Thursday, May 31, 2012

അകവും പുറവും ചുട്ടുപൊള്ളുന്നു
അവതാളത്തിലാവുന്നു വൈദ്യുതി 
അധികൃതര്‍ പറയുന്നു ..സാധ്യതയുണ്ട്
ആശ്വാസമായൊരു മഴയുടെ തലോടല്‍...!!!

അവിടെയും പ്രതീക്ഷയാണ് ...
"സുപ്രഭാതം"

Sunday, May 27, 2012

അക്ഷരങ്ങളുടെ യാത്ര ...!!!


മനസ്സില്‍ നിറയുന്ന വികാരങ്ങളെ 
അക്ഷരങ്ങള്‍ ആവാഹിക്കുമ്പോള്‍ 
വിരിയുന്ന ഭാവങ്ങള്‍ .....
അവയ്ക്ക് പ്രണയത്തിന്‍റെ..
വിരഹത്തിന്‍റെ...നിരാശയുടെ
വേദനയുടെ , നിഗൂഡതയുടെ ...
ഒരായിരം നിറങ്ങള്‍...
ഈ നിറങ്ങളെ തേടി യുള്ള 
അനന്തമായ യാത്ര ...!!!!

Saturday, May 26, 2012

 താള ലയങ്ങള്‍ മനസ്സില്‍  തംബുരു മീട്ടുമ്പോള്‍
തനിയാവര്‍ത്തനം ചെയ്യും മൌന സങ്കല്പങ്ങള്‍ 

Tuesday, May 22, 2012

കത്തികള്‍ കത്തുകള്‍ 
കത്തിപ്പടരുന്നു 
കത്തിരാഷ്ട്രീയത്തിന്‍
കപടനാടകങ്ങള്‍ ...

കത്തിയമരുന്ന കനലുകളില്‍ 
കരിന്തിരി കത്തിയ സ്വപ്‌നങ്ങള്‍ 
കാറ്റില്‍ പടരും  നാളങ്ങളില്‍
കണ്ണീരില്‍ നനയുന്ന മാതൃത്വം 

ക്വട്ടേഷന്‍ ടീമിന്‍ കരവിരുതില്‍ 
കളിപ്പാവയാകുന്ന കരവാളുകള്‍
കക്ഷി രാഷ്ട്രീയത്തിന്‍ കുത്തൊലിപ്പില്‍
കദനം നിറയ്ക്കുന്നു കാട്ടാളന്മാര്‍  



Wednesday, May 16, 2012

"കണ്ടു മറന്നൊരു സ്വപ്നത്തിന്‍ പിന്നാലെ 
കടിഞ്ഞാണില്ലാതെ പായുന്ന  മനസ്സ് 
കത്തിയമരുന്നതാണ് എന്നറിയുമെങ്കിലും 
കച്ചിത്തുരുമ്പായ് കാത്തു സൂക്ഷിക്കുന്നു "

Saturday, May 12, 2012

"അമ്മ"



സത്യമാകുമെന്‍ അമ്മയ്ക്ക് ചുറ്റും
ശയന പ്രദക്ഷിണം ചെയ്യുമെന്‍ മനസ്സ്
സൌമ്യയായ് ശാന്തയായ് സ്ഥായിയാം 
സ്നേഹത്തിന്‍ മൂര്‍ത്തി യായ്‌ അമ്മ...

ശ്വാശ്വത സത്യത്തിന്‍ നിറദീപമായ്
ശരണ മരുളും സുവര്‍ണ തേജസ്സായ്‌ 
ശക്തിയായ് ശ്രേഷ്ടയായ് സാന്ത്വനമായ്
സഹന ശക്തിയായ് തിളങ്ങുമമ്മ...

