളസിയും മന്ദാരപൂക്കളും
കണ്ടില്ലയൊന്നുമേ എൻ ഗ്രാമവീഥിയില്‍
മുറ്റത്തു വിരിയേണ്ട അത്തപ്പൂവര്‍ണ്ണങ്ങള്‍
നഷ്ടസ്വപ്നം പോൽ വിളറിക്കിടക്കുന്നു ..

മയിൽ‌പ്പീലി വിരിക്കുമെൻ ഗ്രാമത്തിൻ ഭംഗി
മനസ്സിന്റെ കോലായിൽ മങ്ങിക്കിടക്കുന്നു ....
കൈവിട്ടു പോകുന്ന ഗ്രാമത്തിൻ നൈർമല്യം
കിട്ടില്ല കിട്ടില്ല നെഞ്ചോടു ചേർക്കുവാൻ...!!!!

Friday, August 30, 2013

ആൾത്തറ.കൂട്ടായ്മയിലൂടെ അച്ചടിമഷി പുരണ്ട എന്റെ കവിത ..

Thursday, August 1, 2013

ഓർമകളുടെ പാദസ്വനം....

ഒഴിഞ്ഞ മുറിയിലെ 
തളം  കെട്ടിയ ശൂന്യതയിൽ 
ഓടാമ്പൽ മാറ്റിയെത്തിയ 
ഓർമകളുടെ പാദസ്വനം....
ഇടനാഴിയിൽ ആരോ 
എന്റെ നാമം ഉരുവിട്ടപോലെ ...
തിരിഞ്ഞു നോക്കിയപ്പോൾ 
കാറ്റിൽ തുറന്നടയുന്ന 
പഴയ പുസ്തകത്താളിൻ 
മൃദുമർമരം .....
മരിച്ചിട്ടും മരിക്കാത്ത 
അക്ഷരമുത്തുകളിൽ 
വായിച്ചു ഞാനെന്റെ 
അച്ഛന്റെ ഹൃദയം ...!!!!! 

Monday, July 15, 2013

എനിക്കു ചുറ്റും മതിലുകൾ തീർക്കുമ്പോൾ 
എന്തെ നീ തളച്ചില്ല ..
എന്നോ പടി വിട്ടിറങ്ങിയ 
എന്റെ മനസ്സിനെ ...

Thursday, April 25, 2013

എനിക്കും നിനക്കുമിടയിൽ ഘനീഭവിച്ചു നില്ക്കുന്നു മൌനം 
നിറങ്ങൽ  ചാലിച്ച സ്വപ്‌നങ്ങൾ വിതുമ്പി .. .. 
നിങ്ങളെന്താ ഇങ്ങനെ ..... ?

Sunday, April 21, 2013

നമ്മെ പോറ്റി വളർത്തുന്ന   ഭൂമിയെ 
നോവിക്കില്ല എന്ന് നമുക്ക് ഈ 
ദിനത്തിൽ പ്രതിൻജ്ഞ എടുക്കാം... 
ചുട്ടു പൊള്ളുന്ന ഭൂമിയിൽ നിന്നും ഉയരുന്ന 
തീച്ചൂടിൾ നമ്മൾ വരണ്ടുണങ്ങുമ്പോൾ ...
തണൽ മരങ്ങൾ നട്ടും 
പ്രകൃതിയോടു ചേർന്ന് ജീവിച്ചും 
പ്രതീക്ഷയുടെ പച്ചതുരുത്തുകൾ ഒരുക്കിയും 
ഭൂമിക്കു തണലേകാം.... 
EARTH, the home for all the flora & fauna 
needs to be protected against every danger...
Save our Home....Protect it....  

Friday, April 19, 2013

ഇല പൊഴിഞ്ഞ കൊന്നമരത്തിൻ ശിഖരങ്ങളിൽ 
മൊട്ടിടുന്ന സ്വർ ണമണികൾ പോലെയുള്ള 
കുഞ്ഞു പൂവുകൾ .... ഇനിയും ചേക്കേറുന്ന വസന്തം പോലെ 
ഇലകളില്ലാത്ത മരങ്ങളിലെ കാറ്റിലാടുന്ന 
മഞ്ഞമണിമുത്തുകൾ .... 
നയനമനോഹരമീ കാഴ്ച ... 

Saturday, April 13, 2013


മുറ്റത്തെ നാട്ടുമാവിൽ കൊമ്പിലിരുന്നു ഇപ്പോൾ വിഷുപ്പക്ഷി 
പാടുമോ എന്നറിയില്ല .നമ്മുടെ സങ്കല്പങ്ങളും ജീവിതശൈലികളും 
മാറിവരുന്ന ഈ കാലത്ത് വെളുപ്പിന് ഉണരുന്നതും കണികാണുന്നതുമെല്ലാം 
നമ്മുടെ ജീവിതത്തിന്റെയും സന്തോഷത്തിന്റെയും ഭാഗമായിരുന്നു 
എന്ന് എത്ര പേർ  ഓർക്കുന്നുണ്ട്?
   കണിക്കൊന്നകൾ പൂക്കുന്ന മേടനിലാവിന്റെ വെളിച്ചത്തിൽ 
പുതിയ മലയാള വർഷത്തെ വരവേൽക്കുകയാണ് ഓരോ വിഷുവും എന്ന് 
എന്റെ മകളെപ്പോലെ മറുനാടൻ മലയാളിക്കുട്ടികൽക്കറിയില്ല ..
വിഷു .വെളിച്ചത്തിന്റെ ,പ്രതീക്ഷയുടെ, മനസ്സിലെ നന്മയുടെ  ഉത്സവമാണ് ..
മനസ്സിലെ സ്വപ്നങ്ങൽക്കും ഹൃദയത്തിലെ ആഗ്രഹങ്ങൾക്കും പരിധികളി ല്ല ... 
സ്വപ്നങ്ങളിലെ വിഷുക്കണിക്കും ..."ഏതു ലോകത്ത് പുലർന്നാലും  ഏതു  സങ്കല്പങ്ങളിൽ
വളര്ന്നാലും മനസ്സിൽ ഉണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും 
പിന്നെ ഇത്തിരി കൊന്നപ്പൂവും ... "

Sunday, April 7, 2013

നിൻ മൌനമെ ൻ മനസ്സിൽ മഴക്കാറായ് വിങ്ങുമ്പോൾ 
മിഴികളിൽ പെയ്തിറങ്ങുമെന്നനുരാഗം ...

Saturday, April 6, 2013


കുയിലിന്റെ പിന്നാലെ...!!!!!

