Sunday, July 1, 2012


"നിശാഗന്ധി വിരിഞ്ഞപ്പോള്‍ "

ഉറങ്ങാനായി സ്വന്തം മുറിയിലേക്ക് പോകുമ്പോള്‍ 
ആനന്ദിന്‍റെ മുറിയില്‍ വെളിച്ചം കണ്ടു.
'ഈ കുട്ടി ഇതുവരെ കിടന്നില്ലേ...രാവിലെ പോകേണ്ടതാണല്ലോ ...
എന്ത് ചെയ്യുവാണോ ആവോ...നോക്കട്ടെ...'
മുഖ പുസ്തകത്തില്‍ ലയിച്ചിരുന്ന ആനന്ദ് പിന്നിലെത്തിയ അമ്മയെ 
കണ്ടില്ല..."ഇതൊക്കെ ആരാ കുട്ട്യേ ....കൊള്ളാല്ലോ "
"ഇതൊക്കെ എന്റെ കൂട്ടുകാരാണ് ..അമ്മ ഇരിക്ക് ..ഒക്കെ ഞാന്‍
പരിചയപ്പെടുത്താം...ഓരോരുത്തരെയും പരിചയപ്പെടുത്തുമ്പോള്‍...

"ഇത്രയും കൂട്ടുകാരോ?..."കുട്ടിക്ക് ഇവരെയൊക്കെ എങ്ങനെ അറിയാം...ഒപ്പം ജോലി ചെയ്യുന്നവരാണോ?"
"അമ്മേ...ഇവരൊക്കെ എനിക്ക് പ്രിയമുള്ളവരാണ് ...ഈ മുഖപുസ്തകത്തിലൂടെ
എനിക്ക് കിട്ടിയവര്‍..."
ആനന്ദിന്‍റെ സൌഹൃതത്തെയും ഓരോ ബന്ധങ്ങളിലും അവനുള്ള വിശ്വാസത്തെയും അമ്മയ്ക്ക്
നല്ല ബോധമുള്ളത് കൊണ്ട് അമ്മയ്ക്കിഷ്ടമായി...ഓരോരുത്തരുടെ ഫോട്ടോകളും നന്നേ രസിച്ചിരുന്നു
തന്നെ കണ്ടു....
ഇന്നലെ വിരിഞ്ഞ നിശാഗന്ധിയുടെ ഫോട്ടോയും ആനന്ദ് അമ്മയെ കാണിച്ചു ...
"എത്ര രസായിരിക്കുന്നു...എന്ത് ശേലാണ് ഈ പൂവിനു  ..പാവം"
അമ്മ അര്‍ധോക്തിയില്‍ നിര്‍ത്തി ...  
നിശാഗന്ധിയെക്കുറിച്ച് അറിയാമെങ്കിലും അമ്മ എന്താണ് പറയാന്‍ ആഗ്രഹിക്കുന്നത് 
കേള്‍ക്കാന്‍ കൊതിയായി..."അതെന്താ അമ്മേ..നിശാഗന്ധി  പാവം എന്ന് പറഞ്ഞത് "
"ആനന്ദ്...രാത്രിയുടെ രാജ്ഞിയായി വിടരുകയും രാത്രിയില്‍ തന്നെ വാടിപ്പോകുകയും ചെയ്യുന്ന 
സുഗന്ധമുള്ള ഈ പൂവിനു നിശയുടെ നിശബ്ദതയില്‍ ഒതുങ്ങാനല്ലേ വിധിച്ചിട്ടുള്ളൂ...
സൂര്യ ബിംബം കണി കാണാനോ സൂര്യ കിരണങ്ങളുടെ തലോടല്‍ അനുഭവിക്കാനോ ഉള്ള 
ഭാഗ്യമുണ്ടോ?..ഇതളുകള്‍ അടയ്ക്കുവാന്‍ നിര്‍ബന്ധിതയാകുന്ന ഈ നിശാഗന്ധി
നമ്മുടെ പല മോഹങ്ങളും പോലെയാണ് ...മനസ്സില്‍ താലോലിക്കുവാനെ കഴിയു..
നിശബ്ദമായി...നിഗൂഡമായി..നിശാഗന്ധിയെ പോലെ ഒതുങ്ങാന്‍ നമ്മളും 
നിര്‍ബന്ധിതരാകും.." അമ്മയുടെ കുഴിഞ്ഞ കണ്ണുകളില്‍ നിശാഗന്ധിയുടെ ദുഃഖം 
ഘനീഭവിക്കുന്നു ...അമ്മയെ അലട്ടുന്നതെന്തോ ഓര്‍മിപ്പിച്ച പ്രതീതി....
സ്നേഹപൂര്‍വ്വം ചേര്‍ത്ത് പിടിച്ചു അമ്മയെ അമ്മയുടെ മുറിയിലേക്ക് 
കൊണ്ട് പോകുമ്പോള്‍  ആനന്ദിന് ഒരേ പ്രാര്‍ഥനയെ ഉണ്ടായിരുന്നുള്ളൂ...
നിശാഗന്ധിയുടെ ദുഃഖം അമ്മയുടെ ഉറക്കത്തിനു ഭംഗം വരുത്തരുതേ എന്ന് ...

No comments:

Post a Comment