സൃഷ്ടി കര്‍ത്താവിന്‍ അഭിമാനഭാജനം
സര്‍വ ചരാചരങ്ങളില്‍ ശ്രേഷ്ടമമ്മ
സ്നേഹമയി തന്‍ മൃദുല സ്പര്‍ശം 
സ്വര്‍ലോക സായൂജ്യമേകിടുന്നു..!!!



Friday, May 11, 2012

***ഇന്ന് രാജ്യാന്തര നഴ്സസ് ദിനം ***

വേദന മറക്കുന്ന ആ പുഞ്ചിരിക്ക്...
സ്നേഹമുള്ള സ്പര്‍ശനത്തിന് ....
പരിഭവം കാട്ടാത്ത സേവനത്തിന്...
സഹനത്തിന്റെ മാലാഖമാര്‍ക്ക് ....
സ്നേഹപൂര്‍വ്വം ....നന്ദി 

Tuesday, May 8, 2012

"ഈറന്‍ സന്ധ്യ "




പകലോന്‍ പടിയിറങ്ങും നേരം
പതിവില്ലാതെ പവനന്‍ പിണങ്ങി നിന്നു
കണ്ട കിനാവുകള്‍ മുറിഞ്ഞ പിണക്കം 
സന്ധ്യ തന്‍ മുഖത്ത്  ചുവപ്പായ് തെളിഞ്ഞു 

പകല്‍ക്കിനാവില്‍ മയങ്ങിയ പവനന്‍
പകലിന്‍റെ വിടവാങ്ങലില്‍ പരിതപിച്ചു
പരുക്കനായി മാറിയ കാറ്റിന്‍റെ ദുഃഖം 
പരിഭവ മഴയായി പെയ്തിറങ്ങി ...

ഈറനണിഞ്ഞ സന്ധ്യ തന്‍ സൌന്ദര്യം 
ഈരിഴ തോര്‍ത്തില്‍ തുളുമ്പി നിന്നു 
ഇതള്‍ വിടരുന്ന മോഹപുഷ്പങ്ങളില്‍
ഇന്ദ്രധനുഷിന്‍ നിറങ്ങള്‍ വിരിഞ്ഞു 
ഇനിയും വിരിയാനിരിക്കും സ്വപ്നങ്ങളെ 
ഇമയനക്കാതെ സന്ധ്യ കണ്ടു നിന്നു ....

നിതംബം മറയ്ക്കും ചുരുള്‍മുടിയില്‍ 
നീര്‍ത്തുള്ളികള്‍ മിഴി ചിമ്മി 
നിലവിളക്കിന്‍ തിരിനാളങ്ങളില്‍
നിറഞ്ഞ മനസ്സിന്‍ പ്രാര്‍ത്ഥനകള്‍ 
നാമമന്ത്രമുതിര്‍ക്കും സന്ധ്യ തന്‍ അധരത്തില്‍ 
നീലാംബരി രാഗം നിറഞ്ഞു നിന്നു .....

ഈറന്‍ നിലാവിന്‍റെ പുഞ്ചിരിയില്‍  
നക്ഷത്ര ക്കുഞ്ഞുങ്ങള്‍ കുശലം ചൊല്ലി 
ഇടവഴി താണ്ടി എത്തുന്ന നാഥനെ 
ഇരു കൈകളും നീട്ടി സ്വീകരിക്കാന്‍ 
ഇടനെഞ്ചിലുയരും പ്രണയത്തിന്‍ താളവുമായി 
ഈറന്‍ സന്ധ്യയെപ്പോലവള്‍ ഇടറി നിന്നു ...

Saturday, May 5, 2012


"വടക്കന്‍ കാറ്റില്‍  മനം മടുക്കും ഗന്ധം 

പടര്‍ന്നു പക തന്‍ ചുടുനിണം
നിറഞ്ഞു നാട്ടിലാകെ  നിണത്തിന്‍ ഗന്ധം 
കാറ്റ് ചൊല്ലി ...ഈ മണം ഞാന്‍ മടുത്തു"


Thursday, May 3, 2012


ഞാനും ..സന്ധ്യയും ..പിന്നെ ആ യുവാവും !!!