പ്രഭാതത്തിലെ നടത്ത മനസ്സിനും ശരീരത്തിനും ഉന്മേഷം 
പകരുന്നതാണ്...മകളോടൊപ്പമുള്ള സവാരി വളരെ രസകരമാണ്..
കൂടെക്കൂടുന്ന നിരഞ്ഞിനി ആന്റിയും അവര് പങ്കുവയ്ക്കുന്ന 
കുട്ടിക്കാലത്തെ ഓമനത്വം  തുളുമ്പുന്ന അനുഭവങ്ങളും മകൾക്ക് 
കൌതുകം ഉളവാക്കും..രാവിലെ കിട്ടുന്ന ഈ സുന്ദരമായ നിമിഷങ്ങളെ 
താലോലിച്ചു കൊണ്ട് ഞങ്ങളുടെ പകൽ  മനോഹരമായി കടന്നു പോകും ..
നിറയെ  മരങ്ങളുള്ള പാര്ക്കിലൂടെ നടക്കുമ്പോൾ ഞാറപ്പഴം കൊത്തി  സ്വാദ്
നോക്കുന്ന കുയിലിണകളെയും ഞങ്ങൾ കാണാറുണ്ട് ...കൂകിപ്പാടുന്ന കുയിലിനൊപ്പം
കൂകാൻ ആര്ക്കാണ് മനസ്സ് വരാത്തത്..അതിനൊപ്പം കൂകാതിരിക്കാൻ എന്റെ മനസ്സിലെ
കുട്ടിക്ക് കഴിഞ്ഞില്ല..കുയിലിനോടൊപ്പം ഞാനും കൂടി ...ശബ്ദം കൂടി വന്നപ്പോൾ നിറുത്താതെ 
കൂവുന്ന കുയിലിന്റെ പരിഭവം ..ഹോ ..എന്ത് രസമായിരുന്നു ..
ഒടുവിൽ  കൂകിപ്പിണങ്ങി പറന്നുപോയ കുയിലിനെ നോക്കി ആന്റിയും ഞാനും 
പൊട്ടിച്ചിരിച്ചപ്പോൾ ഞങ്ങളെ സാകൂതം നോക്കി നിന്ന മകളെ ചേർത്ത് പിടിച്ചു 
ആന്റി പറഞ്ഞു .".മോളെ ..ജീവിതത്തിലെ ഏറ്റവും മധുരമായ കാലം..സുന്ദരമായ 
ബാല്യകാലം ..ഇന്ന് നഗരത്തില ജീവിക്കുന്ന നിന്നെപ്പോലെയുള്ള അനേകം കുട്ടികൽക്ക് 
നഷ്ടമായിരിക്കുന്ന ബാല്യം...ഈ സുഖം അതനുഭവിച്ചേ മനസ്സിലാകൂ..."  
മകളുടെ കമന്റ് ഇങ്ങനെ... "you people are really lucky...as you
got the opportunity to attach yourself to the Mother Nature"....
കൂകിപ്പിണങ്ങിയ കുയിലിന്റെ പിന്നാലെ ആയിരുന്നു അപ്പോഴും 
എന്റെ മനസ്സ്....
 

Saturday, March 30, 2013

 കിളികളെപ്പോലെ സ്വതന്ത്രമായി പറക്കാനും 
പാടാനും മനസ്സ് കൊതിക്കുന്നു ..മേഘങ്ങളെപ്പോലെ 
തോന്നുമ്പോൾ കരയാനും ...അനന്തതയിലേക്ക് ..
അതിരുകളെയും തടസ്സങ്ങളെയും മറി കടന്നു പോകാനും..
നക്ഷത്രങ്ങളെപ്പോലെ കളിച്ചു രസിച്ചു നൃത്തം ചെയ്യാനും ...
ഒക്കെ വല്ലാതെ കൊതിക്കുന്നു ... 

Thursday, March 28, 2013












സഹനത്തിന്റെ ദു:ഖവെള്ളിയിയിലൂടെ 
മഹത്വത്തിന്റെ ഉയിർപ്പിലേക്ക്....
ലോകരക്ഷയ്ക്കായി ക്രിസ്തു അനുഭവിച്ച 
പീഡനങ്ങളുടെയും കുരിശുമരണത്തിന്റെയും സ്മരണയിൽ 
ക്രൈസ്തവ സമൂഹത്തിനു ഇന്ന് പ്രത്യാശയുടെ ദു:ഖവെള്ളി... 
അങ്ങയുടെ ബലിവേദിയിൽ നിന്നും ....
ദിവ്യ കാരുണ്യത്തിനായി പ്രാർ ധിക്കുന്നു നാഥാ... 

Monday, March 25, 2013


ഈസ്റ്റ്‌ കോസ്റ്റ് ഫാമിലി ക്ലബ്ബ് ഗാന രചനാ മത്സരം - 2013


ആയിരം മോഹങ്ങൾ തൻ ആകാശ ഗംഗയിലെ 
അരയന്ന തോണിയൊന്നിൽ  വിരുന്നുവന്നു 
അറിയാത്ത കഥ പാടിഅരികത്തിരുന്നു  മെല്ലെ 
അരിമുല്ലപ്പൂവമ്പ് തൊടുത്തെറി ഞ്ഞു ... 
അരിമുല്ലപ്പൂവമ്പ് തൊടുത്തെറി ഞ്ഞു ... 

മഴവില്ലിന്നൊളി മിന്നുംമണിമന്ദഹാസത്തിൽ 
മധുമാസചന്ദ്രിക തെളിഞ്ഞു കണ്ടു ...
മിഴികളിൽ വിടരുന്ന മോഹമലരിനുള്ളിൽ 
മൌനാനുരാഗം നിറഞ്ഞു കണ്ടു ... 
മൌനാനുരാഗം നിറഞ്ഞു കണ്ടു ... 
(ആയിരം മോഹങ്ങൾ തൻ ആകാശ ഗംഗയിലെ ...)

ഇളകാത്ത തപസ്സുകൾ ഇളകിപ്പോയ് അദ്ദേഹത്തിന്നോളി -
മിന്നും പുഞ്ചിപ്പാലൊഴുകിയപ്പോൾ 
ഇനിയെന്ന് വരുമെന്നു പറഞ്ഞില്ല കള്ളനെന്റെ 
മനസ്സും കൊണ്ടകലത്തിൽ പറന്നു പോയി ....
മനസ്സും കൊണ്ടകലത്തിൽ പറന്നു പോയി ....

