Saturday, February 25, 2012


മറക്കാനാവാത്ത ഒരു സായാഹ്നം ....!!!

ഒരു സൌഹൃദ സന്ദര്‍ശനത്തിനായി മീനുവിനെ കാണാന്‍ കൂട്ടുകാരി ഉസ്മയോടൊപ്പം 
എത്തിയതായിരുന്നു സെഹ്ഗല്‍ ബംഗ്ലാവില്‍ ...പക്ഷെ മീനു സുഖമില്ലാത്ത സഹോദരനെ 
കാണുവാനായി പോയത് കാരണം ഞങ്ങളുടെ സന്ദര്‍ശനം വിഫലമായി ..കൂട്ടുകുടുംബം 
ആയതിനാല്‍ മറ്റൊറു മരുമകള്‍ ഞങ്ങളെ സ്വീകരിച്ചിരുത്തി ...നര്‍മ സംഭാഷണം നടക്കുന്നതിനിടയില്‍ 
 അപ്രതീക്ഷിതമായ ഒരു ശബ്ദം ഞങ്ങളെ ഞെട്ടിച്ചു ..  ഞങ്ങള്‍ പരസ്പരം നോക്കി ..എന്താണ്..
എവിടുന്നാണീ ശബ്ദം?..ഞങ്ങളുടെ മുഖത്ത് ഉദിച്ച ചോദ്യം മനസ്സിലാക്കിയ വീണ ഭാഭി പറഞ്ഞു ..
"അത് ഞങ്ങളുടെ പാപ്പാജി ആണ്...ഇപ്പോഴും ഇങ്ങനെയാ...പ്രീതിയോടുള്ള ദേഷ്യം കാണിക്കയാണ്."
"പാപ്പാജിക്ക് എന്ത് പറ്റി..സുഖമില്ലേ?"
"എന്ത് പറയാനാ..ആര്‍ക്കും ഒരു സ്വസ്ഥതയും കൊടുക്കില്ല..ആരെയും സ്വതന്ത്രമായി ജീവിക്കാന്‍ 
അനുവദിക്കില്ല..ഇപ്പോള്‍ ശരീരം വഴങ്ങില്ല ..അതിനാ ഈ ഒച്ച വയ്ക്കല്‍"""... ..................................,,,വീണ പറഞ്ഞു നിര്‍ത്തി 
"ഞങ്ങള്‍ക്കൊന്നു കാണാമോ?" ഞാന്‍ ചോദിച്ചു.
"അതിനെന്താ കണ്ടോളൂ"...പാപ്പാജിയുടെ മുറിയിലേക്കുള്ള വഴി കാണിച്ചു വീണ മടങ്ങി    
ഇടുങ്ങിയ ഇടനാഴിയിലൂടെ തളം കെട്ടിയ ഇരുട്ടിലൂടെ നടക്കുമ്പോള്‍ വല്ലാത്ത ഒരു ഗന്ധം 
മനം മടുപ്പിക്കുന്ന ഗന്ധം ..അകത്തേക്ക് കയറണോ വേണ്ടയോ?..ആശങ്ക തോന്നി ..
വലിഞ്ഞടയുന്ന കതകു തുറന്നു അകത്തേക്ക് പ്രവേശിച്ചപ്പോള്‍ പ്രേത രൂപം പോലെ 
ഒരു വൃദ്ധന്‍ ..കുനിഞ്ഞു കട്ടിലിന്‍റെവക്കില്‍ പിടിച്ചു നില്‍ക്കയാണ്‌ ...തറയില്‍ വീണു കിടക്കുന്ന 
വടി എടുക്കുവാന്‍ ശ്രമിക്കയാണ് ...മുറിയില്‍  സാംബ്രാണി എരിയുന്നു..പക്ഷെ അതിന്‍റെസുഗന്ധം 
മരുന്നും എണ്ണയും  നിര്‍ജീവമാക്കുന്നു..നാല് വശവും അടച്ചിട്ട കതകുകളും ജനാലകളും ...
എനിക്ക് നന്നേ ശ്വാസം മുട്ടി ... ഈ മുറിയില്‍ താമസിക്കുന്നവര്‍ക്ക് എങ്ങനെ അസുഖം വരാതിരിക്കും ?
കാറ്റും വെയിലും കയറാത്ത ഇരുട്ടറ..അതില്‍ നിറയെ സാധനങ്ങളും ...നിധി കാക്കുന്ന ഭൂതം പോലെ ആ 
വൃദ്ധനും ...തലയണക്കരുകില്‍ ഒരു കൂട്ടം താക്കോലുകള്‍ ...ഭിത്തിയില്‍ എല്‍ ഈ ടിയില്‍ ക്രിക്കറ്റ് കളി നടക്കുന്നു 
തറയില്‍ നിന്നും വടി എടുത്തു നിവര്‍ന്ന പാപ്പാജി സൈഡ് അലമാരയില്‍ നിന്നും സ്വീറ്റ്സ് എടുത്തു ഞങ്ങള്‍ക്ക് 
തന്നു..സംസാരിക്കാന്‍ ആളിനെ കിട്ടിയ സന്തോഷം ആ വിളറിയ മുഖത്ത് അലയടിക്കുന്നുണ്ടായിരുന്നു ....അതുവരെയും 