ഇതൊരു അന്വേഷണത്തിന്റെ കുറിപ്പാണ്.....
ഒരു നല്ല വഴികാട്ടിയെ ഹൃദയപൂര്‍വം സ്മരിക്കുകയാണ് ഞാന്‍ ...
ഒരിക്കലെങ്കിലും കണ്ടുമുട്ടാന്‍...സാധിച്ചെങ്കില്‍ എന്നുള്ള അടങ്ങാത്ത 
ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്നു...
വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഒരനുഭവമാണ് ...
വിവാഹം കഴിഞ്ഞു ഏകദേശം ആറു മാസം കഴിയുന്നതേയുള്ളൂ ...
ചേട്ടനോടൊപ്പം ഗാസിയാബാദില്‍ , പട്ടേല്‍ നഗര്‍ സെക്കന്‍ഡില്‍ താമസിക്കുന്ന 
സമയം..അവിടെ ഞാന്‍ മൂന്നു മാസം മാത്രമേ താമസിച്ചുള്ളു ..രണ്ടു ദിവസത്തിനകം
എനിക്ക് നാട്ടിലേക്ക് മടങ്ങണം ..കൊണ്ട് പോകാനായി നാട്ടില്‍ നിന്നും സഹോദരന്‍ എത്തിയിട്ടുണ്ട് ..
അന്നൊരു ചൊവ്വാഴ്ചയാണ് ...വടക്കേയിന്ത്യയില്‍ ഓരോ ദിവസവും നടക്കുന്ന ബജാറിനു ആ
ദിവസങ്ങളുടെ പേരാണ് കൊടുക്കുന്നത്....അങ്ങനെയാണ് അറിയപ്പെടുന്നത് ..
സോമബജാര്‍,മംഗല്‍ ബജാര്‍,ബുധ് ബജാര്‍,വീര്‍ ബജാര്‍ ...അങ്ങനെ പോകുന്നു 
തിങ്കളും ചൊവ്വയും ബുധനും വ്യാഴവും ഒക്കെ ...ഇതൊക്കെ മനസ്സിലാക്കാന്‍ എനിക്ക് 
വളരെ നാളുകള്‍ വേണ്ടി വന്നു ...
മംഗല്‍ ബജാറില്‍ പോകാന്‍ തുടങ്ങുന്ന താഴത്തെ ഫ്ലാറ്റിലെ മിസ്സിസ് സുരീന്ദ്രയോടൊപ്പം 
എന്നെയും ചേട്ടന്‍ പോകാന്‍ അനുവദിച്ചു ...ഏതോ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും വന്ന 
ആ സ്ത്രീ പറയുന്ന ഹിന്ദി എനിക്കൊട്ടും മനസ്സിലായിരുന്നില്ല...ഞാന്‍ ഇംഗ്ലീഷ് 
പറഞ്ഞാല്‍ അവര്‍ക്കും ...പക്ഷെ അവര്‍ക്ക് രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട് ..ആറാം ക്ലാസ്സില്‍ പഠിക്കുന്ന 
സീമയും മൂന്നാം  ക്ലാസ്സില്‍ പഠിക്കുന്ന പ്രിയങ്കയും ..നല്ല ഓമനത്തം തോന്നിക്കുന്ന കുട്ടികള്‍ ..
ആ കുട്ടികള്‍ക്ക് ഇംഗ്ലീഷ് കുറച്ചൊക്കെ മനസ്സിലാകും .ആ വിശ്വാസത്തിലാണ് അവരോടൊപ്പം 
ബജാറില്‍ പോകാന്‍ തയാറായത്..ഭര്‍ത്താവിന്റെ അല്ലാതെ മറ്റൊരാളിന്റെ മുഖം കാണില്ല എന്നുള്ള അവരുടെ ആചാരം
കാരണം ആ സ്ത്രീയുടെ മുഖം എനിക്ക് നന്നായി കാണാന്‍ കഴിഞ്ഞിട്ടില്ല....