(ആയിരം മോഹങ്ങൾ തൻ ആകാശ ഗംഗയിലെ ...)

Thursday, March 21, 2013
















മരം നമ്മെ പഠിപ്പിക്കുന്നു ..ഉയര്ന്നു നിന്നാലും വഴങ്ങിക്കൊടുക്കുക 
കാറ്റ് പറയുന്നു ..ശ്വസിക്കുക...ശരീരത്തെയും മനസ്സിനെയും ശ്രദ്ധിക്കുക 
ഹൃദയം പറയുന്നത് കേൾക്കുക ..മാപ്പ് കൊടുക്കുക 
സൂര്യനെപ്പോലെ നിങ്ങളുടെ ഇളംചൂട്‌  അന്യരിലേക്ക് പ്രസരിക്കട്ടെ ..
പർവതത്തേപ്പോലെ സത്യസന്ധത കാട്ടുകയും വിശ്വാസ്യത പുലര്ത്തുകയും 
ചെയ്യുക...എന്ത് ചെയ്യാൻ പോകുന്നുവെന്ന് നേരത്തെ പറയുക...
വാക്കുകൽ  ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വരട്ടെ..
ഒരിക്കലും ചതിക്കാതിരിക്കുക ..മരങ്ങളെപ്പോലെ ക്ഷമയുള്ളവരാകുക..
പ്രകൃതിയെപ്പോലെ ഗുരു വേറെയില്ല..എത്ര വളവുകളുന്ടെങ്കിലും 
മരങ്ങള്ക്ക് സൌന്ദര്യമുണ്ടെന്നു പ്രകൃതി കാട്ടിത്തരുന്നു..
പ്രകൃതിസ്നേഹം നിലനിര്തുന്നതാണ് അറിവിലേക്കുള്ള വഴി...
നോക്കിപ്പടിക്കുന്നതിലെ ആഹ്ലാദമാണ്‌ പ്രകൃതിയുടെ മനോഹരമായ വരദാനം ..     

Tuesday, March 19, 2013

നിയോണ്‍ വിളക്കിനെ ചുറ്റി പ്പറ ക്കുന്ന കുഞ്ഞു ശലഭങ്ങളെ 
നോക്കി അലസനായിരിക്കുന്ന വൃദ്ധന്റെ രൂപം ....
നെറ്റിത്തടം  മറച്ചു കിടക്കുന്ന ജട പോലെ വളര്ന്ന മുടിയിഴകളെ
ഇടയ്ക്കിടെ വീശുന്ന തണുത്ത കാറ്റ് തലോടുന്നു..
നഷ്ടസ്വപ്നങ്ങളുടെ മാറാപ്പും പേറി....ക്ഷീണിതമായ മുഖവും 
അഴുക്കു പുരണ്ട വസ്ത്രവുമായി 
ജീവിതത്തോടുള്ള ഒരു ചോദ്യചിഹ്നമായി ..ആ മനുഷ്യരൂപം 
കാറ്റടിച്ചു  വീണുകിടക്കുന്ന ഇലകളെ നോക്കി 
ആ മുഖം എന്തോ പിറുപിറുത്ത പോലെ ....
കയ്യിലെടുത്ത ഇലകളെ നോക്കി പറയുന്നതായി തോന്നി .....
നീയും എന്നെ പോലെ ..കരിഞ്ഞുണങ്ങിയല്ലോ...
ങും ..അയാളുടെ നിശ്വാസത്തിലെ ഗദ്ഗദം 
കരിയിലയിലും വേദനയുളവാക്കി...

Saturday, March 9, 2013

പ്രപഞ്ച പുരുഷന്‍ എന്ന ഭാവത്തില്‍ ഭക്തര്‍ ആരാധിക്കുന്ന 
പരമശിവന്‍റെ ശിവരാത്രിയെ മനുഷ്യമനസ്സില്‍ നിന്നും മാറി ,
പ്രകൃതിയുടെ ഭാവത്തിലേയ്ക്ക് അല്പമൊന്നു കടന്നു ചെല്ലാം .
മനുഷ്യന്‍ മാത്രമല്ല  പ്രകൃതിയിലെ സകലജീവജാലങ്ങളും 
ശിവരാത്രി തിരിച്ചറിയുന്നു എന്നത് ഭക്തരെല്ലാം തിരിച്ചറിയേണ്ട 
കാര്യമാണ്. ഇത് വിശ്വാസമല്ല ദൃഷ്ടാന്തമാണ്. അറിവായ നാള്‍ 
മുതല്‍ തിരിച്ചറിഞ്ഞ പ്രപഞ്ച സത്യമാണീ പ്രകൃതിയുടെ 
ഭാവപ്പകര്‍ച്ച....

നിത്യവും രാത്രിയില്‍ രാക്കിളികള്‍ കരയുന്നത്, കടവാവലുകള്‍ 
ചിറകടിച്ചു പറക്കുന്നതും മൂങ്ങ മൂളുന്നതുമൊക്കെ ഗ്രാമവാസികള്‍ക്ക്‌ 
പരിചിതമാണ്. എന്നാല്‍ ശിവരാത്രി നാള്‍ രാത്രിയില്‍ രാക്കിളികള്‍ ചിലയ്ക്കാറില്ല.
കടവാവലുകള്‍ ഇരുട്ടിനെ വെളിച്ചമാക്കി പറക്കുന്നത് കാണാറില്ല.
മലയോരങ്ങളെ ഇളക്കിമറിച്ചു കരിയിലകൂമ്പാരവുമായി എത്തുന്ന 
മലയമാരുതന്‍ ശിവരാത്രിനാളില്‍ ആഞ്ഞു വീശില്ല.ശിവരാത്രിയില്‍ 
ഇലകള്‍ പോലും ഇളകില്ല എന്നാണു പറയുക...രാത്രിയിലെ പ്രകൃതി 
നമുക്ക് കാണാനാവില്ല.ശിവരാത്രിപ്പിറ്റെന്നു  രാവിലെ മുറ്റത്തെയ്ക്ക് നോക്കിയാല്‍ 
നിശ്ചലമായി നില്‍ക്കുന്ന (ഇലകള്‍ ഇളകാതെ) പ്ലാവും, മാവുമൊക്കെ ഇന്നും നമുക്ക് 
കാണാവുന്നതാണ് .പ്രകൃതിയിലെ ഓരോ ചരാചരവും തിരിച്ചറിയുന്ന 
ഭക്തിപ്രവാഹമാണ് മാഘമാസത്തിലെ കറുത്ത പക്ഷ ചതുര്‍ദ്ദശി.
ശിവരാത്രി നാളില്‍ ശാന്തമായി ഒരു നിമിഷം ശിവനെ ഭജിച്ചാല്‍ 
ഈ ജന്മപാപവും ജന്മജന്മാന്തര പാപവും മാറുമെന്നാണ് 
വിശ്വാസം.
സകല ചരാചരങ്ങള്‍ക്കും ശിവമരുളുന്ന പരമശിവനെ ശിവരാത്രിനാളില്‍ 
 പ്രപഞ്ചഭാവത്തില്‍ മോക്ഷപ്രാപ്തിക്കായി ഭജിക്കാം...