ഇരിക്കാതിരുന്ന എന്നെ നിര്‍ബന്ധിച്ചു പിടിച്ചിരുത്തി ...പറഞ്ഞു തുടങ്ങി ..."നിങ്ങള്‍ക്കറിയുമോ ..ഭാരത്‌ പാകിസ്ഥാന്‍ വിഭജന
സമയത്ത്..ലാഹോറില്‍ നിന്നും പലായനം ചെയ്തുവന്നതാണ് ഞാന്‍.......,,,.ചാന്ദ്നീ ചൌകിലെ ഗലികളില്‍ അന്തിയുറങ്ങി ...
കൈയ്യില്‍ ഉണ്ടായിരുന്ന തുച്ചമായ പൈസ കൊടുത്തു വാങ്ങിയ ആയിരത്തി ഒരുനൂറു ഗജ് ഭൂമിയാണിത് ...ഇന്ന് ഇതിന്‍റെ
വില നാല്‍പ്പതിയഞ്ചു കോടി രൂപയാണ് ...ആലോചിച്ചു നോക്കു...ഇത്രയും രൂപ കയ്യില്‍ വച്ച് എണ്ണുന്ന നിമിഷം ...ഹോ ..ആലോചിക്കുമ്പോള്‍ 
തന്നെ രോമാഞ്ചം വരുന്നു ..." കുഴിഞ്ഞു താണ കണ്ണുകളില്‍ തെളിയുന്ന അടങ്ങാത്ത അഭിനിവേശം ...ശ്വാസം വലിക്കാന്‍ പാട് പെടുമ്പോഴും 
പൈസ എന്ന ശബ്ദത്തോടുള്ള ആര്‍ത്തി ...ആ ദേഹം വലിഞ്ഞു മുറുകുന്ന പോലെ ...എന്തൊക്കെയോ ഇനിയും നേടാനുള്ള അടങ്ങാത്ത
ദാഹം ആ കണ്ണുകളില്‍ ...ഒരു വടിയുടെ സഹായത്തിലാണ് നില്‍ക്കുന്നത്..തനിയെ വസ്ത്ര ധാരണം വരെ ബുദ്ധിമുട്ടാണ് ...എന്നിട്ടും 
വിറയ്ക്കുന്ന വിരലുകളില്‍ പൈസ എണ്ണി തിട്ടപ്പെടുത്താനുള്ള ആര്‍ത്തി നിറയുന്നു ...
ആ മനുഷ്യനെ ദിവാസ്വപ്നത്തില്‍ നിന്നും പുറത്തു കൊണ്ട് വരുവാന്‍ ഒരു ചെറിയ ശ്രമം നടത്തിയാല്‍ എന്താ എന്നൊരു ആശയം 
മനസ്സില്‍ ഉദിച്ചു ..."പാപ്പാജി...ഇതൊക്കെ വിട്ടേക്ക് ...നമുക്ക് വേറെ വല്ലതും പറയാം ...പുറത്തേക്കൊന്നു നടന്നാലോ?...എന്‍റെ കൂടെ ..."
"വരണമെന്നുണ്ട് ...പക്ഷെ ഇതൊക്കെ ഇങ്ങനെ വിട്ടിട്ടു വരാന്‍ പറ്റില്ല ...എല്ലാവരും നോക്കിയിരിക്കുകയാ...ഞാന്‍ കഷ്ടപ്പെട്ട്
ഉണ്ടാക്കിയതാ ഇതൊക്കെ..ഭാര്യ സ്വര്‍ഗസ്തയായി ...ഇനി എന്‍റെ ഊഴം കാത്തിരിക്കുകയാ എല്ലാവരും ...അത്ര പെട്ടെന്ന് ഒന്നും 
വിട്ടു കൊടുക്കില്ല ..." താക്കോല്‍ കൂട്ടത്തെ മുറുകി പിടിച്ചു കൊണ്ട് പാപ്പാജി പറയുകയാണ്‌ ...
പാപ്പാജിയോടു യാത്ര പറഞ്ഞു മുറിയില്‍ നിന്നും പുറത്തേക്കു കടക്കുമ്പോള്‍ അന്തി മയങ്ങുകയായിരുന്നു ..
ഉസ്മ പറഞ്ഞു ..വാര്‍ധക്യം എത്ര ദയനീയമാണ് അല്ലെ ചേച്ചി? ..പാവം പാപ്പാജി ...
ഈശ്വരനില്‍ എല്ലാം സമര്‍പ്പിച്ചു സ്വസ്ഥമായ വാര്‍ധക്യത്തിന്റെ സുഖം അനുഭവിക്കാന്‍ ശ്രമിക്കാതെ
ഇനിയും എന്തൊക്കെയോ കയ്യടക്കാന്‍ സ്വപ്നം കാണുന്ന തിമിരം ബാധിച്ച കണ്ണുകളില്‍ നിറയുന്ന ആര്‍ത്തിയില്‍
മരുമക്കളുടെയും ചെറു മക്കളുടെയും സ്വപ്‌നങ്ങള്‍ തകര്‍ന്നടിയുന്നു ..മരണത്തിന്‍റെ മെതിയടി ശബ്ദം അടുത്ത് വരുമ്പോഴും 
ജീവിത കാഹളത്തിന് ചെവിയോര്‍മിക്കുന്ന ആ വൃദ്ധനെ സഹതാപത്തോടെ അല്ലാതെ എങ്ങനെ നോക്കാന്‍ കഴിയും?

No comments:

Post a Comment