സൈക്കിള്‍ റിക്ഷയില്‍ ഇരുന്നുള്ള യാത്ര എനിക്ക് ഇഷ്ടമായി ...അതില്‍ രസിച്ചിരുന്നത് കാരണം 
വന്ന വഴിയും പോകുന്ന വഴിയും അത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല..കുട്ടികളോടൊപ്പം സല്ലപിച്ചിരുന്ന
എനിക്ക് അങ്ങനെയൊരു ചിന്ത വന്നതേയില്ല...അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ ?....
ഏതോ ഒരു സ്ഥലത്ത് റിക്ഷ നിന്നു..ആ സ്ത്രീ പൈസ കൊടുത്തു അയാളെ പറഞ്ഞു വിട്ടു ...
ചുറ്റുപാടും നോക്കി ഞാന്‍ മിഴിച്ചു നിന്നു...ഇതെന്തൊരു ബജാര്‍...കണി കാണാന്‍ കൂടി ഒരു കടയില്ല..
ആളുമില്ല...വിജനമായ വഴി...ഒരു ശ്മശാന മൂകത തളം കെട്ടി നില്‍ക്കുന്ന ആ നാല്‍ക്കവലയില്‍ 
ഞങ്ങള്‍ നാല് പേര്‍ ...അറിയാതെ ഒരു ഭയം ഗ്രസിച്ചു തുടങ്ങി ...പരിചയമില്ലാത്ത സ്ഥലം 
ആരെയും കാണുന്നുമില്ല...അടഞ്ഞു  കിടക്കുന്ന കടകള്‍..അനക്കമില്ലാതെ ...പേടിപ്പെടുത്തുന്ന 
മൂകത...ഒന്നും മനസ്സിലാകാതെ  ഞങ്ങള്‍ പരസ്പരം നോക്കി
പെട്ടെന്ന് മക്കളുടെ രണ്ടു പേരുടെയും കൈപിടിച്ച് ആ സ്ത്രീ വേഗം നടന്നു...ഒന്നുമറിയാതെ ഞാന്‍ പിന്നാലെയും
എങ്ങോട്ടെന്നില്ലാതെ നടക്കുന്ന അവരുടെ കൂടെയെത്താന്‍ ഞാന്‍ പാടുപെടുകയായിരുന്നു
അവരോടെന്തു ചോദിക്കാന്‍? ..കുട്ടികളോട് ചോദിച്ചപ്പോള്‍ അവരും കൈ മലര്‍ത്തി ...
പകല്‍ പതുക്കെ മറഞ്ഞു തുടങ്ങി...ആകാശത്തിന്റെ മുഖം തുടുത്തു വരുന്നു  ...
ഭയം കൊണ്ട് എന്റെ മുഖത്തിനും മാറ്റം വന്നു തുടങ്ങി....
റോഡിന്‍റെ ഇരുവശങ്ങളിലും കൃഷിപ്പാടങ്ങള്‍ ആണ്...അവിടവിടെ ജോലി ചെയ്യുന്ന കുറെ ജോലിക്കാരെയും
കാണാം...ആരോടെങ്കിലും നമുക്ക് തിരിച്ചു പോകാനുള്ള വഴി ചോദിച്ചാലോ എന്നവരോട്
പറയണമെന്നുണ്ട് ..പക്ഷെ ഒന്നും കേള്‍ക്കാന്‍ തയാറാകാതെ തിടുക്കത്തില്‍ നടക്കുന്ന അവരെ നിര്‍വികാരയായി
പിന്തുടരാന്‍ മാത്രം കഴിയുന്ന എന്നെക്കുറിച്ച് എനിക്ക് സഹതാപം തോന്നി
എങ്ങനെ ഞാന്‍ തിരിച്ചു വീട്ടിലെത്തും?..വഴി അറിയില്ല...ഭാഷ അറിയില്ല...വഴിയില്‍ എന്തെങ്കിലും