Thursday, March 7, 2013

പേടിയാണ് ..പരന്നൊഴുകുന്ന നിലാവിനെ.. പിടികിട്ടാതലയുന്ന ഇരുട്ടിനെ ..നിഗൂഡതകള്‍

പേടി

പേടിയാണ് ..പരന്നൊഴുകുന്ന നിലാവിനെ..പിടികിട്ടാതലയുന്ന ഇരുട്ടിനെ ..നിഗൂഡതകള്‍ ഉള്ളിലൊളിപ്പിച്ച ജലസമൃദ്ധികളെ ഒക്കെ...അമ്മാമ്മയോടോപ്പമുള്ള ആദ്യ തോണിയാത്ര ...വള്ളത്തില്‍ കയറാന്‍ പേടിച്ചു കണ്ണടച്ച് നിന്ന എന്നെ തോണിക്കാരന്‍ പൊക്കിയെടുത്തു വള്ളത്തില്‍ ഇരുത്തിയിട്ടും കണ്ണ് തുറക്കാതെ കടത്തു കടന്ന കഥ ഇപ്പോഴും ചുണ്ടില്‍ ചിരി പരത്തും

അന്ന് ആശ്രാമം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ആറാട് നടക്കയാണ്...വെന്ഗാക്കര കടവില്‍ നിന്നും കടത്തു കയറിയാല്‍ ആശ്രാമം അമ്പലത്തില്‍ എത്താം.അവിടെ നിന്നും നേരെ നടന്നാല്‍ കടപ്പാക്കടയിലും ..അവിടെ നിന്നും അധികദൂരമില്ല അമ്മയുടെ വീടായ പട്ടത്താനത്തിന്...അന്നൊക്കെ അധികം ആള്‍ക്കാരും കടത്തു കടന്നും നടന്നുമൊക്കെയായിരുന്നു സഞ്ചരിച്ചിരുന്നത്..അമ്മാമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അമ്മ എന്നെ കൂടെ വിട്ടത്..എനിക്ക് പണ്ട് മുതലേ ആരുടെ വീട്ടിലും പോകുന്നതിഷ്ടമില്ല...അപ്പന്‍ ഞങ്ങള്‍ മക്കളെ ആരെയും ഒരു ബന്ധു വീടുകളിലും വിട്ടിട്ടില്ല...എന്തോ അത് അപ്പന് തീരെ ഇഷ്ടമില്ലായിരുന്നു .

പിറ്റേന്ന് രാവിലെ തിരികെ കൊണ്ടുവരും എന്നുള്ള ഉറപ്പിലാണ് അമ്മ അപ്പനെ പേടിയുണ്ടെങ്കിലും അമ്മാമ്മയുടെ കൂടെ പറഞ്ഞു വിട്ടത്.

വര്‍ണമനോഹരമായ ഉത്സവം മുന്നില്‍ നടക്കുമ്പോഴും.മുഖം തെളിയാതിരിക്കുന്ന എന്നെ നോക്കി " ഈ പെണ്ണിനെന്തു പറ്റി "....എന്ന് ചോദിച്ചുവെങ്കിലും ഉള്ളു വിങ്ങി നില്‍ക്കുന്ന എന്നെ ചേര്‍ത്ത് പിടിച്ചു അമ്മാമ്മ വേഗം നടക്കാന്‍ തുടങ്ങി...അമ്പലത്തില്‍ നിന്നും നടന്നു കടപ്പാക്കടയിലെത്തി ..ഇനിയും കുറെ നടക്കണം അമ്മവീടെത്താന്‍ ...യോഗീശ്വരനെ കുടിയിരുത്തിയ അമ്പലവും ആല്‍ത്തറയും ചെറിയൊരു സര്‍പ്പക്കാവും വെളുത്തു നനുത്ത പൂഴി മണ്ണ് നിറഞ്ഞ അമ്പലമുറ്റവും ഒക്കെയുള്ള അമ്മ വീട് ....അമ്മയുടെ അപ്പാമ്മ ..ഉണിച്ചേക്കി വലിയമ്മ .അങ്ങനെയാണ്..അവരെ അറിയപ്പെട്ടിരുന്നത്...തൂങ്ങിയാടുന്ന കടുക്കനിട്ട കാതും മുല്ലപ്പോ പോലെ വെളുത്ത മുടിയും മാറ് മറയ്ക്കുന്ന നേര്യതും മുണ്ടുമണിഞ്ഞമുത്തശ്ശിയെ കണ്ടാല്‍..ആദ്യം തോന്നുന്നത് ചെറിയൊരു നാണമാണ് ..ബ്ലൗസിടാത്ത മുത്തശ്ശി (അവരൊന്നും ബ്ലൗസ് ചെറുപ്പത്തിലെ ഇട്ടിരുന്നില്ല എന്നാണു അമ്മ പറഞ്ഞിട്ടുള്ളത് )...

