Wednesday, December 14, 2011

"സൗഹൃദം ...ഭാഷകള്‍ക്കതീതം.!!!".

"സൗഹൃദം ...ഭാഷകള്‍ക്കതീതം.!!!".
സ്വന്തം അനുഭവത്തിന്‍റെ ഏടുകളില്‍ നിന്നും .

ഒരു ഞായറാഴ്ച ദിവസം ...പ്രാതലിനുള്ള തയാറെടുപ്പ് നടക്കുന്നു ..
അവധി ദിനങ്ങളില്‍ ചേട്ടനും അടുക്കളയില്‍ സഹായിക്കാറുണ്ട് ..
നല്ല മഴയുള്ള ദിവസം ...ജനലിലൂടെ പുറത്തേക്കു നോക്കി സ്വയം 
മന്ത്രിച്ചു ..ഇന്നത്തെ ഔട്ടിംഗ് ക്യാന്‍സല്‍ ...
"അമ്മെ ...ജെസ്സി ആന്റിയുടെ ഫോണ്‍"...മോളുടെ വിളി ..
അറ്റന്‍ഡ് ചെയ്യാനായി പോകുമ്പോള്‍ ഓര്‍ത്തു ...എന്താവും രാവിലെ ...?
ജസ്വിന്ദര്‍ കൌര്‍ ..അടുത്ത ബ്ലോക്കില്‍ താമസിക്കുന്ന പഞ്ചാബി സ്ത്രീ യാണ് ..
എന്നെ ഡല്‍ഹിയില്‍ "ചേച്ചീ" എന്ന് മലയാളത്തില്‍ വിളിക്കുന്ന ഒരേ ഒരു സ്നേഹിത..
കുട്ടിക്കാലം കൊല്ലം ജില്ലയില്‍ ചെലവഴിച്ചത്‌ കൊണ്ടാകും അവള്‍ക്കു മലയാളം നല്ല 
വശമാണ്..കൊല്ലം മൌണ്ട് കാര്‍മല്‍ സ്കൂളില്‍ നിന്നും പത്താം ക്ലാസ് പാസ്സായതിനു 
ശേഷമാണ് അവള്‍ ഡല്‍ഹിയില്‍ സ്ഥിര താമസം ആക്കിയത് ...ഞാനും കൊല്ലത്തു നിന്നും 
ഉള്ളതാണെന്ന് അറിഞ്ഞപ്പോള്‍ ...ഞങ്ങളുടെ സൗഹൃദം വളരാന്‍ അധിക സമയം വേണ്ടി വന്നില്ല ..
എനിക്ക് പഞാബിയാണെങ്കിലും മലയാളം സംസാരിക്കാന്‍ ഒരാളെ കിട്ടിയതിന്‍റെ ചാരിതാര്‍ത്ഥ്യം 
അവളെ എന്നിലേക്ക്‌ കൂടുതല്‍ അടുപ്പിച്ചു ..ഞങ്ങളുടെ സായാഹ്നങ്ങള്‍ മനോഹരങ്ങളായിരുന്നു ..
അവള്‍ക്കു എന്നെയും എനിക്ക് അവളെയും മനസ്സിലാക്കുവാന്‍ കഴിയും ....
എന്തായിരിക്കും ..എന്നോട് അവള്‍ക്കു പറയാനുള്ളത് ?...ഓര്‍ത്തു റിസീവര്‍ എടുത്തപ്പോള്‍ കേട്ടു..
"ചേച്ചി ഞാന്‍ അങ്ങോട്ട്‌ വരുന്നു ..." ഫോണ്‍ വയ്ക്കുകയും ചെയ്തു ...
ഇതാണ് നിമിഷങ്ങള്‍ക്കകം ..ജെസ്സി എത്തുകയും ചെയ്തു ...അടുക്കളയില്‍ നിന്നിരുന്ന എന്നെ 
പിറകില്‍ നിന്നും ചേര്‍ത്ത് പിടിച്ചപ്പോള്‍ ..മുതുകത്തു മുഖം അമര്‍ത്തിയപ്പോള്‍ ..ഇന്നെന്താണ് 
ഇങ്ങനെ ഒരു ഭാവം ,,,മനസ്സില്‍ ഓര്‍ത്തു .".ജെസ്സി എന്ത് പറ്റി.." എന്ന് ചോദിച്ചു അവളെ ശരീരത്തില്‍ നിന്നും 
അടര്‍ത്തി മാറ്റിയപ്പോള്‍ ...കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന ജെസ്സിയെ കണ്ടു പരിഭ്രമിച്ചു ..
രണ്ടു കൈകള്‍ കൊണ്ടും അവളെ പിടിച്ചു ചേര്‍ത്ത് നിര്‍ത്തി ...വാത്സല്യത്തോടെ തലോടുമ്പോള്‍ ...
അവളെന്‍റെ കാതില്‍ മന്ത്രിച്ചു ..".ചേച്ചി ..എനിക്ക് ബ്രസ്റ്റ് ക്യാന്‍സര്‍ ആണ് ...ടെസ്റ്റ്‌ റിപ്പോര്‍ട്ട്‌ വന്നു ..."