സംഭവിച്ചാല്‍?...ഹോ ദൈവമേ ഓര്‍ക്കാന്‍ കഴിയുന്നില്ല...ഒരു കരച്ചിലിന്റെ വക്കിലെത്തി നില്‍ക്കുന്ന
എനിക്ക്..ഇവരോട് എന്നെ പറഞ്ഞയച്ച ചേട്ടനോട് ഭയങ്കര ദേഷ്യം തോന്നി...
കുറെ ദൂരം നടന്നപ്പോള്‍ വല്ലാതെ ക്ഷീണം തോന്നി...കണ്ണില്‍ ഇരുട്ട് കയറുന്നപോലെ...
അമ്മയും അപ്പനും വീടും ഒക്കെ മനസ്സിലേക്ക് ഓടിയെത്തി...എന്‍റെ ദൈവമേ ...!!!!
പെട്ടെന്ന് ഒരു ചെറുപ്പക്കാരന്‍ ഞങ്ങള്‍ക്കെതിരായി നടന്നു വരുന്നത് കണ്ടു...ദൈവം ഞങ്ങള്‍ക്കായി
പറഞ്ഞു വിട്ട  ആളാണ്‌ ഇതെന്ന് മനസ്സ് പറഞ്ഞു...ഒരു സങ്കോചവും തോന്നിയില്ല
അയാളുടെ അടുത്തേക്ക് ഓടിയെത്തി...കണ്ടാല്‍ ഒരു മലയാളി ലുക്ക്  തോന്നിയതിനാല്‍
ആദ്യം മലയാളത്തില്‍ സംസാരിച്ചു ...പക്ഷെ ഞാന്‍ പറഞ്ഞതൊന്നും അയാള്‍ക്ക് മനസ്സിലായില്ല 
എന്ന് എന്നോടുള്ള ചോദ്യം കേട്ടപ്പോള്‍ മനസ്സിലായി..."Are you a South Indian?...I can't understand
what you told me...tell me what's your problem?'
"Thank God...at last I got somebody to share my feelings...എനിക്ക് സന്തോഷമായി
അയാളോട് തുറന്നു പറഞ്ഞു..." we are residing at patel Nagar II ...we want to purchase 
something from this Tuesday Market...But..I don't know what happened...the shops are closed..
we failed to catch a rickshaw ...really we don't know how to reach our place...please help me"
"Actually I don't belongs to this place..but I will do something for you"...he told me.
"Please brother...help me..." അയാളുടെ കയ്യില്‍ പിടിച്ചു ഞാന്‍ കരഞ്ഞു പോയി ...
അയാള്‍ എന്‍റെ തോളില്‍ തട്ടി സമാധാനിപ്പിച്ചു ...ഞങ്ങളെ അവിടെ നിര്‍ത്തിയിട്ടു അകലെ പാടത്തു
പണിയെടുത്തുകൊണ്ടിരുന്ന ആളുകളുടെ അടുത്തേക്ക് പോയി എന്തൊക്കെയോ ചോദിക്കുന്നതും
അവര്‍ എന്തൊക്കെയോ ആണ്ഗ്യം കാട്ടി പറയുന്നതും ദൂരെ നിന്നു ഞങ്ങള്‍ക്ക് കാണാമായിരുന്നു
അപ്പോഴേക്കും സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞു ...ഇരുളിന്‍റെ മൂടുപടം ചൂടി സന്ധ്യ എത്തി ...