മുത്തശ്ശിയുടെ ദൈവീകം തുളുമ്പുന്ന മുഖത്തിന്‌ വല്ലാത്ത ആകര്‍ ഷണമാണ് ...തൂങ്ങിക്കിടക്കുന്ന കാതിലൂടെ വിരല്‍ കയറ്റി കളിക്കുമ്പോള്‍ ആ മുഖത്ത് വിരിയുന്ന പുഞ്ചിരി ഒന്ന് കാണേണ്ടത് തന്നെ...പിന്നെ മുറുക്കി തുപ്പിയ ചുണ്ടിലെ വാത്സല്യംനിറഞ്ഞ ഉമ്മയും...കവിളില്‍ പറ്റിയ മുറുക്കാന്‍നീര് നേര്യതു വച്ച് തുടച്ചുമാറ്റി .ആ ചുളുങ്ങിയ വിരലുകള്‍ തലമുടിയിലൂടെ തലോടുമ്പോള്‍ എന്തൊരു സുഖമാണെന്നോ ...പക്ഷെ കാട് പിടിച്ചു കിടക്കുന്ന സര്‍പ്പക്കാവും ആല്‍ത്തറയും മനസ്സില്‍ പേടിയുളവാക്കും ..ഒരു കാര്യം വലിയ ഇഷ്ടമായിരുന്നു ...അവിടത്തെ പൂജാരി...സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരന്‍ ..അദ്ദേഹം വന്നതിനു ശേഷം ദീപാരാധന തൊഴാന്‍ ചുറ്റുവട്ടത്തിലുള്ള തരുണീമണികള്‍ മത്സരിച്ചെത്തു മായിരുന്നു ...ചന്ദനത്തിനോടൊപ്പം മയങ്ങുന്ന മന്ദഹാസവും തീര്‍ത്ഥമായി കിട്ടുമ്പോള്‍...തിരക്ക് കൂടാതിരിക്കില്ലല്ലോ ...അത് കണ്ടുനിന്നിട്ടുള്ള അഞ്ചു വയസ്സുകാരിയായ എന്റെ ചുണ്ടിലും ചിരി പടരുമായിരുന്നു ....

വീടെത്തിയപ്പോഴേക്കും നന്നേ ഇരുട്ടിയിരുന്നു ...നിലാവ് ഉദിച്ചുയരുന്നതേയുള്ളൂ ..അമ്പലവും പരിസരവും പേടിയുളവാക്കി...രാത്രി കാലങ്ങളില്‍ യോഗീശ്വരന്‍റെ വരുത്തുപോക്കുണ്ട് എന്നുള്ള അറിവുംകൂടി ആയപ്പോള്‍ എന്റമ്മേ ...ഉള്ള ജീവനും പോയി..ദൈവമേ..എനിക്കെന്‍റെ വീട്ടിലെത്തിയാല്‍ മതി...പേടിച്ചരണ്ട എന്‍റെ മുഖം നോക്കി മുത്തശ്ശി പറഞ്ഞു ..:"മോളെന്തിനാ പേടിക്കുന്നെ ..കൊച്ചു കുട്ടികളെ ഭഗവാനു ഭയങ്കര പ്രിയമാണ്....മോള് മാമന്‍റെ അടുത്തുപോയി കിടന്നോള്...നമുക്ക് രാവിലെ തിരിച്ചു പോകാം..ട്ടോ...."

എന്‍റെ മാമന്‍ ..അമ്മയുടെ ഇളയ ആങ്ങള...എന്നെക്കാളും വെറും 40 ദിവസം മൂത്തത് ..(പണ്ടൊക്കെ അങ്ങനെയല്ലേ ..എന്‍റെ അമ്മയെ 14 വയസ്സില്‍ കല്യാണം കഴിപ്പിച്ചു )..എന്നെപ്പോലെ കുട്ടിയായ മാമനെപേര് വിളിക്കാനായിരുന്നു ഇഷ്ടം .വേണു ....ഇപ്പോഴും അങ്ങനെ തന്നെ ...ഉറങ്ങാന്‍ കിടന്നുവെങ്കിലും കണ്ണടയ്ക്കാന്‍ തോന്നിയില്ല...ഉറക്കം പിണക്കം ഭാവിച്ചു നില്‍ക്കയാണ്‌ തീര്‍ത്തും എന്നെപ്പോലെ ...അമ്മാമ്മ എന്നോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു ..കത്തിക്കൊണ്ടിരുന്ന റാന്തല്‍ വിളക്ക് തിരി താഴ്ത്തി വച്ച്അമ്മാമ്മയും ചേര്‍ന്ന് കിടന്നു ...വീട് മാറിക്കിടക്കുന്നതിന്‍റെ അസ്വാസ്ഥ്യവും ഇരുട്ടിനോടുള്ള ഭീതിയും പേടിപ്പെടുത്തുന്ന അന്തരീക്ഷവും ...എന്‍റെ ഹൃദയമിടിപ്പ്‌ പെരുമ്പറ മുഴക്കുന്നു ..കിഴക്കുവശത്തെ മുറിയില്‍ നിന്നും മുത്തശ്ശിയുടെ നേര്‍ത്ത കൂര്‍ക്കം വലിയും .കണ്ണ് ഇറുക്കി അടയ്ക്കാന്‍ നോക്കി അപ്പോള്‍...പുറത്തു ആരുടെയോ കാലടി ശബ്ദം....ദൈവമേ ..മുത്തശ്ശി പറഞ്ഞ യോഗീശ്വരനായിരിക്കും ...കൈ കൂപ്പി പ്രാര്‍ത്ഥിച്ചു ...ആ കാലടി ശബ്ദം വാതിലിനടുത്ത് എത്തി നിന്നു....ഞാന്‍ അമ്മാമ്മയെ കുലുക്കിയുണര്‍ത്തി ..ചെവിയില്‍ അടക്കം പറഞ്ഞു..

"മോള്‍ക്ക്‌ പേടി കൊണ്ട് തോന്നുന്നതാണ് ..അവിടെ ആരുമില്ല" അപ്പോള്‍ കതകിനു മുട്ട് കേട്ടു ...പുറത്തു നിന്നും വിളിയും ...

"അമ്മാവീ...ഇത് ഞാനാണ് ""   ങേ ..ഇതെന്‍റെ അപ്പനാണല്ലോ .."എനിക്ക് ജീവന്‍ തിരിച്ചു കിട്ടി..ചാടിയെണീറ്റ് കതകു തുറക്കുന്ന അമ്മാമ്മയോടൊപ്പം ചേര്‍ന്ന് നിന്നു ....
 "എന്താ ഈ രാത്രിയില്‍ "
"ഒന്നുമില്ല...മോളെവിടെ ...അവളെ കൊണ്ടു പോകാനാ വന്നത് "
എന്‍റെ സന്തോഷത്തിനു അതിരില്ലായിരുന്നു..പ്രാര്‍ത്ഥന ദൈവം കേട്ടല്ലോ ..
"വാ മോളെ...നമുക്ക് പോകാം ..അമ്മാവി കതകടച്ചോളൂ "
പരന്നൊഴുകുന്ന നിലവെളിച്ചതിത്തി ലൂടെ അപ്പന്‍റെ കൈ പിടിച്ചു നടക്കുമ്പോള്‍ എന്‍റെ പേടിയെല്ലാം എങ്ങോ പോയി മറഞ്ഞിരുന്നു വൈകുന്നേരം നടന്നത്രയും ദൂരം പാതിരാത്രിയില്‍ തിരിച്ചു നടക്കേണ്ടി വന്നിട്ടും എന്‍റെ കുഞ്ഞിക്കാലുകള്‍ വേദനിച്ചില്ല........

