Tuesday, November 20, 2012


വരപ്രസാദമായി കിട്ടിയ ഈ വരികള്‍ 
പങ്കു വയ്ക്കുന്നു കൂട്ടുകാര്‍ക്ക് ...

മുഖപുസ്തകത്തിലെ മുഖപ്രസാദങ്ങള്‍ 77
ഗിരിജാ ദാമോദരന്‍

"ഇരുള്‍ മൂടിയ നടപ്പാതകളില്‍
നേര്‍ത്തു തുടിപ്പാര്‍ന്ന വരപോലെ
വളഞ്ഞു കിടക്കാറുണ്ട് നിലവെട്ടത്തില്‍
നാട്ടുവഴികള്‍.
അത് പോയകാലത്തിന്റെ
ഉമ്മറത്തിണ്ണയിലെ 
നോക്കുകാഴ്ച.
ഏതു കനം മൂടിയ ജീവനും
ഒരുവരിപ്പാട്ടിന്റെ ശീലം കൊണ്ട്
വഴിമാറി നടക്കും.
പാടാനറിയുന്നവര്‍ക്ക് ശ്രുതിതാളങ്ങള്‍
താനേ
കൈവരുമ്പോലെ.
ജന്മരാശിയുടെ പിന്‍ബലമോ 
ജീവിതസൌകര്യങ്ങളുടെ
ചിട്ടവട്ടങ്ങളോ ആവില്ലല്ലോ
സിദ്ധിയുടെ ദൂരം.
സുകൃതം കൊണ്ടേ അതളക്കാനാവൂ.
ഒരു കടല്‍ മുഴവന്‍
കോരിക്കുടിക്കേണ്ടല്ലോ 
ഒരിറ്റിന്റെ ഉപ്പറിയാന്‍.
ഇവിടെ ..ഈ താളുകളില്‍
ഞാനേറെ
മടിച്ചു നിന്നിട്ടുണ്ട് ഗിരിജാ ദാമോദരനെന്ന 
അക്ഷരം പകുക്കാന്‍.
തുടിപ്പും തടിപ്പും നോക്കി
വളരും ചെടികളില്‍
ഇലതീനിപ്പുഴുക്കള്‍ പറ്റിക്കേറില്ല
എന്നൊരു
ശാസ്ത്രവാദമുണ്ട്
എനിക്ക് ന്യായം പറയാന്‍.
എന്നാല്‍ ഇളംതലപ്പുകളുടെ
കായ് ബലം നോക്കി
കാര്‍ന്നുതിന്നും... നിര്‍ദ്ദയം.
നേര്‍ത്ത ഭാവം കൊണ്ട്
നേരുചൊല്ലി നരിജന്മം നേടില്ലല്ലോ
ആരും.
അതിന് ഈടും ചൂടും വേണം.
ഏതായാലും
താനെഴുതുന്ന ചാന്തിനേ 
ലോകവര്‍ണ്ണം ചമക്കാനാവൂ എന്ന
ഊറ്റമൊന്നും ഈ ആള്‍ക്കില്ല.
എങ്കിലും എവിടെയൊക്കെയോ
ചിലത് വിട്ടുപോവുന്നുണ്ട്.
കൂട്ടിച്ചേര്‍ക്കാന്‍
മറന്നുപോകുന്നുണ്ട്.
ഒരു പക്ഷെ
ധര്‍മ്മപക്ഷത്തിന്റെ ദാനബോധം കൊണ്ട്
ഊട്ടിപ്പോന്ന ഒരു ഗതകാലം
മനോതലത്തിലങ്ങനെ
വീശിയും വിങ്ങിയും നില്‍പ്പുണ്ടാവും
ഇവളില്‍.
ഒന്നു തോന്നുന്നുണ്ടെനിക്ക് .
പോയസമയങ്ങളുടെ
ബാലനേരങ്ങളില്‍ 
കഷ്ടം കുറുക്കിയിട്ട
ഒരു തലച്ചാര്‍ത്ത് 
ഈ എഴുത്താളിനുണ്ട് .
നിലാവ് പരന്നൊഴുകുമ്പോള്‍
കരിമേഘം വിടര്‍ന്നാടുക
പതിവല്ലല്ലോ.
ഈ മുഖപ്രസാദത്തെ
അടയാളമിടട്ടെ ഞാന്‍.
ദീര്‍ഘകാലം നന്മകള്‍
നേര്‍ന്നുകൊണ്ട് ..."

Sivasankaran Karavil 

No comments:

Post a Comment