കുട്ടികളുടെ കയ്യും പിടിച്ചു നിന്നു മിസ്സിസ് സുരീന്ദ്ര എന്തൊക്കെയോ പറയുന്നുണ്ട്...
അപ്പോഴേക്കും അയാളെത്തി .അയാള്‍ പറയുകയായിരുന്നു.."ഇന്നലെ രാത്രി ഇവിടെ ഹിന്ദുക്കളും
മുസ്ലിങ്ങളും തമ്മില്‍ ലഹള നടന്നു ... അതാണ്‌ ഇന്ന് ബജാര്‍ ഇല്ലാതിരുന്നത്...ഏതായാലും 
ഇനി ഇവിടെ നില്‍ക്കേണ്ട...വഴി ഒരുവിധമൊക്കെ അവര് പറഞ്ഞു തന്നു...ബാക്കി ഇനി ആരോടെങ്കിലും
ചോദിച്ചു നോക്കാം..വരൂ ..എന്നോടൊപ്പം നടന്നോളു..." അയാള്‍ പാട  വരമ്പിലൂടെ മുന്നോട്ടു നടന്നു...
നന്നായി ഇരുട്ട് വീണു തുടങ്ങി ...പരിചയമില്ലാത്ത വഴിയും ...പേടികൊണ്ടു ഞാന്‍ അയാളുടെ കയ്യില്‍
പിടിച്ചു നടന്നു...പേടിച്ചരണ്ട എന്‍റെ മുഖത്ത് നോക്കി അയാള്‍ പുഞ്ചിരിച്ചു ...ഇരുട്ടില്‍ തെളിയുന്ന
മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം ആ പുഞ്ചിരിയില്‍ കാണാമായിരുന്നു ....
പല വഴികളും കടന്നു...പട്ടേല്‍ നഗറിന്റെ മുന്നിലെത്തിയപ്പോള്‍ കണ്ണുകളില്‍ ആശ്വാസത്തിന്‍ തിരിനാളം 
തിളങ്ങി..പുതിയതായി പണിയുന്ന ഫ്ലാറ്റ് സമുച്ചയങ്ങള്‍ ആയതിനാല്‍ അയാള്‍ക്ക്‌ ആ സ്ഥലം പരിചിത
മായിരുന്നില്ല...എങ്കിലും ഞങ്ങള്‍ക്ക് വഴികാട്ടിയായി എത്തിയ ദൈവദൂതനായിരുന്നു പേര് പോലും 
ചോദിക്കാന്‍ മറന്ന ആ നല്ല ചെറുപ്പക്കാരന്‍...
വീട്ടിലെത്തിയ എന്നോടൊപ്പം അപരിചിതനായ യുവാവിനെ  കണ്ടപ്പോള്‍ തീര്‍ച്ചയായും ചേട്ടനും 
ആങ്ങളയും പരിഭ്രമിച്ചു ...അതുവരെ അടക്കി നിറുത്തിയ വിതുമ്പല്‍ കരച്ചിലായി മാറാന്‍ അധികനേരം
വേണ്ടി വന്നില്ല...കാരണം അറിയാതെ പകച്ചു നിന്ന ചേട്ടനോട് ആ യുവാവ്‌ ..".ഒരു പരിചയവും
ഇല്ലാത്ത സ്ഥലത്ത് ആരോടെങ്കിലും ഈ കുട്ടിയെ പറഞ്ഞു വിടാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു ...
ആരുടെയോ ഭാഗ്യം അല്ലെങ്കില്‍ ഈ കുട്ടിയുടെ മനസ്സിന്റെ നേര് ..അതാണ്‌ ആ വഴിയില്‍ എന്നെ 
കാണാന്‍ സാധിച്ചത്...വെളിച്ചം പോലുമില്ലാത്ത ആ വഴിയില്‍ കയ്യില്‍ പിടിച്ചു രക്ഷിക്കണേ എന്ന് 