Friday, March 1, 2013

മനസ്സ് തിരയുന്നു കയ്യകലത്തിനപ്പുറമുള്ള  എന്തിനോ വേണ്ടി ..
മഴയും വെയിലും ഋതുഭേദങ്ങളും ഉപാധികളും 
ഇല്ലാത്ത പ്രണയം ...രണ്ടു മനസ്സുകളെ 
ഇഴയടുപ്പത്തോടെ കൂട്ടിയിണക്കുന്ന ..
സംഗീതാത്മമായി ലയിച്ചു നില്‍ക്കുന്ന പ്രണയം 
എപ്പൊഴുമെത്താവുന്ന പ്രണയത്തിനു വേണ്ടിയുള്ള 
നീക്കിയിരിപ്പാണ് ജീവിതം......
അനുഭൂതിയുടെ നറും നിലാവില്‍...
ആഗ്രഹങ്ങളുടെ പൂന്തോണിയില്‍
മനസ്സില്‍ നിന്നും മനസ്സിലേക്ക് 
പ്രണയം ലയിക്കുകയാണ്....ഒരു മധുര 
സംഗീതം പോലെ ...

Monday, February 25, 2013





അനന്തകോടി പ്രാര്‍ഥനക ള്‍ക്കു പുണ്യം പകര്‍ന്ന് 
ഇന്ന് ആറ്റുകാല്‍ പൊങ്കാല....
ഒരു വര്‍ഷത്തെ കാത്തിരിപ്പിന് സാഫല്യം ..
കഠിനവ്രതം നോറ്റ് ..ആ പുണ്യമുഹൂര്‍ത്തത്തി ലേക്ക് 
സ്വയം സമര്‍പ്പണം ..പൊങ്കാല ക്കലങ്ങളില്‍ 
അമ്മയുടെ അനുഗ്രഹം പതഞ്ഞുയരും ..
നിറഞ്ഞുതു ളുമ്പും ..എല്ലാ സഹനവും 
കാത്തിരിപ്പും ഈ നിമിഷത്തിനായ് ...
അനന്തപുരി യാഗശാലയും പ്രാര്‍ഥനകള്‍ 
ഹോമദ്രവ്യവും ആകുന്ന  പുണ്യമുഹൂര്‍ത്തം ...

Sunday, February 24, 2013

മൃതമായൊരോര്‍മ തന്‍ പുതുനാമ്പുമേന്തിയീ വേദിയില്‍  

Thursday, February 21, 2013

ഇന്ന് രാജ്യാന്തര മാതൃഭാഷാദിനം 

2013 അ ആ ഇ ഈ ......

2000-ത്തില്‍ യുനെസ്കോ ആചരിച്ചു തുടങ്ങിയ 
മാതൃഭാഷാദിനാചരണത്തിന്‍റെ 
2013ലെ വിഷയം ..."മാതൃഭാഷാ വിദ്യാഭ്യാസത്തിന്‌ പുസ്തകങ്ങള്‍ "

Tuesday, February 19, 2013

കേരള പാണിനിയുടെ 150 -മത് ജന്മവാര്‍ഷികം ഇന്ന്....

കിടങ്ങന്നൂര്‍ ഓണന്തുരുത്തി പാട്യാല്‍ ഇല്ലം വാസുദേവന്‍‌ 
നമ്പൂതിരി ,ഭരണി തിരുനാള്‍ കുഞ്ഞിക്കാവ് തമ്പുരാട്ടി 
എന്നിവരുടെ മകനായി ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തില്‍ 
1863 ഫെബ്രുവരി 20നു ജനിച്ച് "പ്രാസവാദ "ത്തിലൂടെ 
സ്വന്തം അമ്മാവനെതിരെ സാഹിത്യ നഭസ്സില്‍ കൊമ്പ് കോര്‍ത്ത 
എ .ആര്‍ .രാജരാജവര്‍മയുടെ ഓര്‍മ്മകള്‍ അദ്ദേഹം സ്ഥാപിച്ച 
ശാരദ മന്ദിരത്തില്‍ ഇന്നും സജീവം ..
കൊച്ചപ്പന്‍ എന്ന് വാത്സല്യപ്പേരില്‍ അറിയപ്പെട്ടിരുന്ന എ.ആര്‍ 
സരസ്വതീദേവിയുടെ കടാക്ഷത്താലാണ് വിശ്വപ്രസിദ്ധന്‍ ആയതെന്നു 
ചരിത്രം.ചെറുപ്പത്തില്‍ ശരിയായ രീതിയില്‍ സംസാരിക്കാന്‍ 
കഴിയാതിരുന്ന കൊച്ചപ്പനെ മാതാവ് പനച്ചിക്കാട് ദേവിക്ഷേത്രത്തില്‍ 
ഭജനമിരുത്തിയ ശേഷമാണ് കാവ്യ,സാഹിത്യ മേഖലകളില്‍ അഗാധമായ 
ജ്ഞാനം നേടിയത് ..മലയാള ഭാഷയുടെ മനോഹാരിതയെക്കുറി ച്ചു 
മലയാളികള്‍ക്ക് മനസ്സിലാക്കിത്തന്ന കേരളപാണിനീയം ,ഭാഷാ ഭൂഷണം ,
വൃത്തമഞ്ജരി തുടങ്ങിയ മഹത് ഗ്രന്ഥങ്ങള്‍ക്ക് പുറമേ ഭാഷാ മേഘദൂത്  
ഭാഷാ കുമാരസംഭവം ,മലയാള ശാകുന്തളം ,മാളവികാഗ്നിമിത്രം ,ചാരുദത്തം 
തുടങ്ങിയ സംസ്കൃത തര്‍ജമകളും മലയാളത്തിനു സമ്മാനിച്ചു...
1918 ജൂണ്‍ 18നു പനി  ബാധിച്ചു എ.ആര്‍  കാലയവനികയ്ക്കുള്ളില്‍ 
മറയുമ്പോള്‍ സംസ്കൃതത്തില്‍ 29 മലയാളത്തില്‍ 50 ഗ്രന്ഥങ്ങള്‍ സമ്മാനിച്ചു 
കഴിഞ്ഞിരുന്നു 1912ല്‍  രചിച്ച മലയ ശാകുന്തളത്തിന്‍റെ ശതാബ്ദി പതിപ്പ് 
ഓ.എന്‍ .വി .കുറുപ്പിന്റെ ആമുഖത്തോടെ ഇന്ന് പുറത്തിറക്കുന്നു ..  ..