പറഞ്ഞു തീരുകയും പൊട്ടിക്കരഞ്ഞു കൊണ്ട് മാറോടുചേര്‍ക്കുകയും ചെയ്തപ്പോള്‍ സ്തബ്ദയായി
നിന്നുപോയി...എന്‍റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് കൊച്ചു കുഞ്ഞിനെ പോലെ കരയുന്ന അവളെ ചേര്‍ത്ത് പിടിച്ചു 
തഴുകുമ്പോള്‍ എന്‍റെ കണ്ണുനീരില്‍ അവളുടെ വേദന അലിയുകയായിരുന്നു ...
"വീട്ടില്‍ എല്ലാവരും ഉണ്ട് ..അമ്മയും അനിയത്തിമാരും..ഭര്‍ത്താവും അച്ഛനും ചേട്ടനും കുഞ്ഞമ്മയും കുട്ടികളും ..
അവരുടെ മുന്നില്‍ വച്ച് എനിക്ക് ഒന്നും പറയാന്‍ കഴിയില്ല..എന്‍റെ വേദനയും വിഷമവും ആരോടു പറയും? 
അതാ ഞാന്‍ ചേച്ചിയുടെ അടുത്തേക്ക് ഓടി വന്നത് ...അല്ലെങ്കില്‍ എന്‍റെ ഹൃദയം പൊട്ടിപ്പോകും ചേച്ചി ..."
കരച്ചിലിനിടയില്‍ മനസ്സ് തുറക്കുകയായിരുന്നു ...പുറത്തു പെയ്യുന്ന മഴ ഞങ്ങളുടെ കണ്ണുകളിലൂടെ ഹൃദയങ്ങളിലേക്ക് 
പെയ്തിറങ്ങുകയായിരുന്നു. കരഞ്ഞു തളര്‍ന്ന ജെസ്സിയെ പിടിച്ചുയര്‍ത്തി കവിളിലും മൂര്‍ധാവിലും ഉമ്മ വയ്ക്കുമ്പോള്‍ 
സര്‍വശക്തനായ ഈശ്വരനോട് കണ്ണീരോടെ യാചിക്കുകയായിരുന്നു ..എന്‍റെ സ്നേഹിതയുടെ ജീവന് കൂട്ടായിരിക്കണമേ 
ഈശ്വരാ .." സ്നേഹത്തോടും വാല്സല്യതോടും അവളുടെ മനസ്സിനെ ശസ്ത്രക്രിയക്കു തയാറാക്കുമ്പോള്‍
ഒരേ ഒരു പ്രാര്‍ത്ഥനയായിരുന്നു ...ജീവിതത്തിന്‍റെ..ആശകളുടെ ..സ്വപ്നങ്ങളുടെ കിരണങ്ങള്‍ അവളുടെ കണ്ണുകളില്‍ 
പ്രകാശം ചൊരിയണമേ ...എന്‍റെ സ്നേഹിതയെ എനിക്ക് തിരിച്ചു തരണമേ ?"
സ്വന്തം ഹൃദയ വികാരം പങ്കു വയ്ക്കാനായി ഓടിയെത്തിയ അവളുടെ സ്നേഹവും വിശ്വാസവും ഞങ്ങളുടെ
സൌഹൃദത്തെ കൂടുതല്‍ ഈടുറ്റതാക്കി....ശസ്ത്രക്രിയക്കു ശേഷം പതുക്കെ പതുക്കെ അവള്‍ ജീവിതത്തിലേക്ക്
കടന്നു വരികയാണ് ...വിഷമ ഘട്ടത്തില്‍ ഒപ്പം നിന്നുവെന്ന വിശ്വാസത്തോടൊപ്പം സൌഹൃദത്തിനു ഹൃദയത്തിന്‍റെ
ഭാഷ മാത്രം മതി എന്ന സത്യവും ഞങ്ങളില്‍ വളരുകയാണ് ...
സൌഹൃദങ്ങള്‍ നിലനില്‍ക്കാന്‍ ...ഹൃദയത്തിന്‍റെ ഭാഷയില്‍ ...ഹൃദയപൂര്‍വം ..സഹകരിക്കു ...
ജാതിയും മതവും ഭാഷയും ഒന്നും വിലങ്ങുതടിയാവില്ല ...പരസ്പരം മനസ്സിലാക്കുന്ന മനസ്സു മാത്രം മതി ...
സൗഹൃദത്തിന്റെ സൗന്ദര്യവും മാധുര്യവും അനുഭവിച്ചു തന്നെ അറിയണം ...
നമ്മുടെ സ്നേഹവും സാമീപ്യവും ഒരാളിന്‍റെ ഹൃദയമിടുപ്പിന്റെ ആയുസ്സ് വര്ധിപ്പിക്കുമെങ്കില്‍ 
നമുക്ക് എന്ത് കൊണ്ട് അതിനു ശ്രമിച്ചു കൂടാ ...ആ സുഖം എന്തുകൊണ്ട് അനുഭവിച്ചുകൂടാ !!!!!
ദൈവം തന്ന ഏറ്റവും നല്ല സമ്മാനമല്ലേ ..."സൗഹൃദം ".!!..അത് ഹൃദയത്തോട് ചേര്‍ത്തുവയക്കൂ ..!!!

No comments:

Post a Comment