കരയുന്നത് കണ്ടു വഴി അറിയില്ലെങ്കിലും സഹായിക്കണമെന്ന് തോന്നി...ബാംഗ്ലൂരില്‍ മെഡിസിനു 
പഠിക്കുന്ന കൊച്ചു പെങ്ങള്‍ കയ്യില്‍ പിടിച്ചു കരയുന്നത് പോലെ പെട്ടെന്ന് എനിക്ക് തോന്നി ...അത് 
കൊണ്ടാണ് ഈ കുട്ടിയെ ഇവിടെ  സുരക്ഷിതയായി എത്തിക്കാന്‍ ഞാന്‍ കൂടെ എത്തിയത് ...."
ചേട്ടനും ആങ്ങളയ്ക്കും സന്തോഷം കൊണ്ട് എന്ത് പറയണം എന്നറിയില്ലായിരുന്നു ...ആ നല്ല 
മനസ്സിന്റെ ഉടമയെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു ചേട്ടന്‍ സന്തോഷം രേഖപ്പെടുത്തി ..മടക്ക
യാത്രയില്‍ എന്‍റെ തലയില്‍ കൈ വച്ച് അനുഗ്രഹിക്കാനും അയാള്‍ മറന്നില്ല....
പിറ്റേ ദിവസം ഞാന്‍ ആ സ്ഥലത്തോട് വിട പറഞ്ഞു ..പിന്നെ ഒരിക്കലും ഞാന്‍ അവിടേക്ക് പോയിട്ടില്ല..
പക്ഷെ ഒന്ന് രണ്ടു പ്രാവശ്യം ആ യുവാവ് ചേട്ടനെ കാണാന്‍ എത്തിയതായും എന്നെ സ്നേഹാന്വേഷണം 
അറിയിക്കണം എന്ന് പറഞ്ഞതായും അറിയാന്‍ കഴിഞ്ഞു ...അദ്ദേഹത്തെ ഇന്നും ഞാന്‍ ഓര്‍മിക്കുകയാണ്..
എവിടെയെങ്കിലും വച്ച് കാണാന്‍ കഴിഞ്ഞെങ്കില്‍?...ഒരു പ്രകാശത്തിന്‍ നാളമായി നാല് പേരെ സുരക്ഷിതമായി 
വീട്ടിലെത്തിച്ച ആ നല്ല ഇടയനെ തേടുകയാണ് എന്‍റെ കണ്ണുകള്‍ ...
ഇന്ന് വീടുകളില്‍ പോലും മഹിളകള്‍ സുരക്ഷിതര്‍ അല്ലാതിരിക്കുന്ന സമയമാണ്...രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് 
അതും ഉത്തര പ്രദേശിലെ ഒരു ഗ്രാമ പ്രദേശത്ത് ...ഒരു സന്ധ്യ സമയത്ത് ...രണ്ടു സ്ത്രീകളും രണ്ടു പെണ്‍കുട്ടികളും ..
ഇന്ന് അതോര്‍ക്കുമ്പോള്‍....ഹോ...സത്യം ... ദൈവം എത്ര വലിയവനാണ്‌...ദൈവദൂതനെ പോലെ എത്തിയ ആ
നല്ല മനുഷ്യന്‍ ...എനിക്ക് മറക്കാനാവില്ല ..ആ സന്ധ്യയും ...ആ യുവാവും ...!!!

 


Wednesday, May 2, 2012

"സന്ധ്യ തന്‍ മുഖം തുടുത്തു
സായാഹ്നം വിട ചൊല്ലി ...
സപ്തവര്‍ണങ്ങള്‍ സൂക്ഷ്മമായി 
സപ്തസ്വരമായ് സന്ധ്യ വന്ദനം ചൊല്ലി...
 
സീമന്ത രേഖയില്‍ സിന്ദൂരം തിളങ്ങി 
സുരഭിലയാമങ്ങള്‍ സ്തുതി ചൊല്ലി
സുപ്തവികാരങ്ങള്‍ നുരഞ്ഞു പൊന്തി 
സുസ്മേരവദനനായ് രാത്രിയെത്തി "