Tuesday, February 12, 2013


(എന്‍റെ  പ്രണയലേഖനം)


പ്രിയ.........
എങ്ങനെ തുടങ്ങണം ....അറിയില്ല ..
എന്‍റെ സ്വകാര്യതയിലേക്ക് നിസ്സങ്കോചം നീ കടന്നു വന്നു ..
ഒരു പക്ഷെ നീ പോലുമറിയാതെ...
സ്കൂളില്‍ വന്ന നാള്‍ മുതലേ നിന്നെ ഞാന്‍ ശ്രദ്ധിക്കുമായിരുന്നു 
നിന്റെ ചുരുണ്ട മുടിയും.ചിരിയും..നിന്റെ പാട്ടും 
പിന്നെ ആ ഗിറ്റാര്‍ വായനയും ഒക്കെ എനിക്കിഷ്ടമായിരുന്നു ..
മനോഹരമായ കൈപ്പടയില്‍ എഴുതിയ നോട്സ് കാണുമ്പോള്‍....
ആ അക്ഷരങ്ങളിലൂടെ വിരലോടിക്കാന്‍ മനസ്സ് വെമ്പുമായിരുന്നു ..
അന്ന് ..നിന്നെക്കൊണ്ടു എന്‍റെ പേരും താഴെ സ്വന്തം എന്ന് കൂടി 
എഴുതി വാങ്ങിയത് മനപ്പൂര്‍വമായിരുന്നു...
സ്കൂള്‍ വാര്‍ഷികത്തിന് നിന്നോടൊപ്പം പാടുവാന്‍ എന്‍റെ ശബ്ദം 
തെരഞ്ഞെടുത്തപ്പോള്‍ ഞാനീ ലോകത്തൊന്നുമല്ലായിരുന്നു...
നമ്മുടെ സ്വരങ്ങള്‍ ഒന്നായൊഴുകിയപ്പോള്‍ ഒരു 
മധുരാനുഭൂതിയായി നീയെന്നില്‍ നിറയുകയായിരുന്നു ...
എപ്പോഴോ നിന്‍റെ  കണ്ണിലും എന്നോടുള്ള പ്രണയം 
ഞാന്‍ വായിച്ചറിഞ്ഞു ...
അന്ന് സുനിത ടീച്ചര്‍ പഠിപ്പിക്കുന്ന സമയത്ത് എതോ 
സ്വപ്നലോകത്ത് സഞ്ചരിക്കയായിരുന്ന എന്നോട് 
ചോദ്യം ചോദിച്ചപ്പോള്‍ .."എനിക്ക് എന്ത് പറ്റിയെന്നു 
എനിക്ക് പോലും അറിയില്ലെന്ന് "..ഉത്തരം പറഞ്ഞപ്പോള്‍ 
ക്ലാസ്സില്‍ വിതറിയ പൊട്ടിച്ചിരിയില്‍ ..നിന്‍റെ മുഖം വിവര്‍ണമായപ്പോള്‍ 
ഞാന്‍ അറിഞ്ഞു ...ഇഷ്ടമാണ് നിനക്കെന്നെയെന്നു ...
സ്നേഹത്തിന്‍റെ മഴയില്‍ നനഞ്ഞു നില്‍ക്കയാണ്‌ ഞാനെന്നു 
തോന്നിയ നിമിഷങ്ങള്‍ ..
ആ സ്നേഹ പ്രപഞ്ചത്തെ വാരിപ്പുണരാന്‍..
ആ വസന്തത്തിന്‍റെ  പൂക്കുലയെ നെഞ്ചോടു ചേര്‍ക്കാന്‍ 
മനസ്സ് കൊതിക്കുന്നു ..
ഈ മഞ്ഞു കാലത്തിന്‍റെ ചുണ്ടില്‍ പ്രണയ വസന്തത്തി ലേക്കുള്ള 
സ്വാഗത വചനമുണ്ട് ...മഞ്ഞിന്‍ മുത്തുകള്‍ പൊതിഞ്ഞു 
നില്‍ക്കുന്ന മരങ്ങളില്‍ വസന്തം പൂത്തുലയുമ്പോള്‍ 
പൂക്കളുടെ സുഗന്ധവും കനികളുടെ മധുരവുമായി 
ഒരിക്കല്‍ നീ വരില്ലേ?...
പവിഴച്ചിപ്പിയിലെ മുത്തു മണികളേക്കാള്‍ 
സൗന്ദര്യമുള്ള നിനക്ക് വേണ്ടി തുടിക്കുന്ന ഹൃദയവുമായി 
എപ്പോഴും  എത്താവുന്ന പ്രണയമേ ..
നിനക്കു വേണ്ടി ഞാനിവിടെ ..
നിന്നെയും കാത്ത് .....  

നിന്‍റെ  മാത്രം
........ 

Monday, February 11, 2013

ആനയടിയും ആറാട്ടും 
അഴകിന്‍റെ  കരിമഷിയെഴുതും 
ഗജമേളയും ....
ഇടയുന്ന കൊമ്പനും 
പൊലിയുന്ന ജീവനും 
ആഹ്ലാദാരവങ്ങളില്‍
കണ്ണീര്‍ നിറയ്ക്കുന്നു  
ആനയുടെ കണ്ണിലെ 
ആളുന്ന അഗ്നിയില്‍ 
നിറമുള്ള ഉത്സവം 
മങ്ങിക്കരിയുന്നു ...

Wednesday, January 30, 2013

ജലരേഖയായി ജലസമൃദ്ധി ..
വറ്റി വരളുന്നു കബനീനദി
നെടുവീര്‍പ്പിടുന്ന നിളയും 
നഷ്ടബോധത്തിന്‍ മാറാപ്പുമേന്തി ...
കരിഞ്ഞുണങ്ങിയ സ്വപ്നവുമായി 
ഹരിത കേരളം .....

Tuesday, January 29, 2013




രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 
രക്ത സാക്ഷിത്വത്തിന് ഇന്ന് 65 
വയസ്സ് ..
ആ മഹാത്യാഗിയുടെ ഓര്‍മയില്‍ 
പ്രണാമം അര്‍പ്പിക്കുന്നു ... 

Wednesday, January 23, 2013

National Girl child Day
January 24, 2013

Let a girl child to be born..
wherever they are,
let's make them feel safe
let's give the girl child,
a safe and an empowered future...
let's fill their lives with
health, happiness and progress...
they deserve all the support
and care they can get...

Tuesday, January 22, 2013



കാത്തിരിക്കുന്ന ചില കാഴ്ചകളിലേക്ക് ....

നൂറ്റി ഇരുപത്തിനാല് കോടി ജനങ്ങളും 
നൂറായിരം സംസ്കാരങ്ങളും ...
ഇരുപത്തിയഞ്ചില്‍ താഴെ രൂപങ്ങളില്‍ 
വിരിയുന്ന വിസ്മയ ക്കാഴ്ചയാണ് 
റിപ്പബ്ലിക് ദിന പരേഡിനെ 
വര്‍ണശബളമാക്കുന്നത്...
ഈ അത്ഭുതക്കാഴ്ചയ്ക്ക് ഇനി രണ്ടു ദിനം.
കേരളത്തിന്‍റെ ഹൌസ് ബോട്ടും 
യുപിയുടെ ഹോളിക്കാഴ്ചയും 
മേഘാലയയുടെ കരവിരുതും 
കശ്മീരിന്‍റെ വസ്ത്രപ്രൗഡിയും ഈ 
വര്‍ഷത്തെ കാഴ്ച്ചപ്പൂരത്തില്‍ കാണാം.
 ഏറ്റവും മുന്നില്‍ പശ്ചിം ബംഗാള്‍ 
പിന്നെ മേഘാലയ , ജമ്മു കശ്മീര്‍ 
എന്നിങ്ങനെ നീങ്ങുന്ന പരേഡില്‍ 
എഴാമതായാണ് കേരളം രാജപഥില്‍
ഓളം തീര്‍ക്കാന്‍ എത്തുന്നത് ....
രാജ്യം കണ്ണുനട്ട് കാത്തിരിക്കുന്ന 
പരേഡില്‍ ...സ്വാമി വിവേകാനന്ദന്‍റെ 
150-മത് ജന്മ വാര്‍ഷിക ത്തിനോടനുബന്ധിച്ച്‌ 
ബന്ധപ്പെട്ട രൂപങ്ങള്‍ അവതരിപ്പിക്കുന്നു ....
അഴകും അത്ഭുതവും വിരിയിക്കുന്ന 
കാഴ്ചകള്‍ രാജപഥിലൂടെ നീങ്ങുമ്പോള്‍ 
ഇതൊരു ഭാരതീയനും അഭിമാനപൂര്‍വം 
പറയും " മേരാ ഭാരത്‌ മഹാന്‍"

Monday, January 21, 2013


"മൌനാനുരാഗം"

മനസ്സിന്‍ ഓരം ചാരി നീ ഒതുങ്ങി നിന്നപ്പോള്‍ 
മിഴികളില്‍ മോഹത്തിന്‍ പൂത്തിരി കത്തി 
മഴവില്ലിന്നഴകേകും മണി മന്ദ ഹാസത്തില്‍ 
മണിമാല ചാര്‍ത്തുമെന്‍ മൃദുല വികാരം 
മാറോടു  ചേര്‍ക്കുവാന്‍  വെമ്പുമെന്‍ ഹൃദയം
മയിലിനെപ്പോലെ നൃത്തമാടി ....
മന്ദ സ്മിതം തൂകും നിന്‍ അധരപുടങ്ങളില്‍ 
മൌനാനുരാഗത്തിന്‍ മയില്‍പ്പീലികള്‍  
മഞ്ഞള്‍ ക്കുറി ച്ചന്തം വിടരുന്ന നെറ്റിയില്‍ 
മധുമാസ ചന്ദ്രിക ഞാന്‍ കണ്ടു..ഞാനതില്‍ 
മണ വാട്ടിതന്‍ നാണവും കണ്ടു....

Saturday, January 19, 2013

ഉറങ്ങുകയാണോ എന്ന് ചോദിച്ചാല്‍ ഉറങ്ങുകയാണ് ...
അല്ലേ  എന്ന് ചോദിച്ചാല്‍ അല്ല ..
ഉറക്കമില്ലായ്മ എന്ന അവസ്ഥയായ 
ഇന്സോമിന്യയുടെ അനിയനാണിത് ...
"സെമിസോമ്നിയ"
സദാ ഓണ്‍ലൈനില്‍ ജീവിക്കുന്നവര്‍ക്ക് 
ഉറക്കത്തിലും "ഓഫ്‌ ലൈന്‍"
ആകാനാവാത്ത അവസ്ഥ .

Friday, January 18, 2013

മഞ്ഞുതിരുന്ന മഴയുടെ സൌന്ദര്യം മതിയാവോളം കണ്ടു നിന്നു .... മനസ്സിന് പറഞ്ഞറിയിക്കാനാവാത്ത മാധുര്യം.....ഈ അനുഭൂതിയെ മനസ്സില്‍ താലോലിച്ചു കൊണ്ട് .....


ആലിപ്പഴം 


രാവിലെ പെയ്ത ചാറ്റല്‍ മഴയ്ക്കും 
ശീതക്കാറ്റിനുമൊപ്പം ശൈത്യം വീണ്ടും 
നഗരത്തെ തണുപ്പിച്ചു .....
പക്ഷെ വളരെ നാളുകള്‍ക്കു ശേഷം 
മഞ്ഞുമഴ പെയ്യുന്ന കാഴ്ച ..
കണ്ണുകളെയും തണുപ്പിച്ചു ...
ഇത്രയധികം ആലിപ്പഴങ്ങള്‍....
വീടിനു ചുറ്റും മഞ്ഞിന്‍  കഷണങ്ങള്‍  
കുന്നു കൂടി...
ഹായ്...എന്ത് ഭംഗി....
ഉള്ളിലെ കൊച്ചു കുട്ടി പുറത്തേയ്ക്കോടി ...
കൈക്കുടന്നയില്‍ മഞ്ഞു കഷണങ്ങള്‍ ..
മുടിയിഴകളില്‍ തങ്ങി നിന്ന 
കുഞ്ഞു മഞ്ഞിന്‍ കഷണങ്ങള്‍ ...
മനോഹരമായ അനുഭൂതി ....
മഞ്ഞുതിരുന്ന മഴയുടെ സൌന്ദര്യം 
മതിയാവോളം കണ്ടു  നിന്നു ....
മനസ്സിന് പറഞ്ഞറിയിക്കാനാവാത്ത 
മാധുര്യം.....ഈ അനുഭൂതിയെ 
മനസ്സില്‍ താലോലിച്ചു കൊണ്